അഭയ കേസ്: ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് 28 വര്‍ഷത്തിന് ശേഷം സിബിഐ കോടതി, ശിക്ഷാവിധി ഡിസംബര്‍ 23ന്

 



തിരുവനന്തപുരം: (www.kvartha.com 22.12.2020) സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ ശിക്ഷ ഡിസംബര്‍ 23ന് വിധിക്കും. 

ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികള്‍. സിബിഐയുടെ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലാം പ്രതി മുന്‍ എഎസ്‌ഐ വി വി അഗസ്റ്റിനെയും കുറ്റപത്രത്തില്‍നിന്നു സിബിഐ ഒഴിവാക്കി.

അഭയ കേസ്: ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് 28 വര്‍ഷത്തിന് ശേഷം സിബിഐ കോടതി, ശിക്ഷാവിധി ഡിസംബര്‍ 23ന്


ലോകല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്തള്ളിയ കേസില്‍ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി.

സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷത്തിനു ശേഷമാണു ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. 2019 ഓഗസ്റ്റ് 26ന് സിബിഐ കോടതിയില്‍ ആരംഭിച്ച വിചാരണ ഈ മാസം 10നു പൂര്‍ത്തിയായി. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. 8 പേര്‍ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല.

കേസില്‍ കോടതി നിര്‍ണായക വിധി പറയുമ്പോള്‍, മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയയുടെ മാതാപിതാക്കള്‍ ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും അതു കേള്‍ക്കാന്‍ ജീവിച്ചിരിപ്പില്ല.

കോട്ടയം ബിസിഎം കോളജില്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരിക്കെ സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണു കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords:  News, Kerala, State, Thiruvananthapuram, Verdict, CBI, Court, Court Order, Accused, Case, Death, Killed, Parents, Sister Abhaya murde case: CBI court finds accused guilty, Verdict tomorrow
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia