ഡല്‍ഹിയിലിരുന്നുകൊണ്ട് കേരളത്തിലൊരു കായല്‍യാത്ര

 


തിരുവനന്തപുരം: (www.kvartha.com 22.11.2016) കേരളത്തിലെ കായല്‍യാത്ര ഇനി ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലിരുന്നും ആസ്വദിക്കാം. ഇവിടങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ ഗ്രേറ്റ് ബാക്ക്‌വാട്ടര്‍ എക്‌സ്പീരിയന്‍സ് സോണ്‍ എന്ന പേരില്‍ വിര്‍ച്വല്‍ റിയാലിറ്റി സംവിധാനമുള്ള സ്റ്റാളുകള്‍ ഏര്‍പ്പെടുത്തി കേരള ടൂറിസമാണ് ഈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഈ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായെന്ന് കേരള ടൂറിസം ഡയറക്ടര്‍ യു വി ജോസ് പറഞ്ഞു.

2,000 കിലോമീറ്റര്‍ അകലെയിരുന്നു സന്ദര്‍ശകര്‍ക്ക് കെട്ടുവള്ളത്തിലിരിക്കുന്നതോ, നാടന്‍ വഞ്ചിയിലെ സഫാരിയുടേതോ ആയ അനുഭങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കമ്പ്യൂട്ടര്‍ ഭാവനാ ലോകത്തിലൂടെ (വിര്‍ച്വല്‍ റിയാലി റ്റി) സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരേ സമയം ആറ് ക്യാമറകള്‍ ഉപയോഗിച്ച് 360 ഡിഗ്രി സാങ്കേതികവിദ്യയിലൂടെ ചിത്രീകരിച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളിലൂടെയാണ് കേരളത്തിന്റെ കായലുകള്‍ സന്ദര്‍ശകര്‍ക്കുമുന്നില്‍ എത്തിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് നല്‍കുന്ന ഒക്കുലസ് റിഫ്റ്റ് വി ആര്‍ ഹെഡ്‌സെറ്റ്് ഉപയോഗിച്ച് ഇത് അനുഭവവേദ്യമാകും. സോണില്‍ ഒരുക്കിയിട്ടുള്ള യഥാര്‍ഥ വലിപ്പത്തിലുള്ള ഹൗസ്‌ബോട്ട് ഇന്‍സ്റ്റലേഷനിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ ഈ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിക്കുമ്പോള്‍ കായലോളങ്ങള്‍, അസ്തമയം, പക്ഷികള്‍, മത്സ്യങ്ങള്‍, സസ്യമൃഗാദികള്‍ എന്നിവയുടെ അത്ഭുതലോകത്തിലെത്തും.

ബ്രാന്‍ഡ് കേരള പ്രചരിപ്പിക്കാനായി ടൂറിസം വകുപ്പിന്റെ ഔട്ട് ഓഫ് ഹോം ആക്റ്റിവിറ്റിയുടെ ഭാഗമായി തുടങ്ങിയ സംരംഭം ആഭ്യന്തര ടൂറിസ്റ്റുകളിലെ ഉയര്‍ന്ന സാമ്പത്തിക ശ്രേണിയിലുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഡല്‍ഹി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനലില്‍ തുടങ്ങിയ ആദ്യ വിര്‍ച്വല്‍ അനുഭവ സോണ്‍ ബംഗളൂരു, മുംബൈ വിമാനത്താവളങ്ങളിലും സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജോസ് പറഞ്ഞു.

സ്റ്റാളിലെത്തുന്ന സന്ദര്‍ശകരോട് വിര്‍ച്വല്‍ റിയാലിറ്റി അനുഭവത്തിനുശേഷം #Greatbackwaters എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്യാനും ആവശ്യപ്പെടും. ഈ ട്വീറ്റുകളില്‍നിന്ന് നറുക്കെടുക്കുന്നവയ്ക്ക് സ്റ്റാളില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണത്തില്‍ നിന്ന് വര്‍ണാഭമായ പോസ്റ്റ്കാര്‍ഡ് ലഭിക്കും. ട്വീറ്റ് ഓഫ് പോസ്റ്റ് കാര്‍ഡ്‌സ് ഫ്രം കേരള എന്ന ഈ സംവിധാനത്തിലൂടെ 15 മിനിറ്റിലൊരിക്കല്‍ എന്ന കണക്കിലാണ് കാര്‍ഡ് ലഭിക്കുന്നത്. ഈ കാര്‍ഡ് സ്റ്റാളില്‍ നിന്നു തന്നെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയയ്ക്കാനുള്ള സംവിധാനവുമുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ അറിയിച്ചു.

ഡല്‍ഹിയിലിരുന്നുകൊണ്ട് കേരളത്തിലൊരു കായല്‍യാത്ര

ഡല്‍ഹിയിലിരുന്നുകൊണ്ട് കേരളത്തിലൊരു കായല്‍യാത്ര

Keywords: Kerala, New Delhi, Airport, Bangalore, Mumbai, Travel & Tourism, House-boat, Kochi, Alappuzha, Kerala Tourism, #Greatbackwaters, Brand Kerala, Out of Home Activities.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia