Youth Event | എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് പ്രൗഢമായ സമാപനം; സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താൻ അനുവദിക്കരുതെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
![SYS Kerala Youth Conference Concludes with Strong Message on Unity](https://www.kvartha.com/static/c1e/client/115656/uploaded/7c482694ca2cb6b4d55b0ecd0c61276e.webp?width=730&height=420&resizemode=4)
![SYS Kerala Youth Conference Concludes with Strong Message on Unity](https://www.kvartha.com/static/c1e/client/115656/uploaded/7c482694ca2cb6b4d55b0ecd0c61276e.webp?width=730&height=420&resizemode=4)
● യുവജനങ്ങളുടെ സർഗാത്മക വികാസത്തിന് പുതിയ ദിശ നൽകി എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി.
● സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
● വഖഫ് മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, ജോയ് ആലുക്കാസ് എന്നിവര്‍ അതിഥികളായി.
തൃശൂർ: (KVARTHA) യുവജനങ്ങളുടെ സർഗാത്മക വികാസത്തിന് പുതിയ ദിശ നൽകി എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. പ്രതിനിധികളുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ നടന്ന സമാപന സമ്മേളനം സുന്നി സമൂഹത്തിന്റെ ഐക്യത്തിനും കേരളത്തിന്റെ സാമൂഹിക പുരോഗതിക്കുമുള്ള ശക്തമായ പ്രഖ്യാപനങ്ങൾക്ക് വേദിയായി.
വിവിധ ആശയങ്ങളില്‍ പ്രതിദിന സായാഹ്ന പോതു സമ്മേളനം, ഫ്യൂച്ചര്‍ കേരള സമ്മിറ്റി, നെക്സ്റ്റ് ജെന്‍ കോണ്‍ക്ലേവ്, ഹിസ്റ്ററി ഇന്‍സൈറ്റ്, യംഗ് ഇന്ത്യ സിമിനോസിയം എന്നിവയിലൂടെ സാമൂഹിക വികസനവും സമുദ്ധാരണവും ലക്ഷ്യം വെക്കുന്ന പഠനങ്ങളും സംവാദങ്ങളും നടത്തി.
സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. വഖഫ് മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, ജോയ് ആലുക്കാസ് എന്നിവര്‍ അതിഥികളായി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ഫസല്‍ തങ്ങള്‍, റഹ്‌മതുല്ല സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സാദിഖ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സമീര്‍ എറിയാട് സംസാരിച്ചു.
നേരത്തെ നടന്ന ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനം സെഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, രാജീവ് ശങ്കരന്‍ സംവദിച്ചു. മന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സാമൂഹിക പ്രവര്‍ത്തനത്തിന്റെ രചനാത്മകത എന്ന വിഷയത്തില്‍ സംസാരിച്ചു. സ്വതന്ത്രചിന്തയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ കെസി സുബിന്‍, ശ്രീജിത്ത് ദിവാകരന്‍, ഡോ. അബൂബക്കര്‍ സംസാരിച്ചു. ഗതാഗതവികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സിപി ജോണ്‍, മുസ്ഥഫ പി എറയ്ക്കല്‍ പങ്കെടുത്തു. വല്ലാത്ത കഥകളുടെ വെബിനിവേശം എന്ന സെഷനില്‍ ബാബു രാമചന്ദ്രന്‍, രാംമോഹന്‍ പാലിയത്ത് സംസാരിച്ചു.
കേരളത്തിലെ തൊഴിലവസ്ഥകളെക്കുറിച്ച് മുന്‍മന്ത്രി എസി മൊയ്തീന്‍ സംസാരിച്ചു. ചരിത്ര സമ്മേളനം പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചരിത്ര ഗവേഷകരായ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. അഭിലാഷ് മലയില്‍, ഡോ. വിനില്‍ പോള്‍, ഡോ. അബ്ബാസ് പനക്കല്‍, ഡോ. സകീര്‍ ഹുസൈന്‍, ഡോ. കെഎ നുഐമാന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വായന നിര്‍മിക്കുന്ന മനുഷ്യന്‍ എന്ന സാംസ്‌കാരിക സംവാദത്തില്‍ കെസി നാരായണന്‍, ഡോ. അബൂബക്കര്‍ പങ്കെടുത്തു. നിരക്ഷരരുടെ കേരളം എന്ന വിഷയത്തില്‍ സജയ് കെ വി, മുഹമ്മദ് ശരീഫ് സംസാരിച്ചു.
