Tribute | 'അത്തരം അപൂര്‍വം പ്രതിഭകളേ ഉണ്ടാകാറുള്ളൂ', എംടിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു 

 
MT's Contribution to Malayalam Literature
MT's Contribution to Malayalam Literature

Photo Credit: X/ Pinarayi Vijayan

● സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതില്‍ എന്നും ജാഗ്രത പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു എം ടി വാസുദേവന്‍ നായര്‍. 
● മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന് എം ടിയുടെ മുന്‍കൈയില്‍ നല്‍കപ്പെട്ട ആദരമാണ് തുഞ്ചന്‍ പറമ്പിന്റെ നവീകരണം. 
● ഓരോ ഭാഷയിലും നിരവധി സാഹിത്യകാരന്മാരുണ്ടാകാറുണ്ട്. 

(KVARTHA) ചങ്ങമ്പുഴയ്ക്കു ശേഷം മലയാളി ഇത്രയേറെ വായിച്ച മറ്റൊരു സാഹിത്യകാരനുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.ടിയുടെ സാഹിത്യ രചനകൾ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം, പുരോഗമനപരമായ ചിന്തകൾ, മതനിരപേക്ഷ നിലപാട്, സാമൂഹിക പ്രതിബദ്ധത, വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ കഴിവുകൾ എന്നിവയെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിക്കുന്നു. 

മുഖ്യമന്ത്രി എഴുതുന്നു:

സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതില്‍ എന്നും ജാഗ്രത പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു എം ടി വാസുദേവന്‍ നായര്‍. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കൃതി തന്നെ മതിയാകും അദ്ദേഹത്തിലെ ഈ പുരോഗമനോന്മുഖ സ്വഭാവം തിരിച്ചറിയാന്‍. പിന്നീടത് ചലച്ചിത്രമായി മാറിയപ്പോള്‍ തനിക്ക് പറയാനുള്ള ഉല്‍പതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകള്‍ സധൈര്യം അദ്ദേഹം അതിലൂടെ മുന്നോട്ടുവെച്ചു. ‘ഇന്നാണെങ്കില്‍ നിര്‍മാല്യം പോലെ ഒരു ചിത്രം എടുക്കാന്‍ എനിക്ക് കഴിഞ്ഞേക്കില്ല’ എന്നൊരിക്കല്‍ അദ്ദേഹം നടത്തിയ പ്രസ്താവന മാറിവരുന്ന ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കുനേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു.

സമൂഹത്തിന്റെ ഉത്കര്‍ഷത്തിന് മതവേര്‍തിരിവില്ലാത്ത മനുഷ്യസ്‌നേഹവും ഐക്യവും പുരോഗമനചിന്തയും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ആ ആശയം തന്റെ എഴുത്തുകളില്‍ സര്‍ഗാത്മകമായി ചേര്‍ത്തു. ഒപ്പം, ഓരോ കാലഘട്ടത്തിലും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലുണ്ടാവുന്ന മൂല്യചുതിക്കെതിരെ രംഗത്തുവരുകയും ചെയ്തു. ചെറുക്കേണ്ടതിനെ ചെറുക്കാനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനും കഴിയുന്ന വിധത്തില്‍ സമൂഹത്തെ പാകപ്പെടുത്തുന്നതിന് അദ്ദേഹം എഴുത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന് എം ടിയുടെ മുന്‍കൈയില്‍ നല്‍കപ്പെട്ട ആദരമാണ് തുഞ്ചന്‍ പറമ്പിന്റെ നവീകരണം. തുഞ്ചന്‍ പറമ്പിനെ വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അതിനെ അദ്ദേഹം ജാഗ്രതയോടെ ചെറുത്തു. എം ടി എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. ആ മൂല്യം മുറുകെപ്പിടിക്കുന്നതിലും അതിനായി നിലകൊള്ളുന്നതിലും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ശ്രദ്ധ ചെലുത്തി. അത് പലപ്പോഴും പ്രതിലോമ ആശയങ്ങളുടെ പ്രചാരകര്‍ക്ക് അലോസരമുണ്ടാക്കുകയും ചെയ്തു. അത് ഭീഷണിയുടെ തലത്തിലെത്തിയപ്പോള്‍ പോലും അദ്ദേഹം കുലുങ്ങിയില്ല. ഉറച്ച മനസ്സോടെ നിന്നു.

നാലുകെട്ടിലും അസുരവിത്തിലും ഒക്കെ മതാതീതമായ മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മുഹൂര്‍ത്തങ്ങള്‍ ഉള്‍ച്ചേര്‍ത്ത എം ടി സ്വന്തം ജീവിതത്തില്‍ മതനിരപേക്ഷ നിലപാടു വിട്ടുവീഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിച്ചത് സ്വാഭാവികം തന്നെ. തന്റെ ഏതെങ്കിലുമൊരു വാക്കോ പ്രവൃത്തിയോ ഇടതുപക്ഷത്തിന് പോറലേല്‍പ്പിക്കുന്നതാവരുത് എന്ന കാര്യത്തില്‍ തന്റെ സാഹിത്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പ്രത്യേക നിഷ്‌ക്കര്‍ഷ പുലര്‍ത്തിയിരുന്നു എം ടി എന്നത് പ്രത്യേകം പറയേണ്ടതുണ്ട്.

മലയാളം ലോകസാഹിത്യത്തിനു നല്‍കിയ അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളാണ് എം ടി. ഏതെങ്കിലും ഒരു കള്ളിയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല എം ടിയുടെ പ്രതിഭ. പ്രഗത്ഭനായ ചലച്ചിത്രകാരന്‍, മികച്ച പത്രാധിപര്‍ എന്നീ നിലകളിലും അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തില്‍ തനതായ മുദ്ര പതിപ്പിച്ചു.  

ഓരോ ഭാഷയിലും നിരവധി സാഹിത്യകാരന്മാരുണ്ടാകാറുണ്ട്. എന്നാല്‍, സാഹിത്യപ്രേമികളുടെ ബുക്ക് ഷെല്‍ഫുകളില്‍ നിര്‍ബ്ബന്ധമായും ഇടം പിടിച്ചിരിക്കേണ്ട, നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട അപൂര്‍വ്വം പ്രതിഭകളേ ഉണ്ടാകാറുള്ളൂ. ഇംഗ്ലീഷ് സാഹിത്യം ഇഷ്ടപ്പെടുന്നവര്‍ ഷേക്‌സ്പിയറിനെയും ഫ്രഞ്ച് സാഹിത്യം ഇഷ്ടപ്പെടുന്നവര്‍ വിക്ടര്‍ യൂഗോയെയും വായിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. മലയാളത്തിന്റെ കാര്യമെടുത്താല്‍ ആ സ്ഥാനം എം ടിക്കു കൂടി അവകാശപ്പെട്ടതാണ്. മഞ്ഞും അസുരവിത്തും കാലവും രണ്ടാമൂഴവും ഒക്കെ അലങ്കരിക്കാത്ത ബുക്ക് ഷെല്‍ഫുകള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. 

ചങ്ങമ്പുഴയ്ക്കു ശേഷം മലയാളി ഇത്രയേറെ വായിച്ച മറ്റൊരു സാഹിത്യകാരനുണ്ടാകില്ല.
സാഹിത്യമോ സിനിമയോ പത്രപ്രവര്‍ത്തനമോ ഏതു രംഗവുമാകട്ടെ അവിടെയെല്ലാം മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മികവാര്‍ന്ന പുസ്തകങ്ങള്‍ കൊണ്ട് സാഹിത്യത്തെയും സിനിമകള്‍ കൊണ്ട് ചലച്ചിത്ര രംഗത്തെയും അദ്ദേഹം ശ്രദ്ധേയമാക്കി. പത്രാധിപരായിരുന്ന കാലത്താകട്ടെ പല തലമുറകളില്‍പ്പെട്ട അനേകം എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു. അതാകട്ടെ, മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും മുതല്‍ക്കൂട്ടായി. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ പരിപോഷിപ്പിക്കുന്നതില്‍ എം ടി നല്‍കിയ സംഭാവനകള്‍ താരതമ്യമില്ലാത്തതാണ്. 

എം ടി ഒരു പാഠപുസ്തകമാണ്. ആ ജീവിതത്തിലെ ഓരോ ഏടും ഓരോ ഇഴയും വേറിട്ടു പരിശോധിക്കുന്നത് സാഹിത്യ പഠിതാക്കള്‍ക്ക് ഉപകാരപ്രദമായ ഒന്നാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തില്‍ നിന്നും നമുക്കു പഠിച്ചെടുക്കാനാവും. സാഹിത്യരംഗത്തേക്കു കടന്നുവരുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘കാഥികന്റെ പണിപ്പുര’. ചങ്ങമ്പുഴ 

സാഹിത്യത്തെക്കുറിച്ച് ഇഴകീറി പരിശോധിക്കാന്‍ ഞാനാളല്ല. എന്നാല്‍, എം ടിയുടെ ചില സവിശേഷതകള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ നാടിന്റെ ചരിത്രപരമായ എല്ലാ അംശങ്ങളെയും സ്വാംശീകരിക്കാന്‍ അദ്ദേഹത്തിന്റെ രചനകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. മിത്തുകളുടെ പുനര്‍വായന, ഫ്യൂഡലിസത്തിന്റെ തകര്‍ച്ച, പുരോഗമന ചിന്തകളുടെ വരവ്, ആഗോളവത്ക്കരണം, പ്രവാസം എല്ലാം തന്നെ അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയമായി. അങ്ങനെ നോക്കുമ്പോള്‍ ഈ നാടിന്റെ പൊളിറ്റിക്കല്‍ - ഹിസ്റ്റോറിക്കല്‍ ക്രോണിക്കിള്‍ കൂടിയാണ് ആ സൃഷ്ടികള്‍. 

സാധാരണ മിത്തുകളെ അധികരിച്ച് രചനകളുണ്ടാവുമ്പോള്‍ അവ വ്യാഖ്യാനങ്ങളായി മാറുകയാണ് പതിവ്. എന്നാല്‍, അതില്‍ നിന്നു വഴിമാറി സഞ്ചരിച്ച അപൂര്‍വ്വം കൃതികളേയുള്ളൂ. മിത്തുകളുടെ കഥാസന്ദര്‍ഭത്തോടൊപ്പം തന്നെ അവ വര്‍ത്തമാനകാല സമൂഹത്തെ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നതുകൊണ്ടാണ് അത്തരം കൃതികള്‍ കാലത്തെ അതിജീവിക്കുന്നത്. അതുതന്നെയാണ് രണ്ടാമൂഴത്തിന്റെ സവിശേഷത. മാറ്റിനിര്‍ത്തപ്പെടുന്നതിന്റെ, എന്നും രണ്ടാംമൂഴക്കാരനായി പോകേണ്ടി വരുന്നതിന്റെ വ്യഥ നമുക്ക് ഭീമന്റെ മനസ്സില്‍ നിന്ന് എം ടി പകര്‍ന്നു നല്‍കുന്നു. 

എന്നും പുരോഗമനപക്ഷം ചേര്‍ന്നു സഞ്ചരിച്ച എഴുത്തുകാരനാണ് എം ടി. അത് സിനിമയിലുമതേ, സാഹിത്യത്തിലുമതേ. നാലുകെട്ട് എന്ന കൃതി അവസാനിക്കുന്നത് പുതിയ കാറ്റും വെളിച്ചവും കയറുന്ന വീടു പണിയണമെന്ന പരാമര്‍ശത്തോടു കൂടിയാണ്. ഫ്യൂഡലിസം തകര്‍ന്നു, പുതിയൊരു സമൂഹമായി പരിണമിക്കാന്‍ മലയാളി ഒരുങ്ങുന്നു എന്നുകൂടി അതിനര്‍ത്ഥമുണ്ട്. പുരോഗമന ചിന്തകളുടെ കടന്നുവരവിനെ ഇത്രയേറെ പ്രതീകാത്മകമായി അവതരിപ്പിച്ച രചനകള്‍ അധികമുണ്ടാവില്ല. 

കഥയുടെ കൈയടക്കത്തെക്കുറിച്ച് പഠിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ രചനകള്‍. സ്ത്രീസമൂഹത്തിന്റെ ദുഃഖങ്ങളും പരിദേവനങ്ങളും വിഷയമാക്കിയ ‘ഓപ്പോള്‍’, ആഗോളവല്‍ക്കരണ കാലത്തെ വിപണിസംസ്‌കാരത്തെ പ്രതിഫലിപ്പിച്ച ‘വില്‍പ്പന’, സാമ്രാജ്യത്വത്തിന്റെ കടന്നുവരവിനെ വരച്ചുകാട്ടിയ ‘ഷെര്‍ലക്’, തുടങ്ങി ‘കാഴ്ച’ വരെയുള്ള ഓരോ കഥയിലും ഈ കൈയടക്കം നമുക്ക് കാണാന്‍ കഴിയും. കഥനത്തിന്റെ ഒരു പാളി മുകളില്‍ സ്ഥാപിച്ചുകൊണ്ട് അതിനടിയില്‍ അനേകം സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. പുതുതലമുറ എഴുത്തുകാര്‍ പഠിക്കേണ്ട ഒന്നാണ് കഥയെഴുത്തിലെ ആ ക്രാഫ്റ്റ്.

കലാസൃഷ്ടികളെ കേരളസമൂഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്ന ഒരു കാലഘട്ടമാണിത്. പ്രൊപ്പഗണ്ട സിനിമകള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നുണകള്‍ പ്രചരിപ്പിക്കുന്നു. കേരളത്തെ ഇകഴ്ത്തിക്കാട്ടുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ തന്നെ അത്തരം സിനിമകള്‍ പ്രചരിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് ‘നിര്‍മ്മാല്യ’വും ‘ഓളവും തീരവും’ പോലെയുള്ള സിനിമകളും അവയുടെ ആശയങ്ങളും പ്രാധാന്യമര്‍ഹിക്കുന്നത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല എം ടി മലയാളത്തില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുള്ളത്. മികച്ച ഒരു വായനക്കാരന്‍ കൂടിയായിരുന്നു അദ്ദേഹം. ലോകസാഹിത്യത്തിലെ വിഖ്യാതമായ എത്രയോ കൃതികളെ തന്റെ വായനാനുഭവത്തിലൂടെ അദ്ദേഹം മലയാളികള്‍ക്ക് പരിചയപ്പെടുത്തി. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളാണ് അവയെല്ലാം. 

ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ ലോകസാഹിത്യ വിഹായസ്സിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും കൈപിടിച്ചാനയിക്കുകയാണ് എം ടി ചെയ്തത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതല്‍ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം ടിയെ തേടിയെത്തിയിരുന്നു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗം, തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നല്‍കിയ സേവനങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടും.

#MTVasudevanNair #PinarayiVijayan #MalayalamLiterature #ProgressiveThought #KeralaCulture #Secularism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia