Feast | പിആര്‍ ശ്രീജേഷിനും കുടുംബത്തിനും സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: (KVARTHA) ഒളിംപിക്‌സ് ഹോക്കിയിലെ വെങ്കല മെഡല്‍ ജേതാവും മലയാളിയുമായ പിആര്‍ ശ്രീജേഷിനും കുടുംബത്തിനും സദ്യയൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്തെ വീട്ടിലാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശ്രീജേഷിനു സദ്യയൊരുക്കിയത്.
ഒളിംപിക്‌സ് മെഡല്‍ ശ്രീജേഷ് കേന്ദ്രമന്ത്രിക്ക് കാണിച്ചു കൊടുത്തു. ഇന്ത്യയ്ക്കായി വിയര്‍ത്തു നേടിയ ഈ മെഡലുകള്‍ക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോടു കടപ്പെട്ടിരിക്കുന്നതായി സുരേഷ് ഗോപി പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, മക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു. ശ്രീജേഷിന്റേയും കുടുംബത്തിന്റെയും ചിത്രം സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.
കായിക-വിദ്യാഭ്യാസ മന്ത്രിമാര്‍ തമ്മിലുള്ള പോരിനെ തുടര്‍ന്ന് തിങ്കളാഴ്ച ശ്രീജേഷിനായി നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കിയിരുന്നു. കായിക വകുപ്പ് മന്ത്രിയുടെ പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണം റദ്ദാക്കിയത്. കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമായിരുന്നു പരിപാടി മാറ്റിയ കാര്യം ശ്രീജേഷിനെ അറിയിച്ചത്.
#SureshGopi #PRSreejesh #IndianHockey #Olympics #Kerala #India #Sports #Politics