Greeshma arrested | ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ഗ്രീഷ്മ അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com) പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ഗ്രീഷ്മ (22) അറസ്റ്റില്‍. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് മജിസ്ട്രറ്റിന്റെ സാന്നിധ്യത്തില്‍ പൊലീസ് തിരുവനന്തപുരം മെഡികല്‍ കോളജില്‍വച്ചാണ രേഖപ്പെടുത്തിയത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് സൂചന നല്‍കി.

നിലവില്‍ ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഓരോരുത്തരേയും വേറെ വേറെ ചോദ്യം ചെയ്യുകയായിരുന്നു.കഴിഞ്ഞദിവസം ഗ്രീഷ്മയ്‌ക്കൊപ്പം തന്നെയാണ് ഇവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മ രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. ദേഹാസ്വാസ്ഥ്യവും ഛര്‍ദിയുമുണ്ടായതിനെ തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപതിയില്‍ പ്രവേശിപ്പിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് റൂറല്‍ എസ്പി ഡി ശില്‍പ അറിയിച്ചു.

കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിയ ഗ്രീഷ്മ, അത് മറച്ചുപിടിക്കാന്‍ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടുകൊട്ടാരം പൊലീസ് പൊളിച്ചത് അനായാസത്തിലാണ്. കഷായം കുറിച്ച് നല്‍കിയെന്ന് പറയപ്പെട്ട ആയുര്‍വേദ ഡോക്ടറുടെയും ഓടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാന്‍ പൊലീസിന് ഏറ്റവും സഹായകരമായത്. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.

കഷായം കുറിച്ചുനല്‍കിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ട ആയുര്‍വേദ ഡോക്ടര്‍ അരുണ്‍ അത് തള്ളിക്കളയുകയായിരുന്നു. ഷാരോണിന് നല്‍കിയ അതേ ജ്യൂസ് കുടിച്ച അമ്മയ്‌ക്കൊപ്പം വന്ന ഓടോഡ്രൈവര്‍ക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് ഡ്രൈവര്‍ പ്രദീപ് മൊഴി നല്‍കിയത്. ഷാരോണ്‍ ആശുപത്രിയില്‍ കഴിയവേ കഷായത്തിന്റെ പേര് വെളിപ്പെടുത്താതെ ഷാരോണിന്റെ കുടുംബത്തെ ഗ്രീഷ്മ വട്ടംകറക്കുകയായിരുന്നു.

നെയ്യൂരിലെ സ്വകാര്യ കോളജില്‍ ബിഎസ്സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഷാരോണ്‍ രാജ് ഒരു ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരും ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് ഷാരോണ്‍ രാജിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. 

Greeshma arrested | ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ഗ്രീഷ്മ അറസ്റ്റില്‍

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Keywords: Sharon murder case; Accused Greeshma arrested, Thiruvananthapuram, News, Arrested, Murder case, Accused, Trending, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia