Kodiyeri Balakrishnan | കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശ്ശേരി ടൗണ്‍ ഹാളിലേക്കുള്ള വിലാപയാത്ര തുടങ്ങി; ആന്ത്യാഭിവാദ്യം അര്‍പിച്ച് ആയിരങ്ങള്‍
Oct 2, 2022, 14:32 IST
കണ്ണൂര്‍: (www.kvartha.com) സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ണൂരിലെത്തിച്ചത്. വിമാനത്താവളത്തില്‍നിന്ന് തലശ്ശേരി ടൗണ്‍ ഹാളിലേക്ക് വിലാപയാത്ര തുടങ്ങി.
വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം മട്ടന്നൂരിലേക്ക് കൊണ്ടു പോയി. അവിടെ നിന്നാണ് വിലാപ യാത്ര ആരംഭിച്ചത്. മട്ടന്നൂരില്‍ നിന്ന് കൂത്തുപറമ്പും കടന്ന് തലശ്ശേരിയില്‍ എത്തും. 14 ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാംമൈല്‍, വേറ്റുമല്‍, കതിരൂര്‍, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.
കോടിയേരിക്ക് അന്തിമോപചാരം അര്‍പിക്കാന്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തലശ്ശേരിയിലേക്ക് തിരിച്ചു. കോടിയേരിയുടെ മൃതദേഹം എത്തിക്കുന്നത് കാത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിരവധി പേരാണ് കാത്തുനിന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. തലശ്ശേരി ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോടിയേരിയിലെ വീട്ടില്‍ എത്തിക്കും.
തിങ്കളാഴ്ച രാവിലെ 11 മുതല്‍ സിപിഎം ജില്ലാ കമിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സിപിഎം ജെനറല്‍ സെക്രട്ടറി സീതാറാം യെചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും തിങ്കളാഴ്ച രാവിലെ എത്തിച്ചേരും. അവര്‍ കണ്ണൂരില്‍ വച്ചായിരിക്കും അഭിവാദ്യം ചെയ്യുന്നതും പുഷ്പചക്രം അര്‍പിക്കുന്നതും. മറ്റ് സംസ്ഥാനങ്ങളിലുള്ള പാര്‍ടി നേതാക്കളും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്. ടൗണ്‍ ഹാളില്‍ വച്ചോ, സിപിഎം ജില്ലാ കമിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ വച്ചോ അവര്‍ക്കെല്ലാം കാണാന്‍ അവസരമൊരുക്കും.
പയ്യാമ്പലത്ത് സംസ്‌കാരം നടത്താനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെ എകെജി, ഇകെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, അഴീക്കോടന്‍ രാഘവന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെ അടക്കം ചെയ്തതിന് സമീപത്ത് കോടിയേരിക്കും ചിതയൊരുക്കും.
സ്വന്തം ആരോഗ്യം നോക്കാതെ പാര്‍ടിയുടെ ആരോഗ്യത്തിനായി ജീവിതം ഒഴിഞ്ഞുവച്ച ഇത്തരമൊരു ബഹുജന നേതാവിന് പാര്‍ടിയില്‍പ്പെട്ടവര്‍ മാത്രമല്ല ഇതര പാര്‍ടി നേതാക്കളും കലാ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്തിമോപാചാരമര്‍പ്പിക്കാന്‍ എത്തിച്ചേരുന്നുണ്ട്. അവര്‍ക്ക് വേണ്ട സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
വഴിയുടെ ഇരു ഭാഗത്തും നില്‍ക്കുന്നവര്‍ക്കെല്ലാം അവിടെ നിന്ന് മൃതദേഹം കാണാന്‍ സാധിക്കുമെന്നതാണ് വിലാപ യാത്രക്കായി ഒരുക്കിയ വാഹനത്തിന്റെ പ്രത്യേകത. ആള്‍ക്കൂട്ടമുള്ള സ്ഥലത്ത് ചെറിയ സമയം നിര്‍ത്തേണ്ടി വരും. ചിലര്‍ റീത്ത് വയ്ക്കാനും മറ്റും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ അകത്തേക്ക് കയറാന്‍ സാധിക്കില്ല. പുറത്തു നിന്ന് എല്ലാവര്‍ക്കും കാണാന്‍ സാധിക്കും.
എല്ലാവര്‍ക്കും കാണാന്‍ സൗകര്യം ഒരുക്കിയായിരിക്കും വാഹനം തലശ്ശേരിയില്‍ എത്തുക. കുറച്ച് സമയം എടുത്താലും അത് ചെയ്യാതിരിക്കാന്‍ കഴിയില്ല. രണ്ടു ദിവസങ്ങളിലായി എത്ര ജനങ്ങള്‍ വന്നാലും നിയന്ത്രിതമായി രണ്ട് സ്ഥലത്തും മൃതദേഹം കാണാനുള്ള അവസരം അവര്‍ക്കായി ഒരുക്കും.
തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിക്കും. തലശ്ശേരി, കണ്ണൂര്‍, ധര്‍മ്മടം അസംബ്ലി മണ്ഡലങ്ങളിലും അദ്ദേഹം വിദ്യാര്‍ഥി ജീവിതം ആരംഭിച്ച മാഹി അസംബ്ലി മണ്ഡലങ്ങളിലും ആദരസൂചകമായി തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും. മൃതദേഹം സംസ്‌കരിക്കുന്ന ദിവസമായതു കൊണ്ടാണ് മൂന്നിന് ഹര്‍ത്താല്‍ ആചരിക്കാന്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. വാഹനങ്ങള്‍, അവശ്യ സര്‍വീസുകള്‍, ഹോടെലുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രടറി പദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.
Keywords: Tens of thousands to catch a glimpse of dear comrade, Kodiyeri Balakrishnan, Dead, Pinarayi-Vijayan, News, Dead Body, Politics, Chief Minister, Chennai, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.