സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന കെപിസിസി പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍! സംഭവവുമായി ബന്ധമില്ലെന്ന് കെ സുധാകരന്‍
Jan 5, 2022, 11:20 IST
പഴയങ്ങാടി (കണ്ണൂര്‍): (www.kvartha.com 05.01.2022) സില്‍വര്‍ ലൈനിനായി കണ്ണൂര്‍ ജില്ലയിലെ മാടായിപ്പാറയില്‍ സ്ഥാപിച്ച സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തി. പാറക്കുളത്തിനരികില്‍ കുഴിച്ചിട്ട സര്‍വേക്കല്ലാണ് സ്ഥാപിച്ച സ്ഥലത്തുനിന്നും പിഴുതെടുത്ത് കുറച്ചകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞുള്ള സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സംഭവമുണ്ടായത്.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
മാടായി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിനും മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനും ഇടയിലുള്ള ഭാഗത്തുള്ള അഞ്ച് കല്ലുകളാണ് ഇത്തരത്തില്‍ എടുത്തുമാറ്റിയത്. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സ്ഥലമാണ് മാടായിപ്പാറ.
മാടായിപ്പാറയില്‍ തുരങ്കം നിര്‍മിച്ചു പാത പണിയുമെന്നായിരുന്നു പ്രഖ്യാപനം. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ ഇവിടെ തടഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് സഹായത്തോടെയാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും. എന്നാല്‍ കല്ല് പിഴുതതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്ന് മാടായിപ്പാറ സംരക്ഷണ സമിതിയും സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതിയും പറഞ്ഞു.
സംഭവവുമായി ബന്ധമില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. തന്റെ ആഹ്വാനപ്രകാരമുള്ള പിഴുതെറിയലല്ല ഇത്. കോണ്‍ഗ്രസ് മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമായിരിക്കും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ജനുവരി 15 മുതല്‍ കണ്ണൂരില്‍ കെ റെയില്‍ പരിസ്ഥിതി ആഘാത പഠനം നടത്താനിരിക്കെയാണ് ഇത്തരത്തിലൊരു സംഭവം. കല്ല് പിഴുത് കളഞ്ഞത് ആരാണെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് പൊലീസ് അന്വേഷണം തുടങ്ങി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.