Booked | കുഞ്ഞിമംഗലത്തെ സീന ജീവനൊടുക്കിയെന്ന സംഭവം; മുന്‍ സൊസൈറ്റി പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പൊലീസ് കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) കുഞ്ഞിമംഗലത്തെ കെവി സീനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ സഹകരണ സൊസൈറ്റി കെട്ടിടത്തില്‍ വനിതാ ജീവനക്കാരി ജീവനൊടുക്കിയെന്ന സംഭവത്തില്‍ മുന്‍ സൊസൈറ്റി പ്രസിഡന്റിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു.

പൊലീസ് അറസ്റ്റു ചെയ്തു പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചു മുന്‍കൂര്‍ ജാമ്യംതേടി ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി പരിയാരം പൊലീസ് കേസെടുത്തത്. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രികള്‍ചര്‍ വെല്‍ഫേര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റും നിലവില്‍ ഡയറക്ടറുമായ ടിവി രമേശന്റെ(58) പേരിലാണ് കേസെടുത്തത്.

രമേശന്‍ സീനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേര്‍ത്ത് കോടതിയില്‍ റിപോര്‍ട് നല്‍കിയത്.

ഇക്കഴിഞ്ഞ ജൂലായ്-31 ന് രാവിലെ 11.30 ന് കൊവ്വപ്പുറത്തെ സൊസൈറ്റി ഓഫീസിന്റെ താഴത്തെ മുറിയിലാണ് സീനയെ തൂങ്ങിയ നിലയില്‍ കണ്ടത്. ചായവയ്ക്കാനായി താഴത്തെ നിലയിലേക്ക് പോയതായിരുന്നു ഇവര്‍. സീന വരുന്നതു കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ അതീവ ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണം സംഭവിച്ചു. ദേഹത്ത് വസ്ത്രത്തിനിടയിലും മുറിയിലെ മേശയില്‍ ഒട്ടിച്ചുവെച്ചതുമായ ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സീനയുടെ ബന്ധുക്കളേയും സഹപ്രവര്‍ത്തകരെയും വിശദമായി ചോദ്യം ചെയ്തിരുന്നു.

Booked | കുഞ്ഞിമംഗലത്തെ സീന ജീവനൊടുക്കിയെന്ന സംഭവം; മുന്‍ സൊസൈറ്റി പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പൊലീസ് കേസെടുത്തു

രമേശനാണ് തന്റെ മരണത്തിന് കാരണമെന്നും അയാളെ വിടരുതെന്നും സീനയുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിവെച്ചിരുന്നു. നിസാര കാര്യങ്ങളുടെ പേരില്‍ രമേശന്‍ സീനയെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായും ഇത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്നവിവരം. ഇതോടെയാണ് രമേശന്‍ പ്രതിപ്പട്ടികയിലേക്ക് വരുന്നത്.

Keywords:  Seena's death; Police registered case against former president of society, Kannur, News, Seena's Death, Police, Investigation, Case, Hanged, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia