ഇല്ലായ്മകളോട് പടവെട്ടി വിജയക്കൊടി പാറിച്ച് ഷില്‍ഡയും ഷില്‍ബിയും

 


ഇല്ലായ്മകളോട് പടവെട്ടി വിജയക്കൊടി പാറിച്ച് ഷില്‍ഡയും ഷില്‍ബിയും
മുഹമ്മ: ഇല്ലായ്മകളോട് പടവെട്ടി വിജയക്കൊടി പാറിച്ച് ഷില്‍ഡയും ഷില്‍ബിയും. സംസ്ഥാന സ്‌ക്കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ നൂറുമീറ്റര്‍ ഓട്ടത്തില്‍ ഷില്‍ഡാ പുരുഷോത്തമന്‍ സ്വര്‍ണത്തില്‍ മുത്തമിട്ടത് ഷില്‍ഡയുടെ സ്വന്തം നാടായ മുഹമ്മയ്ക്ക് അഭിമാനമായി. ഈ മത്സരത്തില്‍ സഹോദരി ഷില്‍ബിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വാര്‍ത്തയറിഞ്ഞ് ഷില്‍ഡയുടെ വീട്ടിലേയ്ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.

ഇല്ലായ്മകളോട് പടവെട്ടിയാണ് ഷീല്‍ഡയും ഷില്‍ബിയും ഓട്ടത്തില്‍ വെന്നിക്കൊടി പാറിച്ചത്. കായികലോകത്തിന് അഭിമാനമായി മാറിയ ഈ സുവര്‍ണതാരങ്ങള്‍ ഇന്ന് സാമ്പത്തിക വിഷമതകളാല്‍ ബുദ്ധിമുട്ടുകയാണ്. മത്സ്യതൊഴിലാളിയായ ഇവരുടെ പിതാവ് പുരുഷോത്തമന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ഇവര്‍ കായികലോകത്ത് മുന്നേറിയത്. പുരുഷോത്തമന്‍ ഇപ്പോള്‍ കരള്‍രോഗബാധിതനാണ്. അദ്ദേഹം ജോലിക്ക് പോകാതായിട്ട് മാസങ്ങളായി. മാതാവ് വിശാലിനി മത്സ്യം കൊണ്ട് നടന്നു വിറ്റ് കിട്ടുന്ന കാശുകൊണ്ടാണ് ഇപ്പോള്‍ വീട് പുലരുന്നത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച രണ്ട് ലക്ഷവും മത്സ്യഫെഡില്‍ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപയും മുടക്കി നിര്‍മ്മിക്കുന്ന വീടിന്റെ പണി പൂര്‍ത്തിയാക്കാന്‍ ഇനിയും പണം ആവശ്യമാണ്.

പണിതീരാത്ത വീട്ടില്‍ ടിപ്പോയ്ക്ക് മുകളിലാണ് കുട്ടികളുടെ മെഡലുകള്‍ സൂക്ഷിച്ചിട്ടുള്ളത്. പുരുഷോത്തമന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനൊപ്പം മക്കളുടെ കായികമോഹങ്ങള്‍ക്ക് നിറമേകാന്‍ സാധിക്കില്ലെന്നാണ് ഷില്‍ഡയുടെയും, ഷില്‍ബിയുടെയും മാതാവ് വിശാലിനി പറയുന്നത്.


Keywords: Shilby, Shilda, Vishalini, Sister, House, Muhamma, Father, Kerala Vartha, Malayalam Vartha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia