Arrested | കഞ്ചാവും മെത്താംഫിറ്റാമിനും; തളിപ്പറമ്പില്‍ വാഹന പരിശോധനയ്ക്കിടെ യുവതി ഉള്‍പെടെ 2 പേര്‍ എക്സൈസ് പിടിയില്‍

 


തളിപ്പറമ്പ്: (www.kvartha.com) ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് റേന്‍ജ് ഇന്‍സ്‌പെക്ടര്‍ വി വിപിന്‍ കുമാറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഞ്ചാവും മയക്കുമരുന്നുമായി സ്‌കൂടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയും യുവാവും പിടിയിലായി.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്: വാഹന പരിശോധനയ്ക്കിടയിലാണ് അഴീക്കോട് ഗ്രാമ പഞ്ചായത് പരിധിയിലെ സ്നേഹ (26), തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി മുഹമ്മദ് മശ്ഹൂദ് (26) എന്നിവര്‍ പിടിയിലായത്. കോംപിങ് ഓപറേഷന്റെ ഭാഗമായി തളിപ്പറമ്പ് മുയ്യംറോഡിലെ പാലകുളങ്ങരയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തെ കണ്ട് പതറി വണ്ടി നിര്‍ത്തി കടന്നു കളയാന്‍ ശ്രമിച്ച മശ്ഹൂദിനെ അതി സാഹസികമായാണ് പിന്തുടര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 493 മിലിഗ്രാം മെത്താംഫിറ്റാമിനും ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂടറില്‍ നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവതിയുടെ പേരിലുള്ള സ്‌കൂടറും കസ്റ്റഡിയിലെടുത്തു. 

തളിപ്പറമ്പ് ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ മശ്ഹൂദ് പലപ്പോഴായി ഇടനിലക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് വില്പന നടത്തിയിട്ടുണ്ട്. മുഖ്യമായും സ്ത്രീകളെ ഉപയോഗിച്ച് വില്പന നടത്തുന്ന പ്രതി ഏറെ നാളായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് ലഹരി വില്പനയ്ക്കായി കൈമാറ്റം ചെയ്ത ആളുകളുടെയും മശ്ഹൂദിന്റെ കയ്യില്‍ നിന്നും സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരുടെയും വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. 

പ്രിവന്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ കെ കെ, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അബ്ദുള്‍ ലത്വീഫ് വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, ധനേഷ് വി, റെനില്‍ കൃഷ്ണന്‍ പി പി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ അനു എം പി, എക്സൈസ് ഡ്രൈവര്‍ അനില്‍ കുമാര്‍ സി വി എന്നിവരും പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു.

Arrested | കഞ്ചാവും മെത്താംഫിറ്റാമിനും; തളിപ്പറമ്പില്‍ വാഹന പരിശോധനയ്ക്കിടെ യുവതി ഉള്‍പെടെ 2 പേര്‍ എക്സൈസ് പിടിയില്‍



Keywords:  News, Kerala, Kerala-News, News-Malayalam, Regional-News, Taliparamba, Woman, Youths, Arrested, Excise, Ganja, Drugs, Taliparamba: 2 persons in excise custody with ganja and drugs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia