Criticism | മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ ഇടിമുഴക്കം പോലെ, പൊട്ടിയാല്‍ കോടതികള്‍ ഉത്തരം പറയുമോ? ചോദ്യവുമായി സുരേഷ് ഗോപി
തിരുവനന്തപുരം: (KVARTHA) മുല്ലപ്പെരിയാര്‍ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ഡാം പൊട്ടിയാല്‍ കോടതി ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു. അണക്കെട്ടിന്റെ നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ പോലും സാറ്റലൈറ്റ് സംവിധാനം വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ചകള്‍ വലിയ രീതിയില്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. നേരത്തെ മുല്ലപ്പെരിയാര്‍ വിഷയത്തെ കുറിച്ച് ചര്‍ച ചെയ്യുന്നതിനായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗ്ലൂരുവിലെ ഐ എസ് ആര്‍ ഒ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച നടന്നത്. ഐ എസ് ആര്‍ ഒയിലെ ശാസ്ത്ര, സാങ്കേതിക വിദഗ്ധരുമായും അദ്ദേഹം ചര്‍ച നടത്തിയിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
'ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപറ്റി ആ തിരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരം പറയണം.
എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല' - സുരേഷ് ഗോപി പറഞ്ഞു.
#Mullaperiyar, #SureshGopi, #DamSafety, #Kerala, #TamilNadu, #Court