ഗേറ്റ് തുറക്കാത്തതിന് വിവാദ വ്യവസായി കാറിടിച്ച് പരിക്കേല്‍പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 


തൃശൂര്‍: (www.kvartha.com 16/02/2015) ഗേറ്റ് തുറക്കാത്തതിന് വിവാദ വ്യവസായി മുഹമ്മദ് നിസാം കാറിടിച്ച് പരിക്കേല്‍പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 1.40 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

നിസാമിന്റെ ആക്രമണത്തില്‍ വാരിയെല്ലൊടിഞ്ഞ് ദേഹമാസകലം പരിക്കേറ്റ് തൃശൂരിലെ അമല ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ചന്ദ്രബോസ് . ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ ചന്ദ്രബോസിന്റെ സ്ഥിതി അതീവ ഗുരുതരമായിരുന്നു.

ജനുവരി 29 നാണ് തന്റെ ആഡംബര വാഹനത്തിന് ഗേറ്റ് തുറന്നു കൊടുക്കാത്തതില്‍ അരിശം പൂണ്ട നിസാം സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചത്. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഗേറ്റ് തുറക്കാത്തതില്‍ അരിശം പൂണ്ട നിസാം സെക്യൂരിറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകയും കാബിനില്‍ നിന്ന് വലിച്ചിറക്കി ചന്ദ്രബോസിനെ മര്‍ദിക്കുകയുമായിരുന്നു.

മര്‍ദനം സഹിക്കാതായപ്പോള്‍  ഇറങ്ങിയോടിയ ചന്ദ്രബോസിനെ നിസാം കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചിടുകയായിരുന്നു.  പിന്നീട് ഭാര്യയെ മൊബൈല്‍ ഫോണില്‍ വിളിച്ച് മറ്റൊരു കാര്‍ വരുത്തുകയും ഈ കാറിന്റെ പിന്‍സീറ്റിലേക്ക് ചന്ദ്രബോസിനെ വലിച്ചിട്ട് സ്വന്തം ഫ്‌ളാറ്റിനു മുന്നിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വാഹനത്തില്‍നിന്ന് വലിച്ച് നിലത്തിട്ട് വീണ്ടും മര്‍ദിച്ചു. ചന്ദ്രബോസിനെ മര്‍ദിക്കുന്നതു കണ്ട് സഹപ്രവര്‍ത്തകന്‍ കിഴക്കുഞ്ചേരി ചീരക്കുഴി കല്ലിങ്കല്‍ അനൂപ് ശ്രമിച്ചപ്പോള്‍ അയാള്‍ക്കും മര്‍ദനമേറ്റു.

അക്രമത്തില്‍  ശരീരമാകെ തകര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രബോസിന്  ഇതുവരെ ആറ് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ നില വഷളായയിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിസാമിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച 2.30 മണിക്ക് തൃശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നതിനു മുമ്പാണ് ചന്ദ്രബോസിന്റെ മരണം. ഇതോടെ, നിസാമിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂര്‍ സിറ്റി പോലിസ് കമീഷണര്‍ ആര്‍. നിശാന്തിനി പറഞ്ഞു.

നിസാമിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച രാവിലെ കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത പേരാമംഗലം സി.ഐ ബിജുകുമാര്‍, നിസാം പരിക്കേല്‍പ്പിച്ച ചന്ദ്രബോസിന്റെ നില മോശമാണെന്ന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ചന്ദ്രബോസിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി ആശുപത്രിയില്‍നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഉച്ചകഴിഞ്ഞ് ആക്കിയത്.

ഗേറ്റ് തുറക്കാത്തതിന് വിവാദ വ്യവസായി കാറിടിച്ച് പരിക്കേല്‍പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു കൊക്കെയിന്‍ കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായ കിംഗ്‌സ് ഗ്രൂപ്പ് ഉടമ മുറ്റിച്ചൂര്‍ അടക്കാപ്പറമ്പില്‍ മുഹമ്മദ് നിസാം  പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വനിതാപോലീസിനെ കാറിലിട്ട് പൂട്ടിയതടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. പുകയില ഏജന്‍സിയുള്ളതിനാല്‍ ഇന്ത്യയില്‍ പലഭാഗത്തും നിസാമിന് ഓഫീസുണ്ട്. നിസാമിന്റെ കൈവശം തോക്കുണ്ടെന്ന പരാതിയെ തുടര്‍ന്ന്  കഴിഞ്ഞദിവസം പോലീസ് ഇയാളുടെ വീടും തറവാടും ഓഫീസും റെയ്ഡ് ചെയ്തിരുന്നു.

ചന്ദ്രബോസിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞദിവസം 25,000 രൂപ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ നിസാം പലപ്പോഴും ഉന്നതങ്ങളിലുള്ള ബന്ധത്തിന്റെ പേരില്‍ രക്ഷപ്പെടുകയായിരുന്നു. ഏറ്റവുമൊടുവിലായി  ഇയാള്‍ക്കെതിരായ മൂന്നു കേസുകള്‍ കഴിഞ്ഞദിവസം ഹൈകോടതി റദ്ദാക്കിയതാണ്. കോടതിക്കു പുറത്ത് ഒത്തുതീര്‍ത്തുവെന്ന കാരണത്താലായിരുന്നു അത്. നിസാമിനു വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വക്കെറ്റ് ജനറലിന്റെ മകനായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വാന്‍ തടഞ്ഞു നിര്‍ത്തി അക്രമം: മൂന്നു പേര്‍ ആശുപത്രിയില്‍
Keywords:  Security employee injured by industrialist dies, Thrissur, Controversy, Hospital, Treatment, High Court of Kerala, Police, Mobil Phone, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia