സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ദാരുണമായി മരിച്ചു; കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പരിക്കേറ്റു, മൃതദേഹം പത്തു മിനിറ്റോളം സ്റ്റാന്‍ഡിനുള്ളില്‍ കിടന്നു

 


കോട്ടയം: (www.kvartha.com 06.12.2016) സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു. നാഗമ്പടം ബസ്സ്റ്റാന്‍ഡിനുള്ളില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ദാരുണമായി മരിച്ചു; കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും പരിക്കേറ്റു, മൃതദേഹം പത്തു മിനിറ്റോളം സ്റ്റാന്‍ഡിനുള്ളില്‍ കിടന്നു

അമിത വേഗത്തില്‍ പിന്നോട്ടെടുത്ത സ്വകാര്യ ബസ് കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിക്കും സാരമായി പരിക്കേറ്റു. ഒളശ പള്ളിക്കവല കൊച്ചുപറമ്പില്‍ സുഗുണന്‍- പ്രമീള (പ്രീത) ദമ്പതികളുടെ മകള്‍ അരുണിമ(11)യാണ് മരിച്ചത്. മുത്തശ്ശി ശാന്തമ്മയ്ക്കു സാരമായി പരിക്കേറ്റു.

ചങ്ങനാശേരി - പുതുപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജെന്നിമോന്‍ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിനുശേഷം പത്തു മിനിറ്റോളം കുട്ടിയുടെ മൃതദേഹം സ്റ്റാന്‍ഡിനുള്ളില്‍തന്നെ കിടന്നു.

ജനറല്‍ ആശുപത്രിയിലെ റിട്ട. ജീവനക്കാരിയായ ശാന്തമ്മയുടെ പെന്‍ഷന്‍ വാങ്ങി കൊച്ചുമകള്‍ക്കൊപ്പം ഒളശ ഭാഗത്തേക്കുള്ള ബസിനടുത്തേക്കു പോകവെ പിന്നോട്ടെടുത്ത സ്വകാര്യ ബസിന്റെ മുന്‍ വാതിലിലെ വിജാഗിരി അരുണിമയുടെ വസ്ത്രത്തില്‍ ഉടക്കുകയായിരുന്നു. ഇതോടെ നിലതെറ്റിയ കുട്ടി ബസിന്റെ അടിയിലേക്കു വീണു. 

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശാന്തമ്മയും ബസിനടിയിലേക്കു വീണു. കുട്ടിയുടെ തലയിലൂടെ ബസിന്റെ മുന്നിലെ ഇടതു ചക്രങ്ങള്‍ കയറിയിറങ്ങി. അപകടം കണ്ട യാത്രക്കാര്‍ ബഹളംവച്ചതോടെ ഡ്രൈവര്‍ വീണ്ടും ബസ് മുന്നിലേക്ക് എടുത്തു. ഇതോടെ ഒരു തവണകൂടി വാഹനത്തിന്റെ ചക്രങ്ങള്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

യാത്രക്കാര്‍ ബഹളം വെച്ചതോടെ ഡ്രൈവര്‍ ബസിനുള്ളില്‍ നിന്ന് ഇറങ്ങിയോടി. യാത്രക്കാരനായ കുടമാളൂര്‍ ഇരവീശ്വരം ഇടപ്പള്ളി വില്ല തപസ്യയില്‍ ഗോപാലകൃഷ്ണനാണ് ബസിനടിയില്‍ നിന്നു ശാന്തമ്മയെ പുറത്തെത്തിച്ചത്. വീഴ്ചയില്‍ ഇവര്‍ക്ക് സാരമായി പരിക്കേറ്റു. എന്നാല്‍ അപകടം നടന്ന സ്ഥലത്ത് ആളുകള്‍ കൂടിയെങ്കിലും ബസിനടിയില്‍ നിന്നു മൃതദേഹം പുറത്തെടുക്കാനോ, ആശുപത്രിയില്‍ എത്തിക്കാനോ ആരും തയാറായില്ല. ഒടുവില്‍ ഈസ്റ്റ് എസ്‌ഐ യു.ശ്രീജിത്ത് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ ശാന്തമ്മയെയും കുട്ടിയെയും ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വിദഗ്ധ ചികിത്സയ്ക്കായി ശാന്തമ്മയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഡ്രൈവര്‍മാത്രമാണ് ഉണ്ടായിരുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. മറ്റൊരു ബസുമായി മത്സരിച്ചു സ്റ്റാന്‍ഡ് പിടിക്കുന്നതിനായി അമിത വേഗത്തിലാണ് ബസ് പിന്നോട്ടെടുത്തത്. ബസിലെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സൂചനയുണ്ട്. ഈസ്റ്റ് പോലീസ് കേസെടുത്തു. സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അരുണിമ. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ചൊവ്വാഴ്ച രണ്ടുണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Also Read:
പൊയിനാച്ചിയിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് കവര്‍ച്ച; ഒരു പ്രതിയുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി

Keywords:  Student killed in  bus accident,  Kottayam, Medical College, Injured, Treatment, Child, Injured, Dead Body, Police, Vehicles, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia