Allegation | 'ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമം'; കാഴ്ച കുറഞ്ഞു, കാലിനും സ്വാധീനക്കുറവ്; സരിത എസ് നായരുടെ പരാതിയില്‍ മുന്‍ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്
Nov 25, 2022, 18:41 IST
തിരുവനന്തപുരം: (www.kvartha.com) ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.
നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസെടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. നിലവില്‍ ചികിത്സയിലാണെന്നു സരിത പറഞ്ഞു.
പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ സരിത നല്കിയ പീഡനപരാതിയിലെ പ്രതികളുമായി വിനു കുമാര്‍ ഗൂഢാലോചന നടത്തിയതായി എഫ്ഐആറില്‍ പറയുന്നു. പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ രാസപദാര്‍ഥങ്ങള്‍ നല്കി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു.
രക്തത്തില്‍ അമിത അളവില്‍ ആഴ്സനിക്, മെര്‍കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നുവെങ്കിലും പിന്നില്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ലെന്നും സരിത വ്യക്തമാക്കി.
2022 ജനുവരി മൂന്നിന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്. തുടര്‍ന്ന് ജൂസ് കുടിക്കാതെ കളഞ്ഞു. തുടര്‍ന്ന് കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്ന് പറഞ്ഞു. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡികല്‍ റിസള്‍ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനു പരാതി നല്‍കിയത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനു കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍നിന്നും വിവരം ശേഖരിച്ചു. വിനു കുമാറിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ശാസ്ത്രീയ പരിശോധന ആവശ്യമായതിനാല്‍ മെഡികല്‍ ബോര്‍ഡ് രൂപീകരിക്കുന്നതിന് ശുപാര്‍ശ നല്‍കും. വിനു കുമാറിനു പുറമേ മറ്റു ചിലര്‍ക്കു കൂടി ഇതില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായും സരിത പറയുന്നു.
സാമ്പത്തിക ലക്ഷ്യത്തോടെയാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കീമോ തെറോപിക്ക് വിധേയയായതായും മുടി പൂര്‍ണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികിത്സയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതു കാലിന്റെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോള്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണെന്നും സരിത പറഞ്ഞു.
Keywords: Solar Scam accused Saritha S Nair alleges a murder attempt towards her, Thiruvananthapuram, News, Allegation, Complaint, Crime Branch, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.