ഖേദം പ്രകടിപ്പിക്കാന്‍ സുധീരന്‍ ഫോണില്‍ വിളിച്ചു; പരസ്യമായി മാപ്പു പറയണമെന്ന് ഷാനിമോള്‍

 


തിരുവനന്തപുരം: (www.kvartha.com 15.05.2014) മദ്യലോബിയുടെ ആളായി ചിത്രീകരിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി ഉറച്ചുനില്‍ക്കുന്ന മുന്‍ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. ഷാനിമോള്‍ അതിനോടു കാര്യമായി പ്രതികരിച്ചില്ല.

എന്നാല്‍, ഫോണില്‍ വിളിച്ച് എന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ലെന്നും പരസ്യമായി മാപ്പു പറയുകയാണു വേണ്ടതെന്നും പിന്നീട് ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ഒന്നുകില്‍ മദ്യലോബിയുടെ ആളാണു താന്‍ എന്ന ആരോപണം തിരുത്തുക, അല്ലെങ്കില്‍ പരസ്യമായി മാപ്പു പറയുക എന്ന നിലപാടാണ് ഷാനിമോള്‍ സ്വീകരിച്ചിരിക്കുന്നത്. ഷാനിമോളെ പിന്തുണച്ചും സുധീരനെ വിമര്‍ശിച്ചും കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ഡി സതീശനും നിലപാട് ആവര്‍ത്തിച്ചു. സുധീരന്‍ ബുഷിനെപ്പോലെയാണ് എന്നാണ് ഇതേ വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സതീശന്‍ പറഞ്ഞത്.
ഖേദം പ്രകടിപ്പിക്കാന്‍ സുധീരന്‍ ഫോണില്‍ വിളിച്ചു; പരസ്യമായി മാപ്പു പറയണമെന്ന് ഷാനിമോള്‍

'എന്റെയൊപ്പം നില്‍ക്കുക അല്ലെങ്കില്‍ നിങ്ങള്‍ ഭീകരവാദികള്‍ക്കൊപ്പമാണ്' എന്ന മുന്‍ യു.എസ് പ്രസിഡണ്ട് ജോര്‍ജ് ബുഷിന്റെ കുപ്രസിദ്ധ പരാമര്‍ശം പോലെയാണ് സുധീരന്റെ നിലപാട്. തനിക്കൊപ്പമല്ലാത്തവരെല്ലാം മദ്യലോബിക്കൊപ്പം എന്നാണ് അദ്ദേഹം പറയുന്നത്. നമ്മള്‍ ബുഷിന്റെയൊപ്പവും ഭീകരവാദികള്‍ക്കൊപ്പവുമല്ലാത്തതുപോലെതന്നെ ഇക്കാര്യത്തിലും തുറന്നു പറയേണ്ടിവരും- സതീശന്‍ വിശദീകരിക്കുന്നു.

കെ.സി വേണുഗോപാലിനെ പേരെടുത്തു പറയാതെ കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ താന്‍ ഉന്നയിച്ച വിമര്‍ശനത്തിന്റെ പേരില്‍ പരസ്യമായി താക്കീതു ചെയ്ത സുധീരന്റെ നിലപാട് ചോദ്യം ചെയ്ത് ഷാനിമോള്‍ എഴുതിയ കത്ത് പുറത്തുവന്നിരുന്നു. അതേത്തുടര്‍ന്നാണ് ഷാനിമോള്‍ മദ്യലോബിയുടെ ആളാണ് എന്ന് സുധീരന്‍ പറഞ്ഞത്. ഇത് വന്‍ വിവാദമായതിന് പിന്നാലെയാണ് സുധീരന്‍ അവരെ ഫോണില്‍ വിളിച്ചു ഖേദം പ്രകടിപ്പിച്ചത്. താന്‍ മനപ്പൂര്‍വം അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും വേദനിപ്പിച്ചെങ്കില്‍  ക്ഷമിക്കണം എന്നും സുധീരന്‍ പറഞ്ഞതായാണു സൂചന.

ഖേദം പ്രകടിപ്പിക്കാന്‍ സുധീരന്‍ ഫോണില്‍ വിളിച്ചു; പരസ്യമായി മാപ്പു പറയണമെന്ന് ഷാനിമോള്‍കത്ത് താനല്ല ചോര്‍ത്തിയത് എന്ന് ഷാനിമോള്‍ ആവര്‍ത്തിച്ചു. മാത്രമല്ല, കെ.സി വേണുഗോപാലിനെ സരിതാ ബന്ധത്തിന്റെ പേരില്‍ താന്‍ കെ.പി.സി.സി യോഗത്തില്‍ വിമര്‍ശിച്ചു എന്ന് പരസ്യമായി ആവര്‍ത്തിക്കുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ട്. വേണുഗോപാലിനെ ഉന്നംവച്ചു നടത്തുന്ന നീക്കം തന്റെ ചെലവിലാക്കാനാണ് ചിലരുടെ ശ്രമം.

തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാനും എം.പിയാകാനുമൊക്കെ ആഗ്രഹിക്കുന്നത് തെറ്റൊന്നുമല്ലെന്നും സുധീരനു മറുപടിയായി അഭിമുഖത്തില്‍ ഷാനിമോള്‍ പറയുന്നുണ്ട്. കെ.സി വേണുഗോപാലിനു വേണ്ടി ആലപ്പുഴയില്‍ താന്‍ പ്രചാരണത്തിന് ഇറങ്ങാതിരുന്നത് വേണുഗോപാലോ ഡി.സി.സി പ്രസിഡണ്ടോ വിളിക്കാതിരുന്നതുകൊണ്ടാണ്. ആലപ്പുഴയില്‍ കോണ്‍ഗ്രസിലെ ഏതു പ്രോട്ടോക്കോള്‍ വച്ചു നോക്കിയാലും താന്‍ ആദ്യത്തെ 10 പേരിലുണ്ടാകും. അങ്ങനെയുള്ള തന്നെ വിളിക്കാനുള്ള സാമാന്യ മര്യാദ കാട്ടാതിരിക്കുമ്പോള്‍ താന്‍ എന്തിനു പ്രചാരണത്തിനു പോകണം? അവര്‍ ചോദിച്ചു.

അതിനിടെ, ഷാനിമോളെ രൂക്ഷമായി ചാനല്‍ ചര്‍ച്ചകളില്‍ ആക്രമിക്കുന്ന അജയ് തറയില്‍ എം.എല്‍.എ കഴിഞ്ഞ ദിവസം പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിലാപ്പോള്‍ ആദ്യം ഓടിയെത്തി ഷാനിമോള്‍ തന്റെ ഗ്രൂപ്പതീത മനുഷ്യത്വം പ്രകടിപ്പിച്ചു. മുന്‍ ആലുവ എം.എല്‍.എ കെ. മുഹമ്മദലിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അജയ് തറയിലിന് പക്ഷാഘാതം ഉണ്ടായത്. പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ഗുരുതരമായില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thiruvananthapuram, Congress, V.M Sudheeran, V.D Satheeshan, MLA, MPs, Controversy, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia