പല തവണ ആവശ്യപ്പെട്ടിട്ടും അണികള്‍ സാമൂഹിക അകലം പാലിച്ചില്ല; പരിപാടി പൂര്‍ത്തിയാക്കാതെ മടങ്ങി സുരേഷ് ഗോപി എംപി

 


കൊട്ടാരക്കര: (www.kvartha.com 20.09.2021) പല തവണ ആവശ്യപ്പെട്ടിട്ടും അണികള്‍ സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകാത്തതോടെ പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി എംപി മടങ്ങി. കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു പരിപാടി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്ക് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്. 

സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ മടങ്ങുമെന്ന് അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയാണ് സുരേഷ് ഗോപി കാറില്‍ നിന്ന് ഇറങ്ങിയത്. കാലം ചെയ്ത ഡോ. ഫിലിപോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയുടെ പേരില്‍ ജൂബിലിമന്ദിരം വളപ്പില്‍ ഓര്‍മമരമായി തെങ്ങിന്‍തൈ നട്ടായിരുന്നു ചടങ്ങുകള്‍ക്കു തുടക്കം. തുടര്‍ന്ന് ജൂബിലി മന്ദിരം ഹാളില്‍ പൊതു ചടങ്ങിനെത്തി. 

അവിടെയും പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടിയതോടെ സുരേഷ് ഗോപി പല തവണ സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അകന്നു നില്‍ക്കാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. ഇതിനിടെ ഭിന്നശേഷിക്കാരായ 2 പേര്‍ക്ക് സുരേഷ് ഗോപി തെങ്ങിന്‍ തൈ വിതരണം ചെയ്തു. 

പല തവണ ആവശ്യപ്പെട്ടിട്ടും അണികള്‍ സാമൂഹിക അകലം പാലിച്ചില്ല; പരിപാടി പൂര്‍ത്തിയാക്കാതെ മടങ്ങി സുരേഷ് ഗോപി എംപി

തുടര്‍ന്ന് സീറ്റുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും വീണ്ടും അഭ്യര്‍ഥിച്ചു. വേദിയിലുണ്ടായിരുന്ന നേതാക്കളും മൈകിലൂടെ അഭ്യര്‍ഥന നടത്തിയിട്ടും അണികള്‍ അനുസരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വേദിയില്‍ കയറാനോ പ്രസംഗിക്കാനോ തയാറാകാതെ സുരേഷ് ഗോപി കാറില്‍ കയറി മടങ്ങുകയായിരുന്നു. പിന്നീട് ബിജെപി ഭാരവാഹികള്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

Keywords:  News, Kerala, Politics, Suresh Gopi, MP, Programme, BJP, Suresh Gopi MP returned without completing the program
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia