Incident | ട്രെയിന്‍ ബോഗിക്ക് നേരെ കല്ലേറ് നടത്തിയെന്ന കേസില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചു
യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംഭവം റെയില്‍വെ അധികൃതരെ അറിയിക്കുകയായിരുന്നു.
പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളെന്നാണ് പൊലീസ് നല്‍കുന്ന വിവരം
കണ്ണൂര്‍: (KVARTHA) പഴയങ്ങാടി റെയില്‍വേ പ്ലാറ്റ് ഫോമിന് സമീപം എത്താനിരിക്കെ ട്രെയിന്‍ ബോഗിക്ക് നേരെ കല്ലേറ് നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന നേത്രാവതി എക്‌സ് പ്രസ്സിന് നേരെയാണ് കല്ലേറുണ്ടായത്. പയ്യന്നൂര്‍ - പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് ഇടയില്‍ വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം.
യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംഭവം റെയില്‍വെ അധികൃതരെ അറിയിക്കുകയായിരുന്നു. കല്ലേറില്‍ യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പഴയങ്ങാടി സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയില്‍ കണ്ണൂര്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള ആളെന്നാണ് പൊലീസ് നല്‍കുന്ന വിവരം.