Controversy | കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെ കെ ലതിക ഷെയര്‍ ചെയ്തത് തെറ്റ് തന്നെ; പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും കെകെ ശൈലജ
കണ്ണൂര്‍: (KVARTHA) കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിഷയത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രിയും വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായിരുന്ന കെകെ ശൈലജ എം എല്‍ എ. സിപിഎം നേതാവ് കെകെ ലതിക കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ കെകെ ശൈലജ സ്‌ക്രീന്‍ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു ലതികയുടെ മറുപടി എന്നും വ്യക്തമാക്കി. കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണമെന്നും ശൈലജ പറഞ്ഞു.
യഥാര്‍ഥ ഇടതു ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ലെന്ന് പറഞ്ഞ ശൈലജ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. കാഫിര്‍ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. കാന്തപുരത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡില്‍ വന്ന പ്രചാരണവും അന്വേഷിക്കണം എന്നും കെകെ ശൈലജ പറഞ്ഞു.
കാഫിര്‍ പ്രചാരണം സിപിഎമ്മിന്റെ ഭീകര പ്രവര്‍ത്തനമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന്, അങ്ങനെയെങ്കില്‍ കാന്തപുരത്തിന്റെ വ്യാജ ലെറ്റര്‍ ഹെഡ് ഇറക്കിയതും ഭീകര പ്രവര്‍ത്തനമാണെന്നായിരുന്നു ശൈലജയുടെ മറുപടി.
#KeralaPolitics #CPM #IndiaPolitics #SocialMediaControversy #Shailaja #Lathika