Suspended | ഫോൺ വിവാദം: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് സസ്‍പെൻഷൻ
മരം മുറിച്ചുകടത്തിയെന്നും കരിപ്പൂർ സ്വർണക്കടത്തിൽ ഇടപെട്ടു എന്നുമുള്ള ആരോപണങ്ങളും സുജിത് ദാസിനെതിരെയുണ്ട്.
തിരുവനന്തപുരം: (KVARTHA) പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന് സസ്‍പെൻഷൻ. നിലമ്പൂർ എംഎൽഎ പി വി അൻവറുമായുള്ള ഫോൺ സംഭാഷണ വിവാദത്തിന് പിന്നാലെയാണ് നടപടി. സസ്‌പെൻഷൻ സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഡിഐജി അജിത ബീഗം നടത്തിയ അന്വേഷണത്തിൽ സുജിത് ദാസ് സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.
സുജിത് ദാസ് മലപ്പുറം എസ്‌പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്നും ആരോപണമുണ്ട്. ഇതേകുറിച്ച് പി വി അൻവറും കൊല്ലം കടയ്ക്കൽ സ്വദേശി എൻ ശ്രീജിത്തും എസ് പിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുജിത്ത് ദാസും പി വി അൻവറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. മരം മുറി കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പരാതി പിൻവലിക്കണമെന്നും സുജിത്ത് അൻവറിനോട് അപേക്ഷിച്ചിരുന്നു.
ഇത് വലിയ നാണക്കേടാണ് പൊലീസ് സേനയ്ക്ക് ഉണ്ടാക്കിയത്. ഞായറാഴ്ച പി വി അൻവർ നടത്തിയ വാർത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ് പി ആയിരിക്കെ എസ് സുജിത് ദാസ് അടിച്ചുമാറ്റിയെന്നായിരുന്നു ആരോപണം.
#KeralaPolice #Suspension #Corruption #Investigation #PVAnvar #SujithDas