Speaker | നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്നത് സാംസ്‌കാരിക വംശഹത്യയെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍

 


തലശേരി: (www.kvartha.com) നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്നത് സാംസ്‌കാരിക വംശഹത്യയാണെന്നും ഒരു മത വിശ്വാസത്തില്‍പ്പെട്ടവരെ ആകെ ഭീകരവാദികളാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സ്പീകര്‍ എ എന്‍ ശംസീര്‍ ചൂണ്ടിക്കാട്ടി. തലശ്ശേരി സി എച് സെന്റര്‍ സംഘടിപ്പിച്ച പെരുന്നാള്‍ സൗഹൃദ സംഗമം തലശ്ശേരി ജെനറല്‍ ആശുപത്രിക്ക് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഗളന്‍മാരുടെ ചരിത്രം പഠിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. മുഗളന്‍മാരെ ആക്ഷേപിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന കഥ അവര്‍ മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്തെന്നാണ്. മുഗളന്‍മാര്‍ ഈ രാജ്യം ഭരിക്കുന്നത് ഗംഗാ സമതലങ്ങളിലാണ്. ഇവിടെ ചരിത്രത്തെ വക്രീകരിക്കുന്നവര്‍ പറയുന്നത് പോലെയാണെങ്കില്‍ ഗംഗാസമതലങ്ങളില്‍ മുഗള്‍മാരുടെ മത വിശ്വാസികളായിരിക്കും കൂടുതലും.

എന്നാല്‍ അവിടെയുള്ള മുഗളന്‍മാരായ മതന്യൂനപക്ഷങ്ങളുടെ എണ്ണം വെറും 15 ശതമാനമാണെന്ന് നാം ഓര്‍ക്കണം. ക്ഷമാപൂര്‍വം ചരിത്രം പഠിപ്പിക്കാനും ഭരണഘടന പഠിപ്പിക്കാനും നമ്മള്‍ കൂട്ടായി പരിശ്രമിക്കണം. നമ്മുടെ രാജ്യത്ത് എന്തെല്ലാം വ്യതിയാനം വന്നിട്ടും അതിനെ ശരിയായ ദിശയിലേക്ക് നയിച്ചത് ഈ രാജ്യത്തെ ജനങ്ങളാണ്. അതുകൊണ്ട് ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനശക്തിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാറില്ല. ഇത്തരക്കാര്‍ ജനങ്ങളുടെ മുന്നില്‍ കീഴടങ്ങേണ്ടി വരുമെന്നും സ്പീകര്‍ ഓര്‍മിപ്പിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും കേരളത്തിലെ സാമൂഹ്യ സംഘടനകള്‍ കാണിക്കുന്ന ആത്മാര്‍ഥമായ ഇടപെടലുകള്‍ മഹത്തരമാണെന്നും ഇതില്‍ തന്നെ ഗവ ആശുപത്രികള്‍ കേന്ദ്രീകരിച്ച് സി എച് സെന്ററുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകാപരമാണെന്നും സ്പീകര്‍ പറഞ്ഞു.

മനുഷ്യര്‍ തമ്മില്‍ സാഹോദര്യവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്ന സ്‌നേഹസംഗമങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ചരിത്രത്തെ വളച്ചൊടിച്ചു ജനങ്ങളില്‍ ഭീതിയും വിഭാഗീയതയും പരത്തുന്ന ദുശ്ശക്തികളെ ഒറ്റപ്പടുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം കാലഘട്ടത്തില്‍ മനുഷ്യനെ ഒന്നായി കണ്ട് എല്ലാ മതസ്ഥരേയും കൂട്ടിയിണക്കുന്ന സിഎച് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ശംസീര്‍ ചൂണ്ടിക്കാട്ടി.

Speaker | നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്നത് സാംസ്‌കാരിക വംശഹത്യയെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍

സ്‌നേഹ സംഗമത്തില്‍ സി എച് സെന്റര്‍ വൈസ് ചെയര്‍മാന്‍ ഡോ. സിപി നാസിമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെഎ ലത്തീഫ്, ഡോ. എ എം സഹാബുദ്ദീന്‍, പിപി അബൂബക്കര്‍ പാര്‍ക്കോ, എ കെ അബൂട്ടി ഹാജി, റഹ്ദാദ് മൂഴിക്കര, കവുള്ളതില്‍ കുഞ്ഞിമ്മൂസ, അബ്ദുല്‍ ഗഫൂര്‍ ഉമ്മര്‍, എന്‍പി മുനീര്‍, റശീദ് കരിയാടാന്‍, ശാനിദ് മേക്കുന്ന്, എന്‍ മഹമൂദ് എന്നിവര്‍ സംസാരിച്ചു.

തലശ്ശേരി ജെനറല്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തലശ്ശേരി സി എച് സെന്റര്‍ ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി സ്‌പോണ്‍സര്‍ ചെയ്ത പെരുന്നാള്‍ ഭക്ഷണ വിതരണം നടത്തി. വൊളന്റിയര്‍ വിങ്ങിന്റെ പ്രവര്‍ത്തകര്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കി.

Keywords:  Speaker AN Shamsir says what is happening in our country today is cultural genocide, Kannur, News, Politics, Speaker AN Shamsir, Inauguration, Food, Hospital, Patient, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia