Srikandapuram | 5 കോടിരൂപ ചെലവില്‍ ശ്രീകണ്ഠാപുരം നഗരം സൗന്ദര്യവത്കരിക്കുന്നു, പ്രതീക്ഷയോടെ കണ്ണൂരിലെ മലയോര മേഖല
Dec 23, 2022, 20:15 IST
ശ്രീകണ്ഠാപുരം: (www.kvartha.com) കണ്ണൂര്‍ ജില്ലയിലെ മലയോരത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ശ്രീകണ്ഠാപുരം നഗര സൗന്ദര്യവത്കരണ പ്രവൃത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 2022-23ലെ ബജറ്റില്‍ ഉള്‍പെടുത്തി അഞ്ചു കോടി രൂപ ചെലവിലാണ് സര്‍കാര്‍ നഗരം സൗന്ദര്യവത്കരിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് ശ്രീകണ്ഠാപുരം.
പാലക്കയംതട്ട്, പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതല്‍ പേരും ഇത് വഴിയാണ് കടന്നുപോകുന്നത്. എന്നാല്‍ നഗരത്തില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പതിവാണ്. ഇത് പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ കോട്ടൂര്‍ ഐ ടി ഐ ബസ് സ്റ്റോപ് മുതല്‍ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ അതിര്‍ത്തി വരെയും പയ്യാവൂര്‍ ഭാഗത്തേക്ക് കാക്കത്തോട് പാലം വരെയും ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കും.
തകര്‍ന്ന സ്ലാബുകള്‍ പുനര്‍നിര്‍മിക്കുകയും ആവശ്യമെങ്കില്‍ ഡ്രെയിനേജിന്റെ ഉയരം വര്‍ധിപ്പിക്കുകയും ചെയ്യും. ഡ്രെയിനേജ് ഇല്ലാത്ത ഭാഗങ്ങളില്‍ പുതിയത് നിര്‍മിച്ച് കവര്‍ സ്ലാബിട്ട് സുരക്ഷിതമാക്കും. ടൈല്‍, ഇന്റര്‍ലോക് എന്നിവ വിരിച്ച് മനോഹരമാക്കുന്ന നടപ്പാതയില്‍ കൈവരിയും ഒരുക്കും.
തണല്‍ മരങ്ങള്‍ക്ക് ചുറ്റും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങള്‍, വഴിയാത്രക്കാര്‍ക്കായി നഗരത്തില്‍ നിര്‍മിച്ചിട്ടുള്ള ടേക് എ ബ്രേക് കെട്ടിടത്തോട് ചേര്‍ന്ന് പൊതുമരാമത്ത് ഭൂമിയില്‍ ഓപണ്‍ സ്റ്റേജ്, ഇരിപ്പിടങ്ങള്‍ എന്നിവ സജ്ജമാക്കും. ഇതിനു പുറമേ സുരക്ഷിതമായ രാത്രി യാത്രക്കും നഗരത്തെ കൂടുതല്‍ മനോഹരമാക്കാനും 50 ലക്ഷം രൂപ ചെലവില്‍ പാതയോരത്ത് തെരുവ് വിളക്കുകളും സ്ഥാപിക്കും.
ശ്രീകണ്ഠപുരം ടൗണില്‍ നടന്ന ചടങ്ങില്‍ അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എം പി മുഖ്യാതിഥിയായി. ശ്രീകണ്ഠപുരം നഗരസഭ ചെയര്‍പേഴ്സന്‍ കെ വി ഫിലോമിന, വാര്‍ഡ് കൗണ്‍സിലര്‍ പി വി നസീമ, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യുടീവ് എന്‍ജിനീയര്‍ എം ജഗദീഷ്, അസിസ്റ്റന്റ് എക്സിക്യുടീവ് എന്‍ജിനീയര്‍ കെ പ്രവീണ്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി ബിനോയ്, വ്യാപാരി വ്യവസായി സംഘടന, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Srikandapuram is beautifying city at cost of Rs.5 crores, Kannur, News, Inauguration, Minister, Tourism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.