വീട്ടമ്മയ്ക്കൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മകനും മരിച്ചു; ദുരൂഹതയുണ്ടെന്ന് പരാതി; മരിച്ച യുവതിയെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് കുടുംബം
Dec 6, 2021, 10:21 IST
കൊച്ചി: (www.kvartha.com 06.12.2021) വീട്ടിനുള്ളില്‍, ദുരൂഹ സാഹചര്യത്തില്‍ അമ്മയൊടൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മകനും ആശുപത്രിയില്‍ മരിച്ചു. നായരമ്പലം ഭഗവതി ക്ഷേത്രത്തിന് കിഴക്ക് തെറ്റയില്‍ പരേതനായ സാജുവിന്റെ മകന് അതുല്‍(17) ആണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റിരുന്നു. രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അതുലിന്റെ അമ്മ സിന്ധു (42) ഞായറാഴ്ച മരിച്ചിരുന്നു.
മരിച്ച സിന്ധുവിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ ഒരു യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് തെളിയിക്കാന്‍ മരിക്കും മുമ്പ് സിന്ധു സംസാരിച്ചതെന്ന് പറയുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി.
മരണത്തിന് മുമ്പ് സിന്ധു യുവാവിന്റെ പേര് പറയുന്ന ശബ്ദരേഖയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിന്ധുവിനെ ഒരു യുവാവ് വഴിയില്‍ വച്ച് തടഞ്ഞ് നിര്‍ത്തി ശല്യപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിനെ ചൊല്ലി സിന്ധുവിന്റെ സഹോദരനും യുവാവുമായി വാക്കുതര്‍ക്കമുണ്ടായി. ശല്യം കൂടിയപ്പോള്‍ സിന്ധു കഴിഞ്ഞ ദിവസം പൊലീസില്‍ യുവാവിനെതിരെ പരാതിയും നല്‍കിയിരുന്നു.
സിന്ധുവിന്റെ പരാതിയിന്മേല് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. മകള്‍ ആത്മഹത്യ ചെയ്യാന്‍ മറ്റൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സിന്ധുവിന്റെ പിതാവ് പറയുന്നത്.
അമ്മയുടെയും മകന്റെയും മരണത്തിന് കാരണം യുവാവിന്റെ ശല്യം ചെയ്യല്‍ മൂലം എന്ന് ഉറപ്പിച്ച് ആണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്. നിലവില്‍ കസ്റ്റഡിയിലുള്ള ഈ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കും.
അതേസമയം മരണം ആത്മഹത്യയാകാനുള്ള സാധ്യത തള്ളാതെയാണ് പൊലീസ് മുന്നോട്ട് പോകുന്നത്. അങ്ങനെയെങ്കില്‍ യുവാവിനെതിരെ പ്രേരണ കുറ്റം ചുമത്തുമെന്ന് പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.