Wildlife | ആറളം സന്ദർശിക്കുന്നതിൽ നിന്നും തന്നെ ചിലർ തടയാൻ ശ്രമിച്ചുവെന്ന് മാർ ജോസഫ് പാംപ്ലാനി


● 'വന്യമൃഗ ശല്യം തടയാൻ സർക്കാർ തലത്തിൽ നടപടികൾ ഉണ്ടാകണം'.
● 'കർഷകരെ കുടിയിറക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്'.
● 'വനപാലകർ അവരുടെ ജോലി ചെയ്യണം'.
കണ്ണൂർ: (KVARTHA) വന്യമൃഗ ശല്യം ഒഴിവാക്കാൻ കേരള സർക്കാർ മാത്രം വിചാരിച്ചാൽ മാത്രം കഴിയില്ലെന്ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. വന്യമൃഗ ശല്യത്തിനെതിരെ അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഇരിട്ടി ടൗണിൽ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം വകുപ്പ് മാത്രം വിചാരിച്ചാൽ വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാനാവില്ല. അതുകൊണ്ടുതന്നെ സംസ്ഥാനമാകെ ഈ പ്രതിസന്ധി തീരാൻ സാധ്യത കുറവാണ്. എന്നാൽ ആറളം ഫാം വിഷയത്തിൽ കേരള സർക്കാർ തീരുമാനിച്ചാൽ മതിയെന്നും ആന മതിൽ നിർമ്മാണത്തിൽ കേരള സർക്കാർ കൃത്യവിലോപം നടത്തിയെന്നും ആർച്ച് ബിഷപ്പ് ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇച്ഛാശക്തിയുള്ളയാളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കും. വനമന്ത്രിയോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. വനപാലകരോട് അവരുടെ ജോലി ചെയ്യാൻ പറയണം. അല്ലാതെ അടുക്കളയിലുള്ള ഇറച്ചികൾ തേടി പോകുകയല്ല വേണ്ടത്. ആറളം ഫാം സന്ദർശിക്കുന്നതിൽ നിന്നും തടയാൻ തന്നെ ചിലർ ഭീഷണിപ്പെടുത്തിയെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ആറളം സന്ദർശനത്തിന്റെ ഭാഗമായി ചിലയാളുകൾ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അതു കൊണ്ടൊന്നും ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ഇടപെടാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന നിയമങ്ങളാണ് ഇന്നുള്ളത്. വന്യ മൃഗങ്ങൾക്ക് ഭക്ഷിക്കാനുള്ള ഇരകൾ മാത്രമായാണ് ആദിവാസികളെയും കുടിയേറ്റക്കാരെയും സർക്കാർ കാണുന്നത്.
മലയോര കർഷകരെ നിശബ്ദമായി കുടിയിറക്കാനുള്ള ഗൂഢശ്രമം നടക്കുകയാണ്. ഇതിനായി വന്യമൃഗങ്ങളെ നിർബാധം ഇറക്കിവിടുകയാണ്. കാർബൺ ഫണ്ട് കൈ പറ്റുന്നതിനാണ് ഈ നീക്കം. വനസംരക്ഷണമാണ് വനപാലകരുടെ ചുമതല. കുടിയേറ്റക്കാരുടെ അടുക്കളയിൽ കയറി ചട്ടി പൊക്കി നോക്കലല്ല. കർഷകരുടെ ഭൂമിയിൽ കയറി ഒരൊറ്റ ഒരാളെയും മർദ്ദിക്കാനോ കസ്റ്റഡിയിൽ എടുക്കാനോ കുടിയേറ്റ ജനത അനുവദിക്കില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Archbishop Mar Joseph Pampanani said that some individuals tried to stop visits to the Aralam farm and criticized the government's lack of action in resolving the wildlife issue.
#AralamFarm, #MarJosephPampanani, #WildlifeIssue, #Kasaragod, #KeralaNews, #GovernmentAction