Warning | അപരിചിതരോട് ഒരിക്കലും ലിഫ്റ്റ് ചോദിക്കരുത്! കാരണങ്ങൾ ഏറെയുണ്ട് 

 
A student hitchhiking on a roadside
A student hitchhiking on a roadside

Representational Image Generated by Meta AI

● അപരിചിതരുടെ വാഹനത്തിൽ കയറുന്നത് അപകടകരമാണ്
● സ്കൂൾ ബസുകളോ പൊതുഗതാഗതമോ ഉപയോഗിക്കുക
● നടത്തം ആരോഗ്യത്തിനും നല്ലതാണ്

മിൻ്റാ മരിയാ തോമസ് 

(KVARTHA) ഇന്ന് കേരളത്തിൻ്റെ പല സ്ഥലങ്ങളിലും കാണുന്ന ഒരു പതിവ് കാഴ്ചയാണ് സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾ വൈകിട്ട് പഠനം കഴിഞ്ഞ് ഇറങ്ങി വീട്ടിലേയ്ക്ക് പോകാൻ നേരം വരുന്ന കാറിനോ മോട്ടോർ സൈക്കിളിനോ ഒക്കെ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുക എന്നത്. ഇത് പൊതുവേ മെയിൻ റോഡുകളിൽ ആണ് കാണുന്നത്. യാതൊരു പരിചയവുമില്ലാത്ത ഒരാൾ വണ്ടി നിർത്തി ഒരു ലിഫ്റ്റ് കൊടുക്കുന്നത് വലിയൊരു ആശ്വാസമായി കുട്ടികൾ കാണുന്നു. ഇങ്ങനെ ലിഫ്റ്റ് കൊടുക്കുന്നവരിൽ നല്ല ആളുകളും ഉണ്ടാവാം. അത് നിക്ഷേധിക്കുന്നില്ല. 

പക്ഷേ, നമ്മൾ പ്രതീക്ഷിക്കാതെ ആപത്തിൽ തള്ളിവിടുന്നവരും ഉണ്ടെന്ന് ഓർക്കുക. വെറുതെ ഒരു അപകടം വരുത്തിവെയ്ക്കണോ? പരിചയമില്ലാത്ത ഒരാളുടെ വാഹനത്തിൽ ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുന്നത് തന്നെയാണ് സുരക്ഷിതമായ ജീവിതത്തിന് നല്ലത്. ഇത് മുതിർന്നവർക്കും ബാധകമാണെന്ന് ഓർക്കുക. ഈ അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട് കേരള എംവിഡി 2022ൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം എന്ന തലക്കെട്ടോടെയുള്ള കുറിപ്പിൻ്റെ ഭാഗങ്ങൾ ഒന്ന് ശ്രദ്ധിക്കാം.

കുറിപ്പിൽ പറയുന്നത്: 'വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. 

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ, മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്... 

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക. അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും, നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക. സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക. നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക. നടത്തം ആരോഗ്യത്തിനും നല്ലതാണ്. സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും  ഇത് ബാധകമാണ്. യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം'.

ഇതിൽപ്പറയുന്ന കാര്യങ്ങൾ വിദ്യാർത്ഥികൾ മാത്രമല്ല മുതിർന്നവരും ശ്രദ്ധിക്കേണ്ടതാണ്. എത്ര സുന്ദരമെന്ന് തോന്നിയാലും അപരിചതരുടെ വാഹനങ്ങളിൽ ഒരുക്കമില്ലാതെ കയറുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഒരുപാട് കെണികൾ നമ്മുടെ ചുറ്റുവട്ടവും പിണഞ്ഞു കിടക്കുന്ന ഇക്കാലത്ത് ഒരോരുത്തരുടെയും യാത്രകൾ കരുതലോടെ ആയിരിക്കാൻ ശ്രദ്ധിക്കുക. അത് വലിയൊരു വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കും തീർച്ച. ഈ ലേഖനം കൂടുതൽ പേരിലേയ്ക്ക് പങ്കുവെക്കാൻ പരമാവധി ശ്രദ്ധിക്കുമല്ലോ. മറ്റുള്ളവർക്കും ഇതൊരു അനുഗ്രഹമാകട്ടെ.

#hitchhiking, #safetyfirst, #kerala, #studentsafety, #publictransport, #avoidstrangers

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia