മുജാഹിദ് പിളര്‍പ്പ് പൂര്‍ണം; മടവൂരുമായി യോജിക്കാന്‍ കെഎന്‍എം നീക്കം
Jan 29, 2013, 14:13 IST
പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: കേരള നദ്‌വത്തുല്‍ മുജാഹിദീനിലെ (കെഎന്‍എം) പിളര്‍പ്പ് പൂര്‍ണം. സുന്നീ സംഘടനകളെ വിമര്‍ശിച്ച് സിഡികള്‍ പ്രചരിപ്പിച്ചിരുന്ന മുജീഹിദ് പ്രവര്‍ത്തകര്‍ പരസ്പരം കുറ്റപ്പെടുത്താന്‍ അതേമാര്‍ഗം ഉപയോഗിക്കുന്നതില്‍ മനംനൊന്ത് നിരവധി പ്രവര്‍ത്തകര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കെഎന്‍എമ്മില്‍ നിന്ന് സക്കരിയ സ്വലാഹിയുടെ നേതൃത്വത്തില്‍ പുറത്തുപോയവരെ ഏതെങ്കിലും വിധത്തില്‍ പിന്തുണക്കുന്ന എല്ലാവരെയും സംസ്ഥാന വ്യാപകമായി ഔദ്യോഗിക വിഭാഗം സസ്‌പെന്‍ഡ് ചെയ്യുന്നത് തുടരുകയാണ്.
![]() |
Zakariya Swalahi |
അതിനിടെ, കേരളത്തിലെ മുജാഹിദ് പ്രസ്താനത്തെ അടിമുടി തളര്‍ത്തിയ 2002ലെ പിളര്‍പിനു ശേഷം കെഎന്‍എമ്മുമായി കടുത്ത ശത്രുതയിലായിരുന്ന മടവൂര്‍ വിഭാഗവുമായി ഔദ്യോഗിക വിഭാഗം ലയന ചര്‍ചകള്‍ക്കു നീക്കം തുടങ്ങിയതായാണു സൂചന. ലയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യോജിച്ചു പ്രവര്‍ത്തിക്കാനെങ്കിലും കഴിയുമോയെന്ന സാധ്യതയും അന്വേഷിക്കുന്നുണ്ട്.
ഐക്യസംഘം എന്ന പേരില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന സക്കരിയാ സ്വലാഹി വിഭാഗം മാര്‍ച്ച് മാസത്തോടെ ജില്ലാ ഘടകങ്ങള്‍ രൂപീകരണം പൂര്‍ത്തിയാക്കാനും സംസ്ഥാന കമ്മിറ്റിയുണ്ടാക്കി പുതിയ പേരില്‍ പ്രവര്‍ത്തനം ശക്തമാക്കാനുമാണ് ആലോചിക്കുന്നത്. ഇതിനു ബദലായാണ് മടവൂര്‍ വിഭാഗവും കെഎന്‍എമ്മും തമ്മിലുള്ള യോജിപ്പ് നീക്കം. കെഎന്‍എമ്മിന്റെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ട് സക്കരിയാ അനുകൂലികളെ ഒഴിവാക്കി പുതിയ കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയുമാണ്.
വിശ്വാസി രക്ഷയ്ക്ക് വേണ്ടി ചില പ്രത്യേക സാഹചര്യങ്ങളില്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ സത്യവിശ്വാസത്തിന്റെ താല്പര്യങ്ങള്‍ക്ക് നിരക്കാത്തതും ദൈവഹിതത്തിനു വിരുദ്ധവുമായിപ്പോയേക്കുമോ എന്ന തര്‍ക്കത്തില്‍ തുടങ്ങിയ ഭിന്നത മൂര്‍ഛിച്ചാണ് പിളര്‍പിലേക്ക് എത്തിയത്. സംസ്ഥാന വ്യാപകമായി കെഎന്‍എമ്മിന്റെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ഔദ്യോഗിക പക്ഷം പിടിച്ചെടുത്തു കഴിഞ്ഞു. പള്ളികളും മറ്റു സ്ഥാപനങ്ങളും ഉള്‍പെടെ 17,000 കോടി രൂപയുടെ സ്വത്ത് കെഎന്‍എമ്മിന് ഉണ്ടെന്നാണ് പിളര്‍ന്നുപോയവര്‍ പറയുന്നത്.
ഇതിന്റെ എല്ലാം രേഖകള്‍ ഔദ്യോഗിക വിഭാഗത്തിന്റെ പക്കലാണ്. ആധാരങ്ങളും മറ്റും സക്കരിയ അനുകൂലികളുടെ പക്കല്‍ നിന്നു വാങ്ങിച്ചെടുത്ത ശേഷമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരേ അച്ചടക്ക നടപടിയെടുത്ത് സംഘടനയെ കൂടുതല്‍ ശക്തമാക്കിയെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ അവകാശ വാദം. എന്നാല്‍ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തങ്ങളുടെ കൂടെയാണെന്ന് ഐക്യസംഘം അവകാശപ്പെടുന്നു.
![]() |
M.M. Akbar |
സുഹൈല്‍ ചുങ്കത്തറ, സി.പി. സലീം, മുജാഹിദ് ബാലുശേരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഐക്യ സംഘത്തിലാണ്. എ.പി. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പിന്‍ഗാമിയായി കെ.എന്‍.എം. നേതൃത്വത്തില്‍ എത്തിയ അബ്ദു റഹ്മാന്‍ സ്വലാഹിയാണ് ഔദ്യോഗിക വിഭാഗത്തിലെ പ്രമുഖന്‍. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബറും മറ്റും ഔദ്യോഗിക പക്ഷത്താണ്.
![]() |
Mujahid Balushery |
സമീപകാലത്ത് കേരളത്തില്‍ ഏറ്റവുമധികം ശ്രദ്ധേയമായ ഇസ്ലാമിക സംഘടനാ പ്രവര്‍ത്തനം നടത്തിയ കെഎന്‍എം അതിവേഗം ശക്തിപ്രാപിച്ചു വരുന്നതിനിടയിലാണ് അപ്രതീക്ഷിതക പിളര്‍പ്. ഇതു താങ്ങാനാകാതെയാണ് നിരവധി പ്രവര്‍ത്തകര്‍ നിര്‍ജ്ജീവമായത്. വിശ്വാസത്തിന്റെ അടിത്തറയിലൂന്നി നിന്ന് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേ പൊരുതുന്ന സംഘമായാണ് മുജാഹിദ് വിഭാഗങ്ങള്‍ പരിചയരപ്പെടുത്തുന്നത്.
കടുത്ത തീവ്രവാദ വിരുദ്ധരാണ് ഇവര്‍. നേരത്തേ, കെഎന്‍എം. മടവൂര്‍ വിഭാഗങ്ങളെ ഐക്യത്തിലെത്തിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ അതിനു ലീഗ് ഒരു ടീമീനെത്തന്നെ നിയോഗിച്ചിരുന്നു. അവര്‍ ഇരു വിഭാഗവുമായി നടത്തിയ ചര്‍ചകള്‍ പരാജയപ്പെടുകയാണുണ്ടായത്.
Keywords: Thiruvananthapuram, Kerala, K.N.M., Mujahid, Madavoor Group, Muslim League, E.T. Muhammed Basheer, Team, Malayalam News, Kerala Vartha, Split in KNM is complete now.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.