Fake Post | ജീവിച്ചിരിക്കുന്ന പിതാവ് മരിച്ചതായി മകന്റെ ഫേസ്ബുക് പോസ്റ്റ്; ആദരാഞ്ജലികള്‍ക്കും അനുശോചനങ്ങള്‍ക്കും മറുപടി നല്കാനാകാതെ അന്ധാളിപ്പില്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ 60 കാരന്; പിന്നീട് സംഭവിച്ചത്
Dec 18, 2022, 11:05 IST
കോട്ടയം: (www.kvartha.com) ജീവിച്ചിരിക്കുന്ന പിതാവ് മരിച്ചതായി മകന്റെ ഫേസ്ബുക് പോസ്റ്റ് പുറത്ത് വന്നതോടെ ആദരാഞ്ജലികളുടെയും അനുശോചനങ്ങളുടെയും പ്രവാഹം. പീരുമേട് പഞ്ചായതിലെ കോണ്‍ഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ 60 കാരന്റെ 'മരണവാര്‍ത്ത'യാണ് മൂത്തമകന് നാടിനെ അറിയിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു 34 കാരന്റെ ഫേസ്ബുകില്‍ വ്യാജസന്ദേശം വന്നത്.
പിതാവിന്റെ ചിത്രത്തോടൊപ്പം 'ആര്‍ഐപി, ഐ മിസ് യു' എന്നിങ്ങനെ വാചകങ്ങളും ചേര്‍ത്തിരുന്നു. പിന്നീട് ഇളയമകന്റെ വാട്സ് ആപില്‍ വന്ന സന്ദേശത്തില്‍ നിന്നാണ് 'താന്‍ മരിച്ചു' എന്ന പ്രചാരണം കോണ്‍ഗ്രസ് നേതാവ് അറിയുന്നത്.
ഫേസ്ബുകില്‍ നോക്കിയപ്പോള്‍ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റേതായിരുന്നു ആദ്യത്തെ അനുശോചന സന്ദേശങ്ങളിലൊന്ന്. പിന്നാലെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം അപ്പോഴേക്കും അനുശോചനം രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ഇതോടെ എന്തു മറുപടി കൊടുക്കുമെന്നറിയാതെ അന്ധാളിപ്പിലായി പിതാവ്.
കുടുംബാംഗങ്ങളുടെ ഫോണിലേക്കും നേതാവിന്റെ ഫോണിലേക്കും മരണകാരണം ചോദിച്ചും സംസ്കാര സമയം അറിയാനുമായി വിദേശത്തുനിന്നുള്പെടെ വിളികളെത്തി. അച്ഛനും മകനും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് മകന്റെ കടുംകൈ എന്നാണ് അടുത്തബന്ധുക്കള്‍ നല്കുന്ന സൂചന.
തുടര്‍ന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മകനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് ആദ്യം പിതാവ് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം മകനോട് ക്ഷമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, പിതാവിന്റെ വ്യാജ മരണവാര്‍ത്ത തന്റെ ഫേസ്ബുക് അകൗണ്ടില്‍ കയറി മറ്റാരോ പോസ്റ്റ് ചെയ്തതെന്നാണ് മറ്റൊരു ജില്ലയില്‍ ജോലി ചെയ്യുന്ന മകന്റെ വിശദീകരണം.
ഫേസ്ബുകില്‍ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവിവരം പങ്കുവയ്ക്കുന്നത് ഐടി ആക്ട് പ്രകാരം 5 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Keywords: News,Kerala,State,Kottayam,Death,Father,Facebook,Facebook Post,Social-Media,Fake, Son's facebook fake post on Father death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.