സുബ്രഹ്മണ്യന് ഏറെ പ്രിയങ്കരം തൈപൂയം; ഇങ്ങനെ ആചരിച്ചോളൂ!

 


കൊച്ചി: (www.kvartha.com 08.02.2020) മകരമാസത്തിലെ പൂയം നാളാണ് ദേവസേനാപതിയും ശിവപാര്‍വതീപുത്രനുമായ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനം. തമിഴ് പഞ്ചാംഗമനുസരിച്ച് തൈമാസത്തിലെ പൂയം നക്ഷത്രമായതിനാല്‍ ഈ ദിനം തൈപ്പൂയം എന്ന പേരിലറിയപ്പെടുന്നു. സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ഠി പോലെ വളരെ പ്രധാനപ്പെട്ട ദിനമാണ് തൈപ്പൂയവും. സ്‌കന്ദന്‍, ഗുഹന്‍, ഷണ്മുഖന്‍, വേലന്‍, വേലായുധന്‍, കാര്‍ത്തികേയന്‍, ആറുമുഖന്‍, കുമരന്‍, മയൂരവാഹനന്‍, മുരുകന്‍, ശരവണന്‍, വടിവേലന്‍, വള്ളിമണാളന്‍ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടുന്നു.

ഒരിക്കല്‍ താരകാസുരന്‍ ദേവലോകത്തെ ജീവിതം അനുദിനം ദുസ്സഹമാക്കിയിരുന്നു. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന പുത്രന് മാത്രമേ കഴിയുവെന്ന് മനസ്സിലാക്കിയ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. ശിവപാര്‍വതീപുത്രനായ സുബ്രമണ്യനെയാണ് താരകാസുര നിഗ്രഹത്തിനായി നിയോഗിക്കപ്പെട്ടത്. യുദ്ധത്തില്‍ താരകാസുരനെ നിഗ്രഹിച്ചു സുബ്രഹ്മണ്യന്‍ വിജയം കൈവരിച്ച ദിനമാണ് മകരമാസത്തിലെ പൂയം നാള്‍ എന്നാണ് വിശ്വാസം.

അന്നേദിവസം സുബ്രഹ്മണ്യസ്വാമീ ക്ഷേത്രങ്ങളില്‍ വ്രതം അനുഷ്ഠിച്ച് കാവടിയേന്തി ഭഗവാനെ വണങ്ങാന്‍ ലക്ഷക്കണക്കിന് ഭക്തജങ്ങളാണ് എത്തുന്നത്. അഭീഷ്ടസിദ്ധിക്കായാണ് കാവടി വഴിപാടു നേരുന്നത് . പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി, പാല്‍ക്കാവടി, അന്നക്കാവടി, കളഭക്കാവടി, തൈലക്കാവടി, കര്‍പ്പൂരക്കാവടി, അഗ്‌നിക്കാവടി എന്നിങ്ങനെ പല തരത്തിലുള്ള കാവടി വഴിപാട് ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നു.

സുബ്രഹ്മണ്യന് ഏറെ പ്രിയങ്കരം തൈപൂയം; ഇങ്ങനെ ആചരിച്ചോളൂ!

ഓം ശരവണ ഭവഃ എന്ന മന്ത്രം സുബ്രഹ്മണ്യരായം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ മറനീക്കി ജ്ഞാനമാകുന്ന പ്രകാശത്തെ നിറയ്ക്കുന്ന മന്ത്രമാണിത്. കുറഞ്ഞത് 21 തവണ ജപിക്കുന്നത് സുബ്രഹ്മണ്യ പ്രീതികരമാണ്. പൊതുവെ സുബ്രഹ്മണ്യ മന്ത്രങ്ങളെല്ലാം 21 തവണ ജപിക്കുന്നതാണ് ശ്രേഷ്ഠം. ഓം വചത്ഭുവേ നമഃ എന്ന മൂല മന്ത്ര ജപത്തോടെയുള്ള ക്ഷേത്ര ദര്‍ശനവും ക്ഷേത്രത്തില്‍ പഞ്ചാമൃതം, പാല്‍ എന്നിവ നേദിക്കുന്നതും നാരങ്ങാമാല സമര്‍പ്പിക്കുന്നതും ഉത്തമം. കൂടാതെ സുബ്രഹ്മണ്യ സ്‌തോത്രങ്ങളും ഗായത്രിയും ജപിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

Keywords:  News, Kerala, Kochi, Thaipooyam, Temple, Astrology, Devotional, Thaipuyam is a favorite of Subramanian Deity 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia