Iriveri Bank | കണ്ണൂർ ഇരിവേരി ബാങ്കിൽ കാറഡുക്ക മോഡൽ തട്ടിപ്പ് നടന്നിട്ടില്ലെന്ന് ബാങ്ക് ഭരണസമിതി ഭാരവാഹികൾ
കണ്ണൂർ: (KVARTHA) ഇരിവേരി സഹകരണ ബാങ്കിന് എതിരായി നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ഇവിടെ കാറഡുക്ക-കരുവന്നൂർ മോഡൽ തട്ടിപ്പൊന്നും നടന്നിട്ടില്ലെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കി.
ചെറിയ ജാഗ്രതക്കുറവ് മാത്രമാണ് ഉദ്യോഗസ്ഥതലത്തിൽ വായ്പ അനുവദിച്ചപ്പോൾ സംഭവിച്ചത്. അതിന് സഹകരണ വകുപ്പും പൊലിസും അന്വേഷണം നടത്തിവരികയാണ്. 2019 ൽ ലോൺ അനുവദിച്ചപ്പോൾ ബാങ്കിന് സംഭവിച്ചത് ജാഗ്രത കുറവാണെന്നും ഭരണ സമിതിയും ഉദ്യോഗസ്ഥരും കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബാങ്കിൽ ഭരണസമിതി അംഗങ്ങളോ ഉദ്യോഗസ്ഥരോ യാതൊരു വിധ ധനാപഹരണവും നടത്തിയിട്ടില്ല. ചില ലോണുകളിൽ തിരിച്ചടവ് വരാതിരുന്നപ്പോൾ അവർക്ക് നോട്ടീസ് അയച്ചു. ഇതേ തുടർന്ന് ചിലർ ബാങ്കിന് നല്കിയ ചെക്ക് വണ്ടി ചെക്കാണെന്ന് മനസിലായി. ഇതിനെതിരേ ബാങ്ക് നിയമ നടപടികൾ സ്വീകരിച്ചതായും അല്ലാതെ ഒരു തിരിമറിയും നടന്നിട്ടില്ലെന്നും പ്രസിഡന്‍റ് പി സി കരുണനും സെക്രട്ടറിയുടെ ചുമതലയുള്ള ലാവണ്യ ലക്ഷ്മണനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് വർഷക്കാലവധിക്കാണ് ബിസിനസ് ലോൺ അനുവദിക്കുന്നത്. 2019ൽ അനുവദിച്ച ഇപ്പോൾ വിവാദമാക്കുന്ന ലോണുകളിൽ 2020 ജനുവരി വരെ കൃത്യമായ തിരിച്ചടവ് വന്നിട്ടുണ്ട്. മൂന്നുവർഷ കാലാവധി അനുസരിച്ച് ഒരു വർഷത്തിനിടയിൽ തിരിച്ചടവ് വരേണ്ടതിനേക്കാൾ കൂടുതൽ കാലയളവിനുള്ളിൽ വന്നിട്ടുണ്ട്. എന്നാൽ കോവിഡിനെ തുടർന്ന് ബിസിനസിൽ ഉണ്ടായ തകർച്ചയാണ് തിരിച്ചടവ് നിലക്കാൻ കാരണം. ജാഗ്രതക്കുറവിന്‍റെ പേരിലാണ് രണ്ട് ജീവനക്കാർക്കെതിരേ നടപടി സ്വീകരിച്ചത്.
ഒരു കടയിൽ പോയി കുറച്ചുപേരുടെ കളക്ഷൻ എടുത്തത് അപരാധമായി ചിത്രീകരിച്ചത് പ്രയാസമു ണ്ടാക്കുന്നതാണ്. ഇരിവേരിയിൽ നടന്നത് കരുവന്നൂർ, കാറഡുക്കമോഡൽ തട്ടിപ്പാണ് എന്ന തരത്തിലുള്ള പ്രചാരണവും ശരിയല്ല. ഇത് സഹകരണ സ്ഥാപനങ്ങളെ തകർക്കാനെ വഴിവയ്ക്കൂ. ഇത്തരം ശ്രമത്തിന് യുഡിഎഫും കൂട്ടുനില്ക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുജീബ് റഹ് മാൻ, എ എം ദിനേശ്ബാബു, കെ കെ അഷ്റഫ് എന്നിവരും പങ്കെടുത്തു.