ശ്രീകണ്ഠന്‍ നായരുടെ ചാനലിന് സ്റ്റുഡിയോ തലസ്ഥാനത്തെ പഴയ 'ഷക്കീല തിയേറ്റര്‍'

 


തിരുവനന്തപുരം: (www.kvartha.com 05.10.2014) ദൃശ്യ മാധ്യമ രംഗത്ത് അവതാരകനായി നിറഞ്ഞുനിന്ന ശേഷം പൊടുന്നനെ അപ്രത്യക്ഷനായ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ തുടങ്ങാനിരിക്കുന്ന ചാനലിന്റെ പ്രധാന സ്റ്റുഡിയോ തലസ്ഥാനത്തെ പൂട്ടിപ്പോയ തിയേറ്റര്‍. ശ്രീബാല തിയേറ്ററിലാണ് സ്റ്റുഡിയോ തയ്യാറാകുന്നത്. ശ്രീബാല തലസ്ഥാനത്ത് അറിയപ്പെട്ടിരുന്നത് അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്റര്‍ എന്ന പേരിലാണ്.

മലയാള സിനിമയില്‍ അത്തരം ചിത്രങ്ങളുടെ കാലം പൂര്‍ണമായി അവസാനിച്ചതോടെ തിയേറ്റര്‍ വന്‍ നഷ്ടത്തിലാവുകയും അത് നിര്‍ത്താന്‍ ഉടമ തീരുമാനിക്കുകയുമായിരുന്നു. ശ്രീകണ്ഠന്‍ നായരും മറ്റു ചില സ്വകാര്യ ടിവി ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖരും ചേര്‍ന്ന് പുതിയ ചാനല്‍ തുടങ്ങാന്‍ തീരുമാനിക്കുകയും അതിന് സ്റ്റുഡിയോക്ക് സ്ഥലം അന്വേഷിക്കുകയും ചെയ്തപ്പോഴാണ് ശ്രീബാല ഒഴിഞ്ഞുകിടക്കുന്നത് ചില മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പെടുത്തിയത്.

ചാനലിന് പിന്നിലുള്ളവര്‍ തിയേറ്റര്‍ ഉടമയുമായി സംസാരിച്ച് തീരുമാനമെടുത്തു. കെട്ടിടത്തിനുള്ളില്‍ ചാനല്‍ സ്റ്റുഡിയോയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കെട്ടിടം വാടകയ്ക്കാണ് എടുത്തിരിക്കുന്നത്.

കഥാകാരിയും പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയുമായ ശ്രീബാല കെ മേനോന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ തിയേറ്ററിനേക്കുറിച്ച് ഒരു കഥതന്നെ എഴുതിയിരുന്നു. ഷക്കീല എന്നായിരുന്നു കഥയുടെ പേര്. കഥാകാരി ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെടുന്ന ഷക്കീല എന്ന നവവധുവിന് അവളുടെ പേരിനേക്കുറിച്ച് തികഞ്ഞ അപകര്‍ഷതബോധം. ഷക്കീലച്ചിത്രങ്ങള്‍ തിയേറ്ററുകള്‍ നിറഞ്ഞോടുകയും ഷക്കീല സെക്‌സ് ബോംബായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന കാലമായിരുന്നു അത്. തന്റെ പേര് ശ്രീബാല എന്നാണെന്നും തിരുവന്തപുരത്ത് അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന്റെ പേരും ഇതുതന്നെയാണെന്നും ഷക്കീലയോടു കഥാകാരി പറയുന്നു. ആ വാക്കുകള്‍ ഷക്കീലയ്ക്ക് ആശ്വാസമാകുന്നുമുണ്ട്.

ഏതായാലും ശ്രീകണ്ഠന്‍ നായരുടെ ചാനല്‍ കുടുംബ പ്രേക്ഷകരെ ലക്ഷ്യംവയ്ക്കുന്ന വിനോദ ചാനലായിരിക്കും എന്നാണ് വിവരം. കഴിഞ്ഞ ജനുവരി മുതല്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇടക്കാലത്ത് കാര്യങ്ങള്‍ മന്ദഗതിയിലായി. കെ മുരളീധരന്റെ നേതൃത്വത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചു വേണ്ടെന്നുവച്ച ജനപ്രിയ ചാനല്‍ ഏറ്റെടുക്കാന്‍ ചില നീക്കങ്ങള്‍ നടന്നിരുന്നു. പക്ഷേ, അതും നിലച്ചു. ചാനല്‍ എപ്പോള്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യക്തമായിട്ടില്ല.
ശ്രീകണ്ഠന്‍ നായരുടെ ചാനലിന് സ്റ്റുഡിയോ തലസ്ഥാനത്തെ പഴയ 'ഷക്കീല തിയേറ്റര്‍'

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Thiruvananthapuram, New Channel, Kerala, Sreekandan Nair's new channel to be started at Sreebala theater.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia