ഇടതു സ്ഥാനാര്‍ത്ഥി നിര്‍ണയവും സുനന്ദാ പുഷ്‌കറും രാജഗോപാലിനെ വിജയത്തിന്റെ വക്കിലെത്തിച്ചു

 


തിരുവനന്തപുരം: (www.kvartha.com 16.05.2014) പല തെരഞ്ഞെടുപ്പുകളായി കേരളത്തില്‍ പ്രതീക്ഷിച്ച വിജയം ഇതാദ്യമായി നേടുമെന്ന ഉറപ്പിന്റെ വക്കില്‍ നിന്നാണ് ബി.ജെ.പി താഴേക്കു പതിച്ചത്. നേരിയ ഭൂരിപക്ഷത്തിനു മാത്രം ശശി തരൂര്‍ വിജയിക്കുകയും ചെയ്തു. ബി.ജെ.പി ജയിച്ചു എന്ന പ്രതീതി വ്യക്തമായിരുന്നു. ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജിഭവനില്‍ മധുരപലഹാര വിതരണവും തുടങ്ങിയിരുന്നു. സഹായിച്ചത് ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിനിര്‍ണയവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രതിഛായാ വിവാദവും. പക്ഷേ, കാര്യങ്ങള്‍ ഒടുവില്‍ മാറിമറിഞ്ഞു.

തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ വിജയിക്കും എന്ന് പല എക്‌സിറ്റ് പോളുകളില്‍ ഒന്നുമാത്രമാണു പറഞ്ഞത്. എന്നാല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം രാജഗോപാല്‍ വിജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. എല്‍.കെ അദ്വാനി തിരുവനന്തപുരത്തു പ്രചാരണത്തിനു വന്നുമടങ്ങിയശേഷം ഗാന്ധിനഗറിലെ പൊതുയോഗത്തില്‍ രാജഗോപാലിന്റെ വിജയം പ്രവചിച്ചത് ഇതിനു തെളിവാണ്.

ഇടതു സ്ഥാനാര്‍ത്ഥി നിര്‍ണയവും സുനന്ദാ പുഷ്‌കറും രാജഗോപാലിനെ വിജയത്തിന്റെ വക്കിലെത്തിച്ചുഇടതുമുന്നണിയില്‍ സി.പി.ഐയുടെ മണ്ഡലമായ തിരുവനന്തപുരത്ത് മത്സരിച്ച ഡോ. ബെന്നറ്റ് ഏബ്രഹാം ലത്തീന്‍ കത്തോലിക്കാ സമുദായാംഗവും കാരക്കോണം മെഡിക്കല്‍ കോളജ് ഭരണസമിതി അംഗവുമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും നായര്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമ്പോള്‍ ലത്തീന്‍ കത്തോലിക്കാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ തൂത്തുവാരാം എന്നാണ് ഇടതുമുന്നണി പ്രതീക്ഷിച്ചത്. അതുപക്ഷേ, പൊളിഞ്ഞുപോയി. ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കാറുള്ള കേന്ദ്രങ്ങളില്‍ നിന്നാണ് രാജഗോപാലിനു കൂടുതല്‍ ലീഡ് ലഭിച്ചത് എന്നതുതന്നെ ഇതിനു തെളിവ്.

അതേസമയം, ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിനു പിന്നില്‍ തരൂരിനു പങ്കുണ്ട് എന്ന പ്രചാരണം മണ്ഡലത്തില്‍ വ്യാപകമായി ഇടതുമുന്നണിയും ബി.ജെ.പിയും നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ആ വിഷയം കാര്യമായി ഉപയോഗിക്കാതിരുന്ന രണ്ടു പാര്‍ട്ടികളും പിന്നീട് ആ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണു കണ്ടത്. അത് തരൂരിനു വന്‍ തിരിച്ചടിയായി. കഴിഞ്ഞ തവരണ നേടിയ ഭൂരിപക്ഷം ലക്ഷത്തിനു മുകളിലായിരുന്നു എന്നതുമാത്രം പരിഗണിച്ചാല്‍ ഈ ജയം പോലും എത്ര ദയനീയമാണ് എന്നു മനസിലാകും.

അതിനിടെ, രാജഗോപാലിന്റെ വിജയം ബി.ജെ.പി സംസ്ഥാന നേതൃത്വം, പ്രത്യേകിച്ചും സംസ്ഥാന പ്രസിഡണ്ട് വി. മുരളീധരന്‍ ആഗ്രഹിക്കുന്നില്ല എന്ന സൂചനകള്‍ വന്നിരുന്നു. രാജഗോപാല്‍ വിജയിച്ച് മന്ത്രിയായില്ലെങ്കില്‍ തനിക്ക് കര്‍ണാടകയില്‍ നിന്ന് രാജ്യസഭാംഗമായി മന്ത്രിയാകാം എന്ന കണക്കുകൂട്ടലായിരുന്നത്രേ മുരളീധരന്‍. എന്നാല്‍ കേരളത്തില്‍ ആദ്യമായി അക്കൗണ്ടു തുറക്കാന്‍ ബി.ജെ.പിക്കു സാധിച്ചത് മുരളീധരന്‍ പാര്‍ട്ടിയെ നയിക്കുന്ന കാലത്താണ് എന്ന അവകാശവാദം പുറത്തെടുക്കാന്‍ മുരളീപക്ഷത്തിന് അവസരം നല്‍കാതെ വോട്ടെടുപ്പുഫലം രാജഗോപാലിന് എതിരായി.

മുരളീധരന്‍ സഹായിച്ചോ അതോ തോല്‍പ്പിക്കാന്‍ ശ്രമിച്ചോ എന്ന് രാജഗോപാലിന് അറിയാം. അദ്ദേഹം അത് തുറന്നു പറഞ്ഞാലും ഇല്ലെങ്കിലും ഗ്രൂപ്പ് പോരു മൂര്‍ഛിക്കുകയും ചെയ്‌തേക്കും. വാജ്‌പേയ് സര്‍ക്കാരില്‍ റെയില്‍വെ സഹമന്ത്രിയായിരുന്നു രാജഗോപാല്‍. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്താണ് ബി.ജെ.പി അദ്ദേഹത്തെ മന്ത്രിയാക്കിയത്. ഇത്തവണ വിജയിച്ചാല്‍ ക്യാബിനറ്റ് റാങ്ക് എന്നതു പരക്കെ കേട്ടിരുന്നു. ശശി തരൂരിനെ കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിപ്പിച്ചത് കേന്ദ്ര മന്ത്രിയാകും എന്ന് തലസ്ഥാനവാസികള്‍ക്കു വാഗ്ദാനം നല്‍കിയാണ്. അത് യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. രണ്ടാമൂഴത്തില്‍ പ്രതിപക്ഷത്ത് ഇരിക്കാനാണ് തരൂരിനു നിയോഗം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Election-2014, Thiruvananthapuram, O Rajagopal, BJP, Election, UDF, Shashi Taroor, LDF, Bennet Abraham, Candidate. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia