Condolences | കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാര്‍ത്ത കേട്ട സമയം വി എസ് അച്യുതാനന്ദന്റെ കണ്ണുകള്‍ നനഞ്ഞതായി മകന്‍ വി എ അരുണ്‍കുമാര്‍; പറഞ്ഞത് 'അനുശോചനം അറിയിക്കണം' എന്ന് മാത്രം
Oct 2, 2022, 14:52 IST
തിരുവനന്തപുരം: (www.kvartha.com) കോടിയേരി ബാലകൃഷ്ണന്റെ വിയോഗ വാര്‍ത്ത കേട്ട സമയം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ കണ്ണുകള്‍ നനഞ്ഞതായി മകന്‍ വി എ അരുണ്‍കുമാര്‍. 'അനുശോചനം അറിയിക്കണം' എന്ന് മാത്രമാണ് അച്ഛന്‍ പറഞ്ഞത് എന്നും അരുണ്‍കുമാര്‍ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അരുണ്‍ ഇക്കാര്യം അറിയിച്ചത്.
അച്ഛനോട് ഏറ്റവും ആദരവും സ്‌നേഹവും പുലര്‍ത്തിയ നേതാവായിരുന്നു. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സില്‍ കനംതൂക്കുന്നതായും വി എ അരുണ്‍കുമാര്‍ ഫേസ്ബുകില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാര്‍ത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. 'അനുശോചനം അറിയിക്കണം' എന്നു മാത്രം പറയുകയും ചെയ്തു.
അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സില്‍ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്‌നേഹവും പുലര്‍ത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്. വി.എ അരുണ്‍കുമാര്‍ ഫേസ്ബുകില്‍ കുറിച്ചു.
Keywords: ‘The tears in father’s eyes’; Condolences are due; Hearing the news of Kodiyeri’s death, VS, Thiruvananthapuram, News, Politics, V.S Achuthanandan, Kodiyeri Balakrishnan, Death, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.