അമ്മയുടെ ജന്മദിനം: അമൃതപുരി ആത്മീയ, സാംസ്‌ക്കാരിക, ശാസ്ത്ര, കലാ സംഗമ വേദിയാകും

 


കൊല്ലം: വള്ളിക്കാവിലെ അമൃതാനന്ദമയീ മഠത്തില്‍ ലോകസമാധാനം ലക്ഷ്യമിട്ടു നടത്തുന്ന ത്രിദിന പ്രാര്‍ത്ഥന ഞായറാഴ്ച ആരംഭിക്കുന്നതോടെ ആഗോള ആത്മീയ രംഗത്ത് ചരിത്രമാകുന്ന പരിപാടിക്ക് തുടക്കമാകും. മാതാ അമൃതാനന്ദമയി ദേവിയുടെ അറുപതാം ജന്മദിനം പ്രമാണിച്ച് അമ്മയുടെ ഭക്തര്‍ അന്താരാഷ്ട്ര സാംസ്‌ക്കാരിക പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കാനും വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും തീരുമാനിച്ചിട്ടുണ്ട്.

അമൃതപുരിയില്‍ അമൃതവര്‍ഷം 60ന് സെപ്തംബര്‍ 27 വരെ അഞ്ചു ലക്ഷം ഭക്തര്‍ സംഗമിക്കുമെന്നാണ് സംഘാടകരായ അമൃതാനന്ദമയീ മഠത്തിന്റെ പ്രതീക്ഷ. ആഘോഷങ്ങളിലെ പ്രധാന പരിപാടികള്‍ നടക്കുന്ന 25 മുതലുള്ള മൂന്നു ദിവസങ്ങളില്‍ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന വിഖ്യാതരായ നിരവധി വ്യക്തികളും രാജ്യത്തും പുറത്തുമുള്ള ഒട്ടേറെ കലാകാരന്മാരും രാഷ്ട്രീയ നേതാക്കളുംപങ്കെടുക്കുമെന്ന് മഠം ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരി പറഞ്ഞു.

അമ്മയുടെ അനുഗ്രഹം തേടി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ അമൃതപുരിയിലേക്ക് എത്തിത്തുടങ്ങി. ലോകസമൂഹത്തിന് അമ്മ അറുപത് വര്‍ഷമായി നല്‍കിവരുന്ന  സേവനം ആഘോഷിക്കാനും സ്‌നേഹത്തിനും സഹാനുഭൂതിക്കും നിസ്വാര്‍ത്ഥ സേവനത്തിനും നന്ദി അറിയിക്കാനും സാമൂഹ്യസേവനത്തിന് പുനരര്‍പണം ചെയ്യാനുമുള്ള അവസരമായാണ് ഭക്തര്‍ ഈ അവസരത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അമ്മയുടെ ജന്മദിനം: അമൃതപുരി ആത്മീയ, സാംസ്‌ക്കാരിക, ശാസ്ത്ര, കലാ സംഗമ വേദിയാകുംകായല്‍പ്പരപ്പിന്റെ പ്രകൃതിഭംഗി തുല്യം ചാര്‍ത്തിയ വള്ളിക്കാവ് അമൃതപുരിയിലെ വിശാലമായ വേദിയില്‍ 25ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം, 26ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, 27 ന് ഉത്തരഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ എന്നിവരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗവര്‍ണര്‍മാരും കേന്ദ്രമന്ത്രിമാരും കേരളത്തിലെ നിരവധി മന്ത്രിമാരും ആഘോഷങ്ങളില്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 101 ഗ്രാമങ്ങള്‍ ദത്തെടുക്കലാണ് അറുപതാം പിറന്നാള്‍ ആഘോഷങ്ങളിലെ മുഖ്യ ഇനം. സ്വാശ്രയവും മാതൃകാപരവുമായ ഗ്രാമങ്ങളുടെ സൃഷ്ടിയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി 27 ന് ആരംഭിക്കുമെന്നും സ്വാമി അമൃതസ്വരൂപാനന്ദ പുരി പറഞ്ഞു.

സമൂഹത്തിനുവേണ്ടി അമൃതാ സര്‍വകലാശാല വികസിപ്പിച്ച വിവിധ ശാസ്ത്രസാങ്കേതിക നേട്ടങ്ങളും മാതൃകകളും നരേന്ദ്ര മോഡി 26ന് അനാച്ഛാദനം ചെയ്യുമെന്ന് സ്വാമി പറഞ്ഞു. അമൃത സ്പന്ദനമെന്ന വയര്‍ലെസ് ഇ.സി.ജി നിരീക്ഷണ സംവിധാനം, അപകടഘട്ടങ്ങളില്‍ വനിതകള്‍ക്കുള്ള സുരക്ഷാ ഉപകരണം തുടങ്ങിയവ ഈ ശ്രേണിയില്‍ ഉള്‍പെടും. 26 ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശ്രമം നടപ്പാക്കുന്ന പുതിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.

സമാപന ദിവസമായ 27 ന് ഗവര്‍ണര്‍മാരായ കെ. ശങ്കരനാരായണന്‍ (മഹാരാഷ്ട്ര), കെ. റോസയ്യ (തമിഴ്‌നാട്), ബി.എല്‍ ജോഷി (യു.പി), അസീസ് ഖുറേഷി (ഉത്തരഖണ്ഡ്) എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, ഓസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്, ഹരീഷ് റാവത് എന്നിവരും 27 ന് ചടങ്ങുകളില്‍ സംബന്ധിക്കും. അമൃതാ സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലര്‍ മെഡിസിനിലെ അര്‍ബുദ രോഗ ഗവേഷണ രംഗത്തെ നേട്ടങ്ങളും അമൃതാ റൈറ്റ് എന്ന കമ്പ്യൂട്ടര്‍ ടാബ് അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയും സമൂഹത്തിന് ഗുണകരവും സുരക്ഷ നല്‍കുന്നതുമായ ഓണ്‍ലൈനിലെ നൂതന കണ്ടെത്തലുകളും അമൃതാനന്ദമയീ മഠം ആഘോഷവേളയില്‍ നടത്തുന്ന മറ്റു പ്രഖ്യാപനങ്ങളില്‍പെടുമെന്ന് സ്വാമി വെളിപ്പെടുത്തി.

അമ്മ 1981ല്‍ സ്ഥാപിച്ച സര്‍ക്കാരിതര സംഘടനയായ അമൃതാനന്ദമയീ മഠം മനുഷ്യത്വപരവും വിദ്യാഭ്യാസപരവുമായ വിവിധ പദ്ധതികള്‍ക്ക് രാജ്യ വ്യാപകമായി തുടക്കമിടാനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തും. 101 ഗ്രാമങ്ങളെ ദത്തെടുക്കുന്ന പദ്ധതിക്കുപുറമെ ഉത്തരഖണ്ഡിലെ ദുരിതാശ്വാസരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 50 കോടിയുടെ പദ്ധതിയ്ക്കും മഠം ഈ ഘട്ടത്തില്‍ തുടക്കമിടും. ജൂണിലെ വെള്ളപ്പൊക്കത്തില്‍ ഭവനരഹിതരായ 500 കുടുംബങ്ങള്‍ക്ക് മഠം വീടുകള്‍ പുനര്‍ നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായവും കൊച്ചി അമൃത ആശുപത്രിയില്‍ 50 കോടി ചെലവുവരുന്ന സൗജന്യ ശസ്ത്രക്രിയകളും മഠം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മഠത്തിനു കീഴിലുള്ള ആശുപത്രികളില്‍ പുതിയ മെഡിക്കല്‍ സെന്ററുകള്‍ ആരംഭിക്കാനും സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ് തുടങ്ങാനും ദരിദ്രവിഭാഗങ്ങള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പുകളും പെന്‍ഷന്‍ ആനുകൂല്യങ്ങളും നല്‍കാനും ആലോചിക്കുന്നതായും സ്വാമി അറിയിച്ചു.

നമ്മുടെ ഗ്രാമങ്ങള്‍, നമ്മുടെ ലോകം, നമുക്ക് എന്തു നല്‍കാനാകും എന്ന വിഷയത്തില്‍ അന്തര്‍ദേശീയ ഉച്ചകോടി 25, 26 തീയതികളിലായി നടക്കും. അമൃത സര്‍വകലാശാലാ ക്യാമ്പസില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഡോ എ.പി.ജെ അബ്ദുല്‍ കലാം, ഡോ. എം.എസ് സ്വാമിനാഥന്‍, നോബേല്‍ ജേതാവ് ഡോ ലെലാന്‍ഡ് ഹാര്‍ട്ടവെല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രമുഖ ശാസ്ത്രജ്ഞരും പണ്ഡിതരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്യാപാരവ്യവസായ പ്രമുഖരും  വിദ്യാഭ്യാസ വിചക്ഷണരും പരിസ്ഥിതി പ്രവര്‍ത്തകരും സംഗമത്തില്‍ സംബന്ധിക്കും. ഗ്രാമങ്ങളെ ദത്തെടുക്കുന്ന പദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഈ ഉച്ചകോടിയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്ന് സ്വാമി പറഞ്ഞു.

27 ന് നടക്കുന്ന ഗുരുപാദ പൂജ, അമ്മയുടെ പ്രഭാഷണം എന്നിവയാണ് ഭക്തരെ ആകര്‍ഷിക്കുന്ന പ്രധാന പരിപാടികള്‍. അമ്മ ഭക്തര്‍ക്കൊപ്പം ഭജനയില്‍ പങ്കെടുക്കുന്നതു കോള്‍ക്കാനും ഈ ദിനം അവസരമൊരുക്കും. അന്‍പതാം ജന്മദിനത്തില്‍ അമ്മ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഭക്തരെ ആലിംഗനം ചെയ്തിരുന്നു. അമ്മയുടെ ഭജനയ്ക്കു പുറമെ ലോകോത്തര കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീതപരിപാടികളും മൂന്നു ദിവസവും ഉച്ചമുതല്‍ അര്‍ധരാത്രി വരെ നടക്കും.

വിഖ്യാത ഹിന്ദുസ്ഥാനി പുല്ലാങ്കുഴല്‍ വാദകന്‍ പണ്ഡിറ്റി ഹരിപ്രസാദ് ചൗരസ്യ, മൃദംഗവിദ്വാന്‍ ഉമയാള്‍പുരം ശിവരാമന്‍, സംഗീതജ്ഞന്‍ അജോയ് ചക്രബര്‍ത്തി, നര്‍ത്തകരായ ശോഭന, മഞ്ജു വാര്യര്‍, ഡ്രമ്മര്‍ ശിവമണി, സ്റ്റീഫന്‍ ദേവസിയും സംഘവും, മൃദംഗവിദ്വാന്‍ കാരൈക്കുടി മണിയും സംഘവും, സിത്താറിസ്റ്റ് നയന്‍ ഘോഷ്, ഒഡിസി നര്‍ത്തക ദമ്പതികളായ സുജാതയും റിതാകാന്ത മൊഹാപത്ര, ബാവുല്‍ സംഗീത വിദഗ്ധരായ പാര്‍വതി ബാവുല്‍, ആഫ്രിക്കയില്‍ നിന്നുള്ള മേരി നഗ തുടങ്ങിയവര്‍ വേദിയിലെത്തും. റോക്ക് ഗിത്താറിസ്റ്റ് ജെ മാസിക്‌സ്, ദിനോസര്‍ ജൂനിയര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.

26 ന് പഞ്ചാരിമേളത്തില്‍ 100 വാദ്യ കലാകാരന്മാര്‍ അണിനിരക്കും. പ്രമുഖനായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നര്‍ത്തകരെ അണിനിരത്തി റിഗാറ്റ ഒരുക്കുന്ന നൃത്തവിരുന്നും അന്നു നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അമ്മയുടെ ഭക്തര്‍ പതാകകള്‍ വഹിച്ച് പരമ്പാരാഗത വേഷത്തില്‍ പങ്കെടുക്കുന്ന ഘോഷയാത്രയും ആഘോഷപരിപാടികളുടെ ഭാഗമാണ്.

രാജ്യസഭാ സ്പീക്കര്‍ പ്രൊഫ പി.ജെ കുര്യന്‍, നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, കേന്ദ്രമന്ത്രിമാരായ പ്രൊഫ കെ.വി തോമസ്, കെ.സി വേണുഗോപാല്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, സര്‍വെ സത്യനാരായണ, സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെ.എം മാണി, അടൂര്‍ പ്രകാശ്, എ.പി അനില്‍ കുമാര്‍, പി.ജെ ജോസഫ്, കെ.സി ജോസഫ്, കെ. പി മോഹനന്‍, സി.എന്‍ ബാലകൃഷ്ണന്‍, വി.എസ് ശിവകുമാര്‍, ഷിബു ബേബിജോണ്‍, പി.കെ ജയലക്ഷ്മി എന്നിവരും ചടങ്ങുകളില്‍ സംബന്ധിക്കുന്നുണ്ട്.

ആഘോഷങ്ങളേക്കാള്‍ ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടിയുള്ള ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയാണ് ജന്മദിനവേളയെന്ന് സ്വാമി അമൃതസ്വരൂപാനന്ദ പുരി പറഞ്ഞു. അതു ലക്ഷ്യമിട്ടാണ് 25 വരെ നീളുന്ന ചണ്ഡികാ യാഗം സംഘടിപ്പിച്ചത്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഭക്തര്‍ വൈജാത്യങ്ങളും ഭിന്നതകളും മറന്ന് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ സംഗമം അമ്മയുടെ പാദങ്ങള്‍ പിന്തുടരാനുള്ള പുനരര്‍പണവും ആഗോള സംസ്‌ക്കാരിക സംഗമവുമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

SUMMARY: Kollam, Sep 16: A three-day prayer for world peace from Sunday will mark the start of a milestone event in the global domain of spirituality, as followers of Mata Amritanandamayi Devi are organising the renowned humanitarian leader’s 60th birthday that will also feature international cultural performances, seminars and the launch of service projects. 

Keywords : Kollam, Kerala, Thiruvananthapuram, Oommen Chandy, Birthday Celebration, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia