Attingal | ആറ്റിങ്ങല്‍ ആരുടെ കൂടെ; നടക്കുന്നത് അതിശക്തമായ ത്രികോണ മത്സരം; വിജയപ്രതീക്ഷയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍

 


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ഏറ്റവും ചൂടേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ആറ്റിങ്ങലില്‍ ശക്തമായ ത്രികോണമത്സരമാണ് ദൃശ്യമാകുന്നത്. മുപ്പതുവര്‍ഷം ഇടതുകോട്ടയായിരുന്ന ആറ്റിങ്ങല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ആഴത്തില്‍ വേരുകളുളള സ്ഥലങ്ങളിലൊന്നാണ്. കഴിഞ്ഞതവണയുണ്ടായ യുഡിഎഫ് തരംഗത്തിലൂടെയാണ് അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ പിടിച്ചെടുത്തത്. മണ്ഡലം നിലനിര്‍ത്താനായി ജനകീയനായ സിറ്റിങ് എംപി അടൂര്‍ പ്രകാശിനെ തന്നെയാണ് കോണ്‍ഗ്രസ് ഇക്കുറിയും കളത്തിലിറക്കുന്നത്.

Attingal | ആറ്റിങ്ങല്‍ ആരുടെ കൂടെ; നടക്കുന്നത് അതിശക്തമായ ത്രികോണ മത്സരം; വിജയപ്രതീക്ഷയില്‍ മുന്നണി സ്ഥാനാര്‍ഥികള്‍
 
മണ്ഡലം തിരിച്ചു പിടിക്കാനായി സിപിഎം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി ജോയിയെയാണ് രംഗത്തിറക്കിയത്. വര്‍ക്കല എം എല്‍ എയും തിരുവനന്തപുരം ജില്ലാ സെക്രടറിയുമായ വി ജോയി മണ്ഡലത്തില്‍ സുപരിചിതനാണ്. ജോയിയുടെ ജനകീയത വോടായി മാറുമെന്നാണ് സിപിഎമിന്റെ പ്രതീക്ഷ. ആറ്റിങ്ങലില്‍ താമര വിരിയിക്കാന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി ആറ്റിങ്ങല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുരളീധരന്‍ നല്ല അടിത്തറയുണ്ടാക്കിയിട്ടുണ്ടെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉള്‍പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം ശോഭാ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചു കഴിഞ്ഞ തവണ 25-ശതമാനം വോടു നേടിയിരുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ മണ്ഡലത്തിലുണ്ടാക്കിയ ബന്ധങ്ങളാണ് അടൂര്‍ പ്രകാശിന്റെ കരുത്ത്. വര്‍ക്കലയിലെ എം എല്‍ എയായ വി ജോയിയും താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

കമ്യുണിസ്റ്റ് പാര്‍ടി ആരെ നിര്‍ത്തിയാലും കണ്ണുംപൂട്ടി ജയിക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന മണ്ഡലങ്ങളിലൊന്നാണ് പഴയ ചിറയന്‍ കീഴ്. കേരളരാഷ്ട്രീയത്തിലെ അതികായകനായിരുന്ന ആര്‍ ശങ്കറിനെ വീഴ്ത്തിയ ചരിത്രവും ഈ ചുവന്ന മണ്ണിനുണ്ട്. സിപിഎമിലെ കെ അനിരുദ്ധനായിരുന്നു 1967- ല്‍ ആര്‍ ശങ്കറിനെ വീഴ്ത്തിയ ജയന്റ് കില്ലര്‍.

വയലാര്‍ രവിയും എ എ റഹീമും തലേക്കുന്നില്‍ ബശീറുമൊക്കെ പ്രതിനിധീകരിച്ച മണ്ഡലം 1989-ല്‍ സുശീല ഗോപാലനാണ് തലേക്കുന്നില്‍ ബശീറില്‍ നിന്നും പിടിച്ചെടുത്ത് ഇടതുപക്ഷത്തേക്ക് എത്തിച്ചത്. 1996-ല്‍ അനിരുദ്ധന്റെ മകന്‍ അഡ്വ. എ സമ്പത്ത് ചിറയന്‍ കീഴില്‍ ജനവിധി തേടിയെത്തിയപ്പോള്‍ മണ്ഡലം ഇരുകയ്യും നീട്ടി സ്വീകരിച്ചു. തുടര്‍ന്ന് മൂന്ന് ടേമിയില്‍ വര്‍ക്കല രാധാകൃഷ്ണന്‍ സിപിഎമിനായി മണ്ഡലം കാത്തു.

പിന്നീട് രണ്ടുതവണ കൂടി സമ്പത്ത് മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചു. എന്നാല്‍ കഴിഞ്ഞ തവണ അടൂര്‍ പ്രകാശിനു മുന്‍പില്‍ സമ്പത്തിന് കാലിടറി. മുപ്പതുവര്‍ഷത്തിന് ശേഷം മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ശബരിമല വിഷയം ആറ്റിങ്ങലില്‍ സ്വാധീനം ചെലുത്തിയിരുന്നു. ഇത്തവണ അത്തരം വിഷയങ്ങളൊന്നും അനുകൂലമാവില്ല. പൊതുരാഷ്ട്രീയ വിഷയങ്ങള്‍ തന്നെയാകും ആറ്റിങ്ങലിന്റെ വിധി നിര്‍ണയിക്കുക.

Keywords: Strong fight in Atingal, Thiruvananthapuram, News, Politics, Lok Sabha Election, Candidates, Politics, LDF, Congress, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia