K Sudhakaran | അവശനെങ്കിലും ആവേശഭരിതന്‍; കണ്ണൂരില്‍ കെ എസ് വീണ്ടും പടയ്ക്കിറങ്ങുമ്പോള്‍!

 


കണ്ണൂര്‍: (KVARTHA) പാര്‍ടി നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കണ്ണൂര്‍ ലോകസ്ഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ സുധാകരന്‍ തന്നെ രംഗത്തിറങ്ങുന്നത് ശാരീരിക അവശതകള്‍ വകവയ്ക്കാതെ. എഴുപത്തിയാറുവയസുകാരനായ കെ സുധാകരന് മാത്രമേ പ്രവര്‍ത്തകരെ ആവേശഭരിതരാക്കി തിരഞ്ഞെടുപ്പു പോരാട്ടത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് എ ഐ സി സി കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ട് കണ്ണൂരില്‍ കെ സുധാകരന്റെ പേര് തന്നെ പ്രഖ്യാപിച്ചത്.
  
K Sudhakaran | അവശനെങ്കിലും ആവേശഭരിതന്‍; കണ്ണൂരില്‍ കെ എസ് വീണ്ടും പടയ്ക്കിറങ്ങുമ്പോള്‍!

ശാരീരിക അവശതകള്‍ കാരണം ഇക്കുറി താന്‍ മത്സരത്തിനില്ലെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന കെ സുധാകരനോട് തീരുമാനം മാറ്റാന്‍ എ ഐ സി സി തന്നെ ആവശ്യപ്പെടുകയായിരുന്നു. കണ്ണൂരിലെ പാര്‍ടി ഒന്നടങ്കവും അദ്ദേഹത്തോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് കണ്ണൂരില്‍ മത്സരിക്കാന്‍ താന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം നേതൃത്വത്തോട് സമ്മതിച്ചത്.

തിങ്കളാഴ്ച കണ്ണൂരില്‍ യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കണ്ണൂരില്‍ ഇടത് മുന്നണിക്ക് വേണ്ടി സി പി എം ജില്ലാ സെക്രടറി എം വി ജയരാജന്‍ മത്സരത്തിനിറങ്ങുന്ന സാഹചര്യത്തിലാണ് കെ സുധാകരന് മേല്‍ സമ്മര്‍ദം മുറുകിയത്. സീറ്റ് നിലനിര്‍ത്തണമെങ്കില്‍ കെ സുധാകരന്‍ തന്നെ രംഗത്തിറങ്ങണമെന്ന് പാര്‍ടിയിലെ മിക്ക നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു .

കണ്ണൂരില്‍ കെ സുധാകരന്റെ നാലാമത്തെ ലോക്‌സഭാ മത്സരമാണിത്. മൂന്ന് തവണ മത്സരിച്ച കെ സുധാകരന്‍ ഒരു തവണ പരാജയപ്പെട്ടിരുന്നു. 2009 ല്‍ സിപിഎമിലെ കെ കെ രാഗേഷിനെ പരാജയപ്പെടുത്തിയായിരുന്നു ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 2014ല്‍ സിപിഎമിലെ പികെ ശ്രീമതിയോട് തോറ്റെങ്കിലും 2019ല്‍ ശ്രീമതിയില്‍ നിന്നും സീറ്റ് തിരിച്ചു പിടിക്കുകയായിരുന്നു.

2019 ല്‍ സി പി എം നേതൃത്വത്തെ ഞെട്ടിച്ച വിജയമായിരുന്നു കെ സുധാകരന് ലഭിച്ചത്. കണ്ണൂരില്‍ കെ സുധാകരന്‍ കെ പി സി സി ജന സെക്രടറി കെ ജയന്തിന്റെ പേരാണ് മുന്നോട്ട് വെച്ചത്. ഇതനുസരിച്ച് കഴിഞ്ഞ കുറെ നാളുകളായി കെ ജയന്ത് കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനവും ആരംഭിച്ചിരുന്നു.
 


എന്നാല്‍ ജയന്തിന്റെ കാര്യത്തില്‍ ജില്ലാ കോണ്‍ഗ്രസില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെയാണ് കെ സുധാകരന് മാറി ചിന്തിക്കേണ്ടി വന്നത്. ലോക് സഭാംഗമായാലും കെ പി സി സി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തണമെന്ന കെ സുധാകരന്റെ ആവശ്യം എ ഐ സി സി അംഗീകരിച്ചതായാണ് അറിയുന്നത്. ഇത്തവണ കണ്ണൂര്‍ സീറ്റ് പിടിക്കാന്‍ ലക്ഷ്യമിട്ടാണ് സി പി എം എം വി ജയരാജനെ തന്നെ രംഗത്തിറക്കിയത്. പാര്‍ടിയിലും എതിരാളികളിലും വലിയ എതിര്‍പ്പില്ലെന്നത് തന്നെയാണ് എം വി ജയരാജനെ രംഗത്തിറക്കാന്‍ സി പി എം തയാറായത്. നേരത്തെ എടക്കാട് നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കും തിരഞ്ഞെടുത്തിരുന്നു. ലോക്‌സഭയിലേക്ക് എം വി ജയരാജന്റെ കന്നിയങ്കം കൂടിയാണ്.

സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ തന്നെ എം വി ജയരാജന്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. ആദ്യ പര്യടനം നടന്ന് കൊണ്ടിരിക്കുകയാണ്. മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുകയും പ്രധാന വ്യക്തികളെ കാണുകയുമാണ് ചെയ്യുന്നത്. അസംബ്ലി നിയോജക മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രത്തില്‍ റോഡ് ഷോയും നടത്തുന്നുണ്ട്. എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം യു ഡി എഫ് പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

സ്ഥാനാര്‍ഥി പ്രഖ്യാപനമായതോടെ ഇനി യു ഡി എഫും ഉഷാറാകും. കെ സുധാകരന്റെ സ്ഥാനാര്‍ഥിത്വം കണ്ണൂരിലെ യു ഡി എഫിന് എന്നും ആവേശമാണ്. അതുകൊണ്ട് തന്നെ കണ്ണൂരില്‍ ഇത്തവണ പൊടി പാറിയ പോരാട്ടം തന്നെയാകും. ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്ന സി രഘുനാഥാണ്. അദ്ദേഹം എത്രത്തോളം കോണ്‍ഗ്രസ് വോടുകള്‍ പിടിക്കുമെന്ന ആശങ്കയും നേതാക്കളിലുണ്ട്.
  
K Sudhakaran | അവശനെങ്കിലും ആവേശഭരിതന്‍; കണ്ണൂരില്‍ കെ എസ് വീണ്ടും പടയ്ക്കിറങ്ങുമ്പോള്‍!

അമേരികയിലെ ചികിത്സ കഴിഞ്ഞു മടങ്ങിയെത്തിയ കെ സുധാകരന് പറയത്തക്ക ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും ശബ്ദമില്ലായ്മയും കാലിന് ബലക്കുറവും കടുത്ത പ്രമേഹവും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. ചടുലമായി ഓടിച്ചാടി നടന്നു പ്രചാരണം നടത്തിയ കെ സുധാകരനല്ല ചിത്രങ്ങളിലുളളത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന കൊടുംചൂടില്‍ അദ്ദേഹം എങ്ങനെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്‍പോട്ടു കൊണ്ടുപോകുമെന്നത് വലിയ വെല്ലുവിളിയായി മുന്‍പില്‍ നില്‍ക്കുകയാണ്.

Keywords: This is the fourth time that K Sudhakaran is contesting in Kannur, Kannur, News, K Sudhakaran, Lok Sabha Election, Candidate, Campaign, Politics, Treatment, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia