Award | മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം രാഘവന്‍ കടന്നപ്പള്ളിക്ക് 
 

 
Senior Journalist Raghavan Kadannappally Honored with Prestigious Award
Senior Journalist Raghavan Kadannappally Honored with Prestigious Award

Photo: Arranged

രാഘവന്‍ മാസ്റ്ററുടെ പത്താം ചരമവാര്‍ഷിക ദിനമായ സപ്തംബര്‍ ഏഴിന് അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ വെച്ച് ടിഐ മധുസൂദനന്‍ എം.എല്‍.എ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും
 

കണ്ണൂര്‍: (KVARTHA) മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരത്തിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പയ്യന്നൂരിലെ മാധ്യമം ലേഖകനുമായ രാഘവന്‍ കടന്നപ്പള്ളി അര്‍ഹനായി. മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, അധ്യാപക നേതാവ്, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മൂന്നരപ്പതിറ്റാണ്ട് കാലം പയ്യന്നൂരിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ രാഘവന്‍ മാസ്റ്ററുടെ പേരില്‍ പുരസ്‌കാര സമിതി പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് രാഘവന്‍ കടന്നപ്പള്ളി അര്‍ഹനായത്. 

പത്തായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്. രാഘവന്‍ മാസ്റ്ററുടെ പത്താം ചരമവാര്‍ഷിക ദിനമായ സപ്തംബര്‍ ഏഴിന് രാഘവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാര സമിതിയുടെ ആഭിമുഖ്യത്തില്‍ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ വെച്ച് ടിഐ മധുസൂദനന്‍ എം.എല്‍.എ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. 

വി.എം. ദാമോദരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രന്‍ രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഫോക് ലാന്റ് ചെയര്‍മാന്‍ അഡ്വ.വി ജയരാജന്‍, നഗരസഭാ കൗണ്‍സിലര്‍ എ രൂപേഷ്, പയ്യന്നൂര്‍ പ്രസ് ഫോറം സെക്രട്ടറി കെ പവിത്രന്‍, പി ഹരിശങ്കര്‍, മാതൃഭൂമി ലേഖകന്‍ പി സുധീഷ് എന്നിവര്‍ ആശംസകള്‍ നേരും. യു രാജേഷ് സ്വാഗതവും പുരസ്‌കാര സമിതി ചെയര്‍മാന്‍ എ.കെ.പി നാരായണന്‍ നന്ദിയും പറയും.

പുരസ്‌കാര ജേതാവായ രാഘവന്‍ കടന്നപ്പള്ളി കാല്‍ നൂറ്റാണ്ടിലധികമായി മാധ്യമ രംഗത്ത് സജീവമാണ്. 1997 മുതല്‍ മാധ്യമം പയ്യന്നൂര്‍ ലേഖകനാണ്. കുന്നംകുളം പ്രസ് ക്ലബ്ബ് സംസ്ഥാനത്തെ പ്രാദേശിക ലേഖകര്‍ക്ക് നല്‍കുന്ന സംസ്ഥാനതല അവാര്‍ഡ്, കെ.കെ.രാജീവന്‍ സ്മാരക സംസ്ഥാന അവാര്‍ഡ്, ഗള്‍ഫ് റിട്ടേണിസ് ഫോറം ജില്ലാതല അവാര്‍ഡ്, സമഗ്ര സംഭാവനകള്‍ക്കുള്ള പയ്യന്നൂര്‍ ജേസീസിന്റെ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ലേഖന സമാഹാരങ്ങളായ ഇങ്ങനെയും, ഭക്തിയുടെ സംസ്‌കാരം എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്.

#KeralaNews #Journalism #Award #Payyannur #Media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia