പുഴയില്‍ വീണ പന്ത് എടുക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
Feb 2, 2022, 15:18 IST
കൊടുങ്ങല്ലൂര്‍: (www.kvartha.com 02.02.2022) പുഴയില്‍ വീണ പന്ത് എടുക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പൂവത്തുംകടവ് പച്ചാമ്പുള്ളി സുരേഷിന്റെ മകന്‍ സുജിത്ത് (അപ്പു- 13), പൂവത്തുംകടവില്‍ താമസിക്കുന്ന കാട്ടൂര്‍ പനവളപ്പില്‍ വേലായുധന്റെ മകന്‍ അതുല്‍കൃഷ്ണ (കുട്ടന്‍- 18) എന്നിവരാണ് മരിച്ചത്.
എസ് എന്‍ പുരം പൂവത്തുംകടവില്‍ കനോലി കനാലില്‍ ചൊവ്വാഴ്ച വൈകിട്ടാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. കൂട്ടുകാരുമൊത്ത് പൂവത്തുംകടവ് പാലത്തിനടിയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് തൊട്ടടുത്ത പുഴയില്‍ വീഴുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
എന്നാല്‍ വേലിയിറക്ക സമയമായതിനാല്‍ പന്ത് വേഗത്തില്‍ ഒഴുകി പോയി. ഇതിനിടെ പന്തെടുക്കാന്‍ ഇറങ്ങിയ സുജിത്തും അതുലും ഒഴുക്കില്‍പെടുകയായിരുന്നു. കൂട്ടുകാരായ അഭയ് കൃഷ്ണയും ശ്രീശാന്തും പുഴയില്‍ ഇറങ്ങിയെങ്കിലും ഒഴുക്കില്‍ മുന്നോട്ട് പോകാനാകില്ല. കരയിലുണ്ടായിരുന്ന കുട്ടികള്‍ ഒച്ചവെച്ചതോടെ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
മതിലകം പൊലീസും കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ മൃതപ്രായനായ നിലയില്‍ സുജിത്തിനെ കിട്ടി. പിറകെ 6.35ന് അതുലിനെയും മുങ്ങിയെടുത്തു. രണ്ട് പേരെയും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇലക്ട്രോണിക്‌സ് ഡിപ്ലോമ വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ. മാതാവ്: ബിന്ദു. സഹോദരി: ഐശ്വര്യ.
സുജിത്ത് മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ഷെറീന. സഹോദരങ്ങള്‍: സുപ്രിയ, അലയ്ഡ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.