മുഖ്യമന്ത്രിയുടെ വേദിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ള ആളിനെ ആദ്യം തടഞ്ഞു, പിന്നീട് ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍നിന്നു രക്ഷിച്ചു; എസ് ഐ കിരണ്‍ ശ്യാമിന് കയ്യടി; സേനയിലെത്തിയത് ഏറെ ബുദ്ധിമുട്ടുകള്‍ മറികടന്ന്

 


തിരുവനന്തപുരം:  (www.kvartha.com 11.02.2022) മുഖ്യമന്ത്രിയുടെ വേദിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ള ആളിനെ ആദ്യം തടയുകയും പിന്നീട് ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍നിന്നു രക്ഷിക്കുകയും ചെയ്ത എസ്‌ഐ കിരണ്‍ ശ്യാമിന് കയ്യടി. കിരണ്‍ ശ്യാം സേനയിലെത്തിയത് ഏറെ ബുദ്ധിമുട്ടുകള്‍ മറികടന്നാണ്. കാട്ടാക്കട പൂവച്ചല്‍ സ്‌കൂളില്‍ സര്‍കാരിന്റെ നൂറുദിന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് കിരണ്‍ ശ്യാം 'ഇരട്ട റോളില്‍' തിളങ്ങിയത്.

മുഖ്യമന്ത്രിയുടെ വേദിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ള ആളിനെ ആദ്യം തടഞ്ഞു, പിന്നീട് ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍നിന്നു രക്ഷിച്ചു; എസ് ഐ കിരണ്‍ ശ്യാമിന് കയ്യടി; സേനയിലെത്തിയത് ഏറെ ബുദ്ധിമുട്ടുകള്‍ മറികടന്ന്

മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ പ്രതിഷേധിച്ച മധ്യവയസ്‌കനായ ആളിനു നേരേ സ്‌കൂള്‍ അങ്കണത്തിലുണ്ടായിരുന്നവര്‍ പാഞ്ഞടുത്തതോടെയാണ് കിരണ്‍ ശ്യാം അയാളുടെ ദേഹത്തു വീണു കിടന്ന് മര്‍ദനത്തില്‍നിന്നു രക്ഷിച്ചത്. ഇതിന്റെ വാര്‍ത്തയും ചിത്രവും വൈറലായതോടെ ശ്യാമിന് അഭിനന്ദന പ്രവാഹമാണ്. നെയ്യാര്‍ഡാം ദൈവപ്പുര സ്വദേശിയാണ് കിരണ്‍ ശ്യാം.

ഡിഗ്രി വിദ്യാര്‍ഥിയായിരുന്നപ്പോള്‍ കിരണിന്റെ പഠനം കുറേനാള്‍ നിലച്ചിരുന്നു. പിന്നീട്, പഠനം പൂര്‍ത്തിയാക്കിയശേഷം കൂലിപ്പണിക്കുപോയി. ടൈല്‍, പ്ലമിങ് പണികളാണ് ചെയ്തിരുന്നത്. കല്യാണത്തിനു ശേഷമാണ് പിഎസ്സി ജോലിക്കായി പഠനം തുടങ്ങിയത്. പുസ്തകം വാങ്ങാനുള്ള പണമുണ്ടെങ്കില്‍ പഠിച്ച് പിഎസ്‌സി ജോലി നേടാമെന്ന് കിരണ്‍ പറയുന്നു. പഠിക്കാനുള്ള മനസ്സുണ്ടായാല്‍ മതി. പിഎസ്സി പരീക്ഷ എഴുതാനുള്ള പ്രായപരിധി അവസാനിക്കുന്ന ഘട്ടത്തിലാണ് കിരണിനു ജോലി ലഭിച്ചത്. 2019 ല്‍ സര്‍വീസില്‍ കയറി. കൈക്കൂലി വാങ്ങില്ല, സ്ത്രീകളോട് മോശമായി പെരുമാറില്ല എത്ര പ്രയാസമുണ്ടായാലും ഈ നിലപാട് പിന്തുടരുമെന്ന് കിരണ്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന സ്റ്റേജിനു മുന്നിലായിരുന്നു കിരണും ആറു പൊലീസുകാരും ഡ്യൂടി നോക്കിയിരുന്നത്. ഇതിനിടെ നന്നായി വസ്ത്രം ധരിച്ച ഒരാള്‍ ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞ് ബഹളം വച്ച് സ്റ്റേജിനടുത്തേക്കെത്തിയപ്പോള്‍ ബലംപ്രയോഗിച്ചു മാറ്റി. ഇതിനിടെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പ്രശ്‌നം ഉണ്ടായെന്നു കരുതി ജനം ക്ഷുഭിതരായി.

'ബഹളം ഉണ്ടാക്കിയ ആളിനു തടിയുള്ളതിനാല്‍ അവിടെനിന്നു പെട്ടെന്നു മാറ്റാന്‍ കഴിഞ്ഞില്ല. ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തമായപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുകളിലേക്കു കിടന്നത്. ഡ്യൂടിയാണ് ചെയ്തത്, അതു ചെയ്യേണ്ടത് കടമയാണ്. അപ്പോള്‍ സ്വന്തം ശരീരമല്ല നോക്കേണ്ടത്. ആരായാലും അങ്ങനെ തന്നെ ചെയ്യണം. രക്ഷിച്ചയാളിനെ ആദ്യമായാണ് കാണുന്നത്. അദ്ദേഹത്തെ പിന്നീടു കാട്ടാക്കട സ്റ്റേഷനിലേക്കു മാറ്റിയതിനാല്‍ കാണാന്‍ കഴിഞ്ഞില്ല.' കിരണ്‍ ശ്യാം പറയുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍, ഒരു കുറ്റവാളിയാണെങ്കില്‍ പോലും ഇതേ രീതിയില്‍ സംരക്ഷിക്കണമെന്നാണ് കിരണിന്റെ നിലപാട്. പൊലീസായാലും മറ്റാരായാലും ഇങ്ങനെ തന്നെ ചെയ്യണം. ജനങ്ങളെ സംരക്ഷിക്കണമെന്ന തോന്നലുണ്ടായാല്‍ മാത്രമേ പൊലീസെന്ന രീതിയില്‍ സംരക്ഷകനാകാന്‍ കഴിയൂ. എല്ലാ പൊലീസുകാര്‍ക്കും ഇത് പ്രചോദനമാകട്ടെയെന്നും അങ്ങനെ പൊലീസ് സേനയുടെ യശസ്സ് ഉയരട്ടെയെന്നും കിരണ്‍ ശ്യാം പറയുന്നു.

Keywords:   SI Kiran Shyam talking about his police life, Thiruvananthapuram, News, Trending, Police, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia