Tragedy | കാസർകോട്ട് സഹോദരങ്ങളുടെ 3 മക്കൾ പുഴയിൽ മുങ്ങിമരിച്ചു
● കുറ്റിക്കോലിലെ എരിഞ്ഞിപ്പുഴയിലാണ് അപകടം നടന്നത്.
● മുഹമ്മദ് യാസീൻ, റിയാസ്, സമദ് എന്നിവരാണ് മരിച്ചത്.
● മന്ത്രിയും എംഎൽഎയും സ്ഥലം സന്ദർശിച്ചു
കാസർകോട്: (KVARTHA) ജില്ലയെ കണ്ണീരിലാഴ്ത്തി ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കോൽ എരിഞ്ഞിപ്പുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴയിലെ
അശ്റഫ്-ശബാന ദമ്പതികളുടെ മകൻ മകൻ മുഹമ്മദ് യാസീൻ (13), സഹോദരി റംലയുടെയും മഞ്ചേശ്വരത്തെ സിദ്ദീഖിന്റെയും മകനായ റിയാസ് ( 16), അശ്റഫിന്റെ സഹോദരൻ മജീദ്-ശഫീന ദമ്പതികളുടെ മകൻ സമദ് (14) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. പുഴയിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ ഒഴുക്കിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഉടൻതന്നെ നാട്ടുകാരും അധികൃതരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചു. പൊലീസ് എസ് ഐ സൈഫുദ്ദീന്റെ നേതൃത്വത്തിൽ സ്കൂബാ ടീമും കുറ്റിക്കോലിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
അപകടം നടന്നയുടൻ തന്നെ റിയാസിനെ പുഴയിൽ നിന്ന് പുറത്തെടുത്ത് ചെർക്കളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മറ്റു രണ്ടു കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്താനായി. ജനപ്രതിനിധികൾ സംഭവസ്ഥലം സന്ദർശിക്കുന്നതിനിടെയാണ് സമദിന്റെ മൃതദേഹം എരിഞ്ഞിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്.
ദുരന്തവാർത്ത അറിഞ്ഞ് രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ തുടങ്ങിയവർ മരിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മന്ത്രി സംഭവ സ്ഥലവും സന്ദർശിച്ചു.
അശ്റഫ്-ശബാന ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് യാസീൻ. ഫാത്വിമത്ത് സഫ, അമീൻ എന്നിവർ സഹോദരങ്ങളാണ്. റിയാസിന് റിസ് വാന എന്ന ഒരു സഹോദരി കൂടിയുണ്ട്. സമദിന്റെ സഹോദരി ശ്യാമിലി. അപ്രതീക്ഷിത ദുരന്തം ആ പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
#KasaragodTragedy #RiverAccident #Drowning #KeralaNews #Teenagers #SadNews