ഷീടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനസജ്ജം; ജില്ലാ കളക്ടറുടെ പത്രക്കുറിപ്പ് വാസ്തവ വിരുദ്ധം: വനിതാ വികസന കോര്‍പറേഷന്‍

 


തിരുവനന്തപുരം: (www.kvartha.com 17.11.2014) സ്ത്രീസൗഹൃദ ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ കലക്ടര്‍ കുറ്റപ്പെടുത്തുകയും അത് വാര്‍ത്തയാവുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും ഡയറക്ടര്‍ ബോര്‍ഡും ജീവനക്കാരും സംയുക്ത വിശദീകരണം നല്‍കുന്നു. തലസ്ഥാന നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വനിതാ വികസന കോര്‍പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകളെല്ലാം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണ്.

മറിച്ചുള്ള പ്രചരണങ്ങളില്‍ കഴമ്പില്ല. കോര്‍പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന ഷീടോയ്‌ലറ്റുകള്‍ ഒന്നുംതന്നെ ഉപയോഗശൂന്യമായ നിലയിലല്ല. തിരുവനന്തപുരം നഗരത്തില്‍ വനിതാ വികസന കോര്‍പറേഷന്‍ സ്ഥാപിച്ച ഷീടോയ്‌ലറ്റുകളില്‍ ഏറിയ പങ്കും ഉപയോഗ ക്ഷമമല്ലെന്ന തരത്തില്‍ വന്ന വാര്‍ത്ത വിശദമായ പരിശോധന നടത്താതെയാണെന്ന് മാത്രമല്ല, വാസ്തവ വിരുദ്ധവുമാണ്.

നിലവിലുള്ള പൊതു ടോയ്‌ലറ്റുകള്‍ വൃത്തിയും വെടിപ്പും ഇല്ലാതിരിക്കുകയും തുടര്‍ പരിപാലനത്തിനായി ഭീമമായ തുക ആവശ്യമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സ്വയം വൃത്തിയാക്കുന്ന, പ്രത്യേക ഓപ്പറേറ്റര്‍മാരുടെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന വനിതാ സൗഹൃദ ടോയ്‌ലറ്റുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫഌഗ്ഷിപ്പ് പദ്ധതിയായി ഷീടോയ്‌ലറ്റുകള്‍ എന്ന പേരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് 23 എണ്ണം വനിതാ വികസന കോര്‍പറേഷന്‍ സ്ഥാപിച്ചത്. ഇവയെല്ലാം തന്നെ തിരുവനന്തപുരം കോര്‍പറേഷന്റെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടേയും അനുമതിയോടു കൂടിയാണ്  സ്ഥാപിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി  രാജ്യത്തു തന്നെ ആദ്യത്തെ സ്ത്രീസൗഹൃദ ടോയ്‌ലറ്റ് സംരംഭമാണ്.

മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപമുള്ള ഷീടോയ്‌ലറ്റ് ജില്ലാ കളക്ടര്‍ നേരിട്ട് പരിശോധിക്കുകയും നാണയം ഉപയോഗിച്ച് തുറക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും തുറക്കാനായില്ലെന്ന് മാധ്യമങ്ങളിലൂടെ മാത്രമാണ് ആദ്യം അറിയാന്‍ കഴിഞ്ഞത്. ഇതാകട്ടെ, കഴിഞ്ഞ ദിവസം നടന്ന കാര്യമല്ല, മറിച്ച് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു കളക്ടറുടെ പരിശോധന എന്നും അറിയാന്‍ കഴിഞ്ഞു. അന്ന് അങ്ങനെ സംഭവിച്ചത് തികച്ചും യാദൃശ്ചികമായിരിക്കാം. എന്നാല്‍ അത് സ്ഥിരമായുള്ള തകരാറല്ല.

ഇലക്‌ട്രോണിക് ടോയ്‌ലറ്റാണ് സ്ഥാപിച്ചിരിക്കുന്നത് എന്നതുകൊണ്ട് സാങ്കേതിക തകരാറുകള്‍ അപ്രതീക്ഷിതമായി ഉണ്ടാകാം എന്ന് പദ്ധതിയുടെ പരിപാലന ചുമതലയുള്ള ഏജന്‍സി അറിയിച്ചിട്ടുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനും പരിഹരിക്കാനും വനിതാ വികസന കോര്‍പറേഷന്‍ ഒരു ഫീല്‍ഡ് ഓഫീസറെ നിയമിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയെ കുറിച്ചോ, അവര്‍ക്ക് ലഭിച്ച പരാതികളെക്കുറിച്ചോ ഉള്ള യാതൊരുവിധ വിവരവും ഇതുവരെ സാമൂഹ്യനീതി വകുപ്പിനോ  വനിതാ വികസന കോര്‍പറേഷനോ ലഭിച്ചിട്ടില്ല.

