Narrow Escape | ഹെല്‍മെറ്റില്‍ വിഷപ്പാമ്പ് കയറിയത് അറിയാതെ മണിക്കൂറുകളോളം ബൈകില്‍ കറങ്ങി; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Aug 11, 2023, 13:32 IST
ഗുരുവായൂര്‍: (www.kvartha.com) ഹെല്‍മെറ്റില്‍ വിഷപ്പാമ്പ് കയറിയത് അറിയാതെ മണിക്കൂറുകളോളം ബൈകില്‍ കറങ്ങിയ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ദിവസം തൃശൂരിലെ ഗുരുവായൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കോട്ടപ്പടി സ്വദേശിയായ ജിന്റോയുടെ ഹെല്‍മറ്റിലാണ് അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്.
പാമ്പിനെ ശ്രദ്ധയില്‍പെടാതിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ പോയി വന്നിരുന്നു. തിരികെ വന്ന് സുഹൃത്തുക്കളുമായി കോട്ടപ്പടിയില്‍ വച്ച് ബൈകിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്റോ തലയില്‍ നിന്ന് ഹെല്‍മറ്റ് ഊരിയത്. അപ്പോഴാണ് പാമ്പ് നിലത്ത് വീണത്.
ഇതിനിടെ പാമ്പിനെ കണ്ട് ഭയന്നുപോയ യുവാവ് ഛര്‍ദിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ ഇയാളെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയായിരുന്നു. രക്ത പരിശോധന അടക്കം നടത്തിയതില്‍ നിന്ന് ജിന്റോയ്ക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.
കുട്ടികള്‍ അടക്കമുള്ള വീട്ടിലേക്കാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്പ് ഉണ്ടെന്ന് അറിയാതെ യുവാവ് എത്തിയത്. ഹെല്‍മറ്റില്‍ അണലിക്കുഞ്ഞ് കയറി കൂടിയത് എങ്ങനെയാണെന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്.
2020 ഫെബ്രുവരിയില്‍ സമാനമായ ഒരു സംഭവം കൊച്ചിയില്‍ നടന്നിരുന്നു. തൃപ്പൂണിത്തുറ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെ അധ്യാപകന് രഞ്ജിത്താണ് വിഷപ്പാമ്പ് കയറിക്കൂടിയതറിയാതെ ഹെല്‍മറ്റും ധരിച്ച് ബൈകോടിച്ചത്. 11 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചതിന് ശേഷം പാമ്പിനെ കണ്ടെത്തിയപ്പോള്‍ അത് ഹെല്‍മറ്റിനുള്ളിലിരുന്നുതന്നെ ചതഞ്ഞ് ചത്ത നിലയിലായിരുന്നു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Thrissur, Snake, Viper, Youth, Helmet, Bike, Thrissur: Viper enters youth's helmet.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.