ബഹളങ്ങളില്ലാതെ 'സുധീരന്‍ ഗ്രൂപ്പ്' പിറന്നു; സുധീരന്‍ നേരിട്ടു രംഗത്തില്ല

 


തിരുവനന്തപുരം: (www.kvartha.com 28.09.2015) എ,ഐ ഗ്രൂപ്പുകള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പിടിമുറുക്കിയിരിക്കുന്നതിനെതിരെ പ്രത്യേക പ്രഖ്യാപനങ്ങളില്ലാതെ പുതിയ ഗ്രൂപ്പ് പിറന്നു. മുമ്പ് ജി കാര്‍ത്തികേയന്റെ നേതൃത്വത്തിലുണ്ടായിരുന്ന മൂന്നാം ഗ്രൂപ്പും വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പും ഇല്ലാതായ ശേഷം ഇതാദ്യമാണ് സംസ്ഥാനതലത്തില്‍ വേരുകളുള്ള പുതിയ ഗ്രൂപ്പ് പിറക്കുന്നത്.

കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ് ഈ ഐ,എ വിരുദ്ധ ഗ്രൂപ്പിന്റെ നേതാവ്. എന്നാല്‍ അദ്ദേഹം ഗ്രൂപ്പ് യോഗങ്ങളില്‍ നേരിട്ടു പങ്കെടുക്കില്ല. സുധീരനെ ഒതുക്കി സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ കാര്യങ്ങളും സ്വന്തമായി നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രീതികളോട് വിയോജിപ്പുള്ളവരാണ് പുതിയ മൂന്നാം ഗ്രൂപ്പിലുള്ളത്. കെപിസിസി ട്രഷരര്‍ ജോണ്‍സണ്‍ ഏബ്രഹാം, ടി എന്‍ പ്രതാപന്‍ എംഎല്‍എ, സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ ഈ ഗ്രൂപ്പിന്റെ നേതൃനിരയിലുണ്ട്. അഴിമതിക്കെതിരായ ശക്തമായ നിലപാടായിരിക്കും സുധീരന്‍ ഗ്രൂപ്പിന്റെ മുഖ്യ നയം.

ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം മാനിക്കാതെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സുധീരനെ കെപിസിസി പ്രസിഡന്റാക്കിയത്. അന്നുമുതല്‍ രണ്ടു നേതാക്കളും അവരുടെ ഗ്രൂപ്പുകളും സുധീരനെ സ്വസ്ഥമാക്കി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്ന വികാരം ഗ്രൂപ്പുകള്‍ക്ക് അതീതമായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളിലും പ്രവര്‍ത്തകരിലും ശക്തമാണ്. ബാര്‍ വിഷയത്തില്‍ അതു പുറത്തുവന്നെങ്കിലും കണ്‍സ്യൂമര്‍ഫെഡ് പ്രശ്‌നത്തിലും കോണ്‍ഗ്രസ് ബ്ലോക്ക്, ഡിസിസി പുനസംഘടനാ പ്രശ്‌നത്തിലും അത് രൂക്ഷമായി.

പുനസംഘടനയില്‍ എ, ഐ ഗ്രൂപ്പുകളുടെ പതിവു വീതംവയ്പിനു  സുധീരന്‍ തയ്യാറാകാതിരുന്നത് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പ്രകോപിപ്പിച്ചിരുന്നു. പ്രാദേശിക തലത്തില്‍ സ്ഥാനങ്ങള്‍ പ്രതീക്ഷിച്ച പലര്‍ ഐ,എ ഗ്രൂപ്പുകാര്‍ക്കും അത് കിട്ടിയുമില്ല. മാത്രമല്ല, തന്റെ വിശ്വസ്ഥരെ വിവിധ ബ്ലോക്ക് കമ്മിറ്റികളിലും ഡിസിസികളിലും സുധീരന്‍ 'തിരുകിക്കയറ്റുന്നു' എന്നും രണ്ടു ഗ്രുപ്പുകളും പ്രചരിപ്പിക്കുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം മതി പുനസംഘടന എന്നു രണ്ടു ഗ്രൂപ്പുകളും ആവശ്യപ്പെട്ടത്.

ഇത് സുധീരന്‍ തള്ളിയതോടെ അദ്ദേഹത്തിനെതിരെ പരാതി പറയാന്‍ രമേശ് ചെന്നിത്തല ഡല്‍ഹിക്കു പോവുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം ഡല്‍ഹിയിലെത്തിയ സുധീരന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് മികച്ച സ്വീകരണമാണു കിട്ടിയത്. ഇപ്പോഴത്തേതു പോലെ മുന്നോട്ടു പോകുമെന്ന് രാഹുലുമായുള്ള യോഗത്തിനു ശേഷം സുധീരന്‍ പറയുകകൂടി ചെയ്തതോടെ എ. ഐ ഗ്രൂപ്പുകള്‍ക്ക് ഒന്നും മിണ്ടാനില്ലാതായി.

കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ചെയര്‍മാനും ഐ ഗ്രൂപ്പുകാരനുമായ
ജോയി തോമസിനെ മാറ്റണം എന്ന നിലപാടാണ് സുധീരന്‍ സ്വീകരിച്ചത്. ആ ആവശ്യം ഉന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. തൊട്ടുപിന്നാലെ കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കണ്‍സ്യൂമര്‍ഫെഡ് അഴിമതിയും സിബിഐ അന്വേഷിക്കണമെന്ന് സുധീന്‍ പക്ഷം ആവശ്യപ്പെടാന്‍ ഇതൊരു കാരണമായി മാറി.

ടി എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. മാത്രമല്ല, കണ്‍സ്യൂമര്‍ഫെഡില്‍ വന്‍ അഴിമതിയാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് അവിടുത്തെ ഡയറക്ടര്‍ബോര്‍ഡ് അംഗമായ സതീശന്‍ പാച്ചേനി കെപിസിസി പ്രസിഡന്റിനു നല്‍കി. അതിനു തൊട്ടുപിന്നാലെയാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

ഇതെല്ലാമായതോടെ ഗ്രൂപ്പടിസ്ഥാനത്തില്‍ത്തന്നെ സംഘടിച്ച് അഴിമതിക്കും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ കെടുതികള്‍ക്കുമെതിരേ പ്രതികരിക്കാന്‍ സുധീരന്‍ പക്ഷം തീരുമാനിക്കുകയാണുണ്ടായത്.
ബഹളങ്ങളില്ലാതെ 'സുധീരന്‍ ഗ്രൂപ്പ്' പിറന്നു; സുധീരന്‍ നേരിട്ടു രംഗത്തില്ല

Also Read:
വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

Keywords:  Sudheeran group launched against groupism and corruption, Thiruvananthapuram, Congress, KPCC, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia