Healthy Weight | കുഞ്ഞുങ്ങളുടെ ആരോഗ്യകരവും മാനസികവുമായ വളര്‍ചയ്ക്ക് പോഷകാഹാരം അത്യാവശ്യം; എങ്ങനെ നല്‍കണം?

 


കൊച്ചി: (KVARTHA) കുഞ്ഞുങ്ങളുടെ ആരോഗ്യകരവും മാനസികവുമായ വളര്‍ചയ്ക്ക് പോഷകാഹാരം അത്യാവശ്യം. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അത്യാവശ്യമുള്ള പോഷകങ്ങള്‍ ഏതെല്ലാമാണെന്നറിഞ്ഞ് ഭക്ഷണം കൊടുക്കാന്‍ ഒട്ടുമിക്കവരും ശ്രദ്ധിക്കാറില്ലെന്ന് വേണം കരുതാന്‍. കുട്ടികളുടെ രുചിയും ഭക്ഷണത്തിന്റെ അളവും മാത്രമാണ് മിക്ക രക്ഷിതാക്കളും ശ്രദ്ധിക്കുന്നത്. എങ്ങനെയെങ്കിലും വയര്‍ നിറഞ്ഞാല്‍ മതി എന്നാണ് ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ കുട്ടികളുടെ രുചിമാത്രം അറിഞ്ഞ് ഭക്ഷണം നല്‍കിയാല്‍ അത് അവരുടെ വളര്‍ചയെ തന്നെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Healthy Weight | കുഞ്ഞുങ്ങളുടെ ആരോഗ്യകരവും മാനസികവുമായ വളര്‍ചയ്ക്ക് പോഷകാഹാരം അത്യാവശ്യം; എങ്ങനെ നല്‍കണം?

കുട്ടിയുടെ ബുദ്ധിപരമായ വികാസത്തിനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകാഹാരം ലഭിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു വയസ് മുതല്‍ ആറു വയസു വരെ പ്രായമുള്ള കുട്ടികള്‍ വളര്‍ചയുടെ അടിസ്ഥാന ഘട്ടത്തിലാണ്. ഈ സമയത്ത് സമീകൃതാഹാരം നല്‍കേണ്ടതും അനിവാര്യമാണ്. എങ്കില്‍ മാത്രമേ കൃത്യമായ രീതിയില്‍ വളര്‍ച സാധ്യമാകൂ.

കോവിഡ് -19 പോലുള്ള പകര്‍ച വ്യാധികള്‍ പിടിപെടാതിരിക്കാനും