ജീവന്‍ ടി.വിയില്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍

 


കോട്ടയം: (www.kvartha.com 06/02/2015) മലയാളത്തിലെ നാലാമത് വിനോദ വാര്‍ത്താ സമ്മിശ്ര ചാനലായ ജീവന്‍ ടി.വിയില്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍. നിര്‍ബന്ധിച്ച് രാജി ആവശ്യപ്പെടുകയും വഴങ്ങാത്തവരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
കൂട്ടമായല്ല, ഘട്ടം ഘട്ടമായാണ് പിരിച്ചുവിടല്‍ എന്നതിനാല്‍ ഇതു വരെ തൊഴില്‍വകുപ്പിന്റെയോ യൂനിയന്റെയോ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടിട്ടില്ല.  റിപോര്‍ട്ടറെയും കാമറാമാനെയും ഇപ്രകാരം പുറത്താക്കിയതിനെ തുടര്‍ന്ന് കോട്ടയം ബ്യൂറോ ഒരു മാസം മുമ്പ് പൂട്ടി. ഇടുക്കി ബ്യൂറോയിലെ റിപോര്‍ട്ടറെയും കാമറാമാനെയും കഴിഞ്ഞ ദിവസം വിളിച്ച് രാജി ആവശ്യപ്പെട്ടു.

ജീവന്‍ ടി.വിയില്‍ നിര്‍ബന്ധിത പിരിച്ചുവിടല്‍രാജിക്കത്ത് നല്‍കിയില്ലെങ്കില്‍ പിരിച്ചുവിടുമെന്നും അത് മറ്റൊരു ചാനലില്‍ ജോലിക്കുളള സാധ്യത ഇല്ലാതാക്കുമെന്നുമാണ് ചാനല്‍ മേധാവി ഫോണിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. പിന്നാലെ ജനറല്‍ മാനേജരും നിരന്തരം വിളിച്ച് രാജിക്കത്ത് ചോദിക്കും. വരുമാനമില്ലാത്തതിനാല്‍ ചാനല്‍ പ്രതിസന്ധിയിലാണെന്നും ജീവനക്കാരെ കുറയ്ക്കുകയാണെന്നുമാണ് നിര്‍ബന്ധിത രാജിക്കുളള കാരണമായി പറയുന്നത്. തൃശൂര്‍, കണ്ണൂര്‍ ബ്യൂറോകളിലെ ജീവനക്കാരെയാണ് ഇനി ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം.

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി റീജനല്‍ ബ്യൂറോകള്‍ മാത്രം നിലനിര്‍ത്തി മറ്റുളളവ അടച്ചുപൂട്ടുകയാണ് മാനേജുമെന്റിന്റെ ലക്ഷ്യം. ആറും ഏഴും വര്‍ഷം സര്‍വീസുളള സ്ഥിരം ജീവനക്കാരെയാണ് എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തി ഇങ്ങനെ പുറത്താക്കുന്നത്. ചീഫ് റിപോര്‍ട്ടര്‍ റാങ്കിലുള്ളവരോട് പോലും നിര്‍ബന്ധിത രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

2002ല്‍ തൃശൂര്‍ അതിരൂപതയാണ് ജീവന്‍ ടി.വി ആരംഭിച്ചത്. പിന്നീട് രൂപത കൈയൊഴിഞ്ഞ ചാനലിന്റെ തലപ്പത്ത് വിവിധ വ്യവസായവ്യാപാര പ്രമുഖര്‍ എത്തി. ജോയി ആലുക്കാസ്, ഐസക്ക് ജോസഫ്, ബേബി മാത്യു സോമതീരം എന്നിവര്‍ മേധാവികളായി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ജീവന്‍ ടി.വി ഉള്‍പ്പെടെയുളള ചാനലുകളിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനനന്ദന്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ സംഘടനാ നേതാക്കളായ ചില ജീവനക്കാരെ മാനേജുമെന്റ് ഭീഷണിപ്പെടുത്തിയതായും പറയുന്നു. പ്രതിദിനം എട്ടു വാര്‍ത്തകളാണ് ജീവന്‍ ടി.വി സംപ്രേഷണം ചെയ്യുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Channel, Kerala, News, Resignation, Employees, Jeevan TV, Termination issues in Television channel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia