CPI | തളിപ്പറമ്പില്‍ സിപിഎമിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ; തകര്‍ക്കാമെന്നത് മലര്‍ പൊടിക്കാരന്റെ ദിവാസ്വപ്നമെന്ന് മുന്നറിയിപ്പ്

 


കണ്ണൂര്‍: (KVARTHA) സിപിഎമിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വീണ്ടും സിപിഐ നേതൃത്വം രംഗത്തെത്തി. കള്ളക്കേസെടുത്ത് സിപിഐ പ്രസ്ഥാനത്തെ തകര്‍ക്കാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും, ചരിത്രബോധമില്ലാത്തവരുടെ വഷളന്‍ ചിന്തയുമാണെന്ന് സിപിഐ തളിപ്പറമ്പ് ലോകല്‍ സെക്രടറി എം രഘുനാഥ് മുന്നറിയിപ്പ് നല്‍കി.

ഇന്‍ഡ്യയിലെ കമ്യൂനിസ്റ്റ് പ്രസ്ഥാനത്തെയും സാധാരണക്കാരന്റെ ജീവല്‍ സ്വപ്നങ്ങളെയും ചവിട്ടിമെതിച്ച് സിപിഐയില്‍ നിന്നിറങ്ങിയ 32 പേരും ശിങ്കിടികളും തീരുമാനിച്ചത് സിപിഐക്കാരെ കൊന്ന് തീര്‍ക്കാമെന്നാണ്. അവിടെനിന്ന് ഈ പാര്‍ടി ഇന്നത്തെ നിലയില്‍ ഉയിര്‍ത്തുവന്നത് അന്തിത്തിരി കത്തിക്കാനാളില്ലാതാക്കുമെന്ന പൂണുനൂലിട്ടയാളുടെ ധിക്കാരത്തിന്റെ പടം ചവിട്ടിപ്പൊളിച്ച് സുദീര്‍ഘവും സുന്ദരവുമായ കേരള ഭരണം കയ്യാളിക്കൊണ്ടാണ്.

അധികാരത്തിന്റെ ഉമ്മറങ്ങളിലേക്ക് കൊതിയോടെ നോക്കിക്കൊണ്ട് പത്തുപന്ത്രണ്ട് കൊല്ലം അനാഥപ്രേതം കണക്കെ അലഞ്ഞ പ്രസ്തുതസംഘത്തെ ഇടതുമുന്നണി ഉണ്ടാക്കി മുഖ്യമന്ത്രിക്കസേരയിലിരുത്തിയതും ഈ പാര്‍ടിയാണ്. ഇത്തിരി ചരിത്രം പറഞ്ഞത് തലയിലൊരു അന്തിത്തിരിയോളം പ്രകാശം കടക്കട്ടെ എന്നതുകാണ്ടാണ്. ഈ ഓര്‍മപ്പെടുത്തല്‍ വേറൊന്നും കൊണ്ടല്ല ഞങ്ങള്‍ നടന്നു വന്ന വഴികള്‍ ചെമ്പട്ടുവിരിച്ചവയായിരുന്നില്ല.

തീക്ഷണമായ സമരങ്ങളുടെയും അനിതരസാധാരണമായ ചെറുത്തുനില്‍പ്പിന്റെയും, അടിക്ക് തിരിച്ചടിച്ചുംകൊണ്ട് തന്നെയാണ്. കാക്കിക്കാരെക്കൊണ്ട് കള്ളക്കേസെടുപ്പിച്ച് കമ്യൂനിസ്റ്റ് പാര്‍ടിയെ കയ്യിലിട്ട് തിരുമ്മി മൂക്കില്‍ വലിക്കാമെന്ന ചിന്തയുമായിട്ടാണ് നടപ്പെങ്കില്‍ വീണ്ടും ഒന്നേ ഓര്‍മിപ്പിക്കാനുള്ളൂ, നിങ്ങള്‍ കൊന്ന് തീര്‍ക്കാന്‍ തീരുമാനിച്ചിടത്തുനിന്നിന്നോളം കാരിരുമ്പിന്റെ കരുത്തുമായി ഈ പ്രസ്ഥാനം മുന്നോട്ടുപോയിട്ടുണ്ടെങ്കില്‍ ഇനിയും ഇനിയും ഈ തളിപ്പറമ്പിലും ഈ പാര്‍ടി മുന്നോട്ടുതന്നെയായിരിക്കും - രഘുനാഥ് പ്രസ്താവനയില്‍ പറഞ്ഞു.

CPI | തളിപ്പറമ്പില്‍ സിപിഎമിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ; തകര്‍ക്കാമെന്നത് മലര്‍ പൊടിക്കാരന്റെ ദിവാസ്വപ്നമെന്ന് മുന്നറിയിപ്പ്



Keywords: News, Kerala, Kerala-News, Politics, Politics-News, Taliparamba News, Kannur News, CPI, Criticized, CPM, Politics, Party, Clash, Local Secretary, M Raghunath, Taliparamba: CPI criticized the CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia