ഷുക്കൂര്‍ വധം: പി. ജയരാജന്റെ മൊഴിയെടുത്തു; വീണ്ടും ചോദ്യം ചെയ്യും

 


ഷുക്കൂര്‍ വധം: പി. ജയരാജന്റെ മൊഴിയെടുത്തു; വീണ്ടും ചോദ്യം ചെയ്യും
കണ്ണൂര്‍: മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് അരിയിലെ ഷുക്കൂറിനെ(26) ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ പോലീസ് ചോദ്യം ചെയ്ത് മൊഴിയെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രണ്ടരമണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

എസ്.പി രാഹുല്‍ ആര്‍. നായരുടെയും, ഡിവൈഎസ്പി പി. സുകുമാരന്റെയും നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സി.ഐ.യു പ്രേമന്‍, ടൗണ്‍ എസ്.ഐ പ്രേംസദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചോദ്യം ചെയ്ത് മൊഴിയെടുത്തത്. ചോദ്യം ചെയ്യുമ്പോള്‍ ജയരാജനോടൊപ്പം എത്തിയ അഭിഭാഷകനെ പോലീസ് കൂടെ നില്‍ക്കാന്‍ അനുവദിച്ചില്ല. രാവിലെ 9.30 മണി മുതല്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസും പരിസരവും പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ഇരട്ടി സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ പോലീസും ദ്രുതകര്‍മ്മസേനയും നിലയുറപ്പിച്ചിരുന്നു. എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌കോര്‍ഡിലെ അംഗങ്ങളായ സി.ഐ അബ്ദുല്‍ റഹീം, എസ്.ഐ ആസാദ് എന്നിവരാണ് ചോദ്യം ചെയ്യല്‍ നടന്ന സി ബ്ലോക്കിലെ ഒമ്പതാംനമ്പര്‍ മുറി സജ്ജമാക്കിയത്.

11 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ പി. ജയരാജിനെ ഗസ്റ്റ് ഹൗസില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ പൊതിഞ്ഞു. നിയമവിധേയമായ അന്വേഷണത്തോട് സഹകരിക്കുമെന്നും അല്ലാത്ത കാര്യങ്ങളെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സമിതി അംഗം കെ.പി സഹദേവന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം എം. സുരേന്ദ്രന്‍, അഭിഭാഷകനായ ബി.പി ശശീന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് ജയരാജനെത്തിയത്. മാധ്യമപ്രവര്‍ത്തകരേയും ഫോട്ടോഗ്രാഫര്‍മാരേയും പോലീസ് മുറിക്ക് പുറത്താക്കിയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ചോദ്യം ചെയ്യലിനിടെ രണ്ട് തവണപുറത്തിറങ്ങിയ എസ്.പി വരാന്തയില്‍വെച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജയരാജനെ ചോദ്യം ചെയ്യലില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി എസ്.പി പറഞ്ഞു. ജയരാജനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എസ്.പി അറിയിച്ചു.


Keywords:  Kannur, Murder case, P. Jayarajan, Kerala, statement 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia