Product Exhibition | അതിജീവനത്തിനായി ഭിന്നശേഷിക്കാർ; കണ്ണൂരിൽ നടത്തിയ ഉൽപന്ന പ്രദർശനം കയ്യടി നേടി
● ഓട്ടിസം വരെ ബാധിച്ച ഭിന്നശേഷിക്കാരെ സ്വന്തം നിലയിൽ നിൽക്കാൻ പരിശീലിപ്പിക്കുകയാണ് കണ്ണൂർ ചാലയിലെ സ്പെഷ്യൽ സ്കൂൾ നടത്തിപ്പുകാർ.
● ഇത്തരത്തിൽ ഭിന്നശേഷിക്കാർ നടത്തിയ അതിജീവന ഗാഥ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
● വൈവിദ്ധ്യവും വ്യത്യസ്തവുമായ നിരവധി ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിനെത്തിച്ചത്.
കണ്ണൂർ: (KVARTHA) സർക്കാർ കരുതലും കൈത്താങ്ങും നിർത്തി കൈവിട്ടതോടെ നിലനിൽപ്പിനായി സ്വന്തം വഴി തേടുകയാണ് ഭിന്നശേഷിക്കാരുടെ ആശ്രയങ്ങളായ സ്പെഷ്യൽ സ്കൂളുകൾ. അതിജീവനത്തിൻ്റെ പുതിയ വഴികൾ തേടുന്നതിനായി ഓട്ടിസം വരെ ബാധിച്ച ഭിന്നശേഷിക്കാരെ സ്വന്തം നിലയിൽ നിൽക്കാൻ പരിശീലിപ്പിക്കുകയാണ് കണ്ണൂർ ചാലയിലെ സ്പെഷ്യൽ സ്കൂൾ നടത്തിപ്പുകാർ.
ഇത്തരത്തിൽ ഭിന്നശേഷിക്കാർ നടത്തിയ അതിജീവന ഗാഥ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.
ചാല ശാന്തി ദീപം സ്കൂൾ ഫോർ ഡിഫറൻ ഡ്യലി ഏബിൾഡിലെ കുട്ടികളാണ് തങ്ങളുടെ കരവിരുതിൽ തീർത്ത ഉൽപ്പന്നങ്ങൾ കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ പ്രദർശിപ്പിച്ചത്.
വൈവിദ്ധ്യവും വ്യത്യസ്തവുമായ നിരവധി ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിനെത്തിച്ചത്. കുട്ടികൾ നിർമ്മിച്ച സോപ്പ്, പൊനോയിൽ വസ്ത്രങ്ങൾ, ക്രിസ്തുമസ് തൊപ്പികൾ, ഡിറ്റർജൻ്റ്, എംബ്രോയ്ഡറി ചെയ്ത തൂവാലകൾ, അലങ്കാര വസ്തുക്കൾ തുടങ്ങി അത്ഭുതം തോന്നുന്ന മികവുമായി ഇരുപത്തിയഞ്ചിലേറെ ഉൽപ്പന്നങ്ങളാണ് പ്രദർശിപ്പിച്ചത്.
2005ൽ14 കുട്ടികളും നാല് അദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനത്തിലിപ്പോൾ 132 കുട്ടികളും 24 അദ്ധ്യാപകരുമുണ്ട്. ശാന്തി ദീപത്തിൻ്റെ ധനസമാഹരണത്തിനുള്ള വേദി എന്നതിലുപരി കുട്ടികളെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ പര്യാപ്തമാക്കുക എന്ന ഉദ്യേശത്തൊടെയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നതെന്ന് സെക്രട്ടറി കെ ജി ബാബു, പ്രസിഡണ്ട് ബാബു കസ്തൂരി, സ്ക്കൂൾ പ്രിൻസിപ്പാൾ ജലറാണി എന്നിവർ അറിയിച്ചു.
വിദ്യാർത്ഥികളായ ഹരിപ്രസാദ്, ഇർഫാൻ തുടങ്ങിയ എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപകരുടെ സഹകരണത്തോടെ പ്രദർശന മേള നടത്തിയത്. രണ്ടു ദിവസങ്ങളിലായി നടന്ന മേളയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പത്തു മുതൽ 42 വയസു വരെയുള്ളവർ ശാന്തി ദീപത്തിലുണ്ട്. സ്വന്തം കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്യാനും സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുകയെന്നതാണ് ശാന്തി ദീപത്തിൻ്റെ ദൗത്യം.
വരും നാളുകളിൽ ശാന്തി ദീപം കുട്ടികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ സ്വന്തം കാലിൽ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. നിരന്തരം പ്രത്യേക പരിശീലനമാണ് ഭിന്നശേഷിക്കാർക്ക് ഇതിനായി നൽകുന്നത്. സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ത്രാണി ശാന്തി ദീപത്തിൽ പഠിക്കുന്നവർ നേടിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹിയായ കെ ജി ബാബു പറഞ്ഞു.
#DifferentlyAbled, #SpecialSchoolExhibition, #Kannur, #Autism, #Handicrafts, #SurvivalSkills