സുന്നി ഐക്യത്തിന്റെ പ്രഖ്യാപനവുമായി കാന്തപുരം
തൃശൂർ: സുന്നി ആശയം പറയുകയും പ്രവർത്തിക്കുകയും ചെയ്തതിൻ്റെ പേരിൽ ആരെയും ഒറ്റപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അനുവദിക്കരുതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുന്നി ആശയങ്ങൾ സംരക്ഷിക്കുന്നതിന് സമസ്തയുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനം തുടരും. ബഹുസ്വര പാരമ്പര്യം അംഗീകരിക്കുന്ന രാഷ്ട്രീയ, സാംസ്കാരിക സമൂഹവും അതിനെ പിന്തുണക്കണം. ഈ ആശയത്തിൽ സുന്നി സംഘടനകൾ ഒരുമിച്ചു നിൽക്കും. വിവിധ സംഘടനകളായി പ്രവർത്തിക്കുന്നു എങ്കിലും സുന്നികൾക്കിടയിൽ ഇപ്പോൾ ഭിന്നതകളില്ല. സുന്നി ആശയം ദുർബലപ്പെടുത്താൻ ആരും കൂട്ടു നിൽക്കരുത്. വിഭാഗീയതകൾ ആർക്കും ഗുണകരമാകില്ല. സംഘടനകളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാനില്ല. എന്നാൽ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കും. ആശയം പറയുന്നതിൻ്റെ പേരിൽ സുന്നി പണ്ഡിതൻമാരെയും സയ്യിദൻമാരെയും പൊതു മധ്യത്തിൽ അവമതിക്കരുത്.
കേരളത്തിലെ മുസ്‌ലിം പാരമ്പര്യം സുന്നികളുടേതാണ്. അതിൽ ഭിന്നതയും ഛിദ്രതയും ഉണ്ടാക്കാൻ ശ്രമിച്ചവരാണ് മുജാഹിദുകളും മൗദൂദികളും. നാടിൻ്റെ സംസ്കാരിക സൗഹൃദങ്ങളോട് ചേർന്ന് നിന്നുമുള്ള സമാധാനപരമായ പ്രവർത്തന രീതികളാണ് സുന്നികൾ സ്വീകരിച്ചത്. രാജ്യത്തിൻ്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥകളും നാം അംഗീകരിച്ചു പോന്നു. മതരാഷ്‌ട്രം സ്ഥാപിക്കുക, രാജ്യ ഭരണം നേടിയെടുക്കുക, ഭരണാധികാരികളെ അട്ടിമറിക്കുക തുടങ്ങിയ പ്രതിലോമ ആശയങ്ങളൊന്നും നമ്മുടെ ലക്ഷ്യമോ വിശ്വാസമോ അല്ല. എന്നാൽ മതമൂല്യങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് മൗദൂദികൾ. ഭിന്നതയുടെ ആശയങ്ങൾ മുജാഹിദ് സംഘടനകളും പുലർത്തുന്നു.
പൊതു സമൂഹത്തിൽ സമുദായികവാദം മുന്നോട്ടു വെച്ചും രാഷ്ട്രീയ പാർട്ടികളെ സ്വാധീനിച്ചും സുന്നി സാംസ്കാരിക പാരമ്പര്യത്തെ ദുർബലപ്പെടുത്തുന്നത് നേരിടാനാണ് സമസ്ത രൂപീകരിച്ചത്. സുന്നികളുടെ വഖഫ് ഭൂമികൾ കൈക്കലാക്കിയ പാരമ്പര്യം പുത്തൻ പ്രസ്ഥാനക്കാർക്കുണ്ട്. അതിൻ്റെ തുടർച്ചയാണോ വിവാദത്തിലിരിക്കുന്ന ചില ഭൂമികൾ വഖഫല്ല എന്ന ചില കേന്ദ്രങ്ങളുടെ പ്രഖ്യാപനങ്ങൾ എന്നു സംശയിക്കണം.
കേരളത്തിൻ്റെ സാമൂഹിക സഹോദര്യവും പുരോഗതിയും ഒരുപോലെ പ്രധാനമായി കണ്ട് സമസ്തയും സംഘടനകളും പ്രവർത്തിക്കും. നവകേരള നിർമാണത്തിൽ പങ്കു ചേരും. പുത്തുമല ഉൾപെടെയുള്ള ദുരിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിൽ മുസ്‌ലിം ജമാഅത്തും എസ്‌വൈഎസും കൂടെയുണ്ടാകും. ഫലപ്രദമായ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകണം. സമൂഹിക സൗഹാർദം സർക്കാരിൻ്റെ നയപരിപാടിയായി ഉൾപെടുത്തുകയും പ്രത്യേക മന്ത്രാലയം രൂപീകരിച്ചു പ്രവർത്തിക്കുകയും വേണമെന്നും കാന്തപുരം പറഞ്ഞു.
#KeralaNews, #YouthEvent, #SunniUnity, #MuslimUnity, #SocialProgress, #Education