വനിതാ വികസന കോര്‍പറേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഷീടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. തുടക്കം മുതല്‍ തന്നെ മാധ്യമങ്ങളും പൊതുജനങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ പല പോരായ്മകളും ചൂണ്ടിക്കാണിക്കുകയും പല നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അവയെല്ലാം പരിഹരിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിരന്തര പരിഷ്‌ക്കരണം നടത്തിയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാല്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച് പരിപാലിക്കുന്നതിന്റെ സാമൂഹ്യസേവനപരമായ വശം കാണാതെ വിമര്‍ശിക്കുന്നത് ഖേദകരമാണ്.

ഷീടോയ്‌ലറ്റുകളില്‍ ഏതിനെങ്കിലും സ്ഥിരമായ തകരാറുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ഷീടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു എന്നതും ശരിയല്ല. തുടക്കത്തില്‍ ഉപയോഗം നാമമാത്രമായിരുന്നുവെങ്കിലും ജില്ലാ കളക്ടര്‍ പരിശോധിച്ച് പണം നഷ്ടപ്പെട്ടു എന്നു പറയുന്ന തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന് അടുത്തുള്ള കനകനഗറിലെ ഷീടോയ്‌ലറ്റ് സൗകര്യം കഴിഞ്ഞ മാസം ആയിരത്തിനടുത്ത് സ്ത്രീകളാണ്  ഉപയോഗപ്പെടുത്തിയത്. ഇതുതന്നെ ഈ പദ്ധതിയെ സ്ത്രീജനങ്ങള്‍ അംഗീകരിച്ചു എന്നതിന് തെളിവാണ്.

തലസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ചെന്നെത്താവുന്നതും എന്നാല്‍ സ്വകാര്യതയുള്ളതുമായ പൊതു സ്ഥലങ്ങളിലാണ് ഭൂരിഭാഗം ഷീടോയ്‌ലറ്റുകളും സ്ഥാപിച്ചിരിക്കുന്നത്. മാത്രമല്ല പൊതു സമൂഹത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ചില യൂണിറ്റുകള്‍ കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളിലേയ്ക്ക് മാറ്റിയതിന് ശേഷം ഉപയോഗം കൂടിയിട്ടുമുണ്ട്. അപൂര്‍വം ചില സ്ഥലങ്ങളില്‍ ഷീടോയ്‌ലറ്റുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലെ പാര്‍ക്കിംഗ് ഒഴിവാക്കി സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കണമെന്നു നിരവധി തവണ മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് രേഖാമൂലവും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഷീടോയ്‌ലറ്റുകള്‍ക്ക് മുന്നിലെ അനധികൃത പാര്‍ക്കിംഗുകള്‍ ഉള്‍പ്പെടെ ഒഴിവാക്കി ക്രിയാത്മകമായ പല ഇടപെടലുകളും ജില്ലാ ഭരണകൂടത്തിന് എടുക്കാവുന്നതാണെന്നിരിക്കെ സാമൂഹ്യനീതി വകുപ്പ് സ്ത്രീകള്‍ക്ക് മാത്രമായി നടപ്പിലാക്കുന്ന ഈ പദ്ധതിയെ പാടെ ഇല്ലാതാക്കും എന്ന തരത്തിലുള്ള സമീപനം സദുദ്ദേശപരമാണോ എന്ന്  വനിതാ വികസന കോര്‍പറേഷന്‍ സംശയിക്കുന്നു. എന്നാല്‍ ഈ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനും സാമൂഹ്യനീതി വകുപ്പുമായി ആലോചിച്ച് ഇക്കാര്യത്തില്‍ എല്ലാവിധ സഹകരണവും ജില്ലാ ഭരണകൂടത്തിന് നല്‍കുന്നതിനും വനിതാ വികസന കോര്‍പ്പറേഷന്‍ സന്നദ്ധമാണെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
ഷീടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനസജ്ജം; ജില്ലാ കളക്ടറുടെ പത്രക്കുറിപ്പ് വാസ്തവ വിരുദ്ധം: വനിതാ വികസന കോര്‍പറേഷന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോടിനെ ജൈവ കൃഷി ജില്ലയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി
Keywords:  Thiruvananthapuram, Women, District Collector, Vehicles, Police Station, Officer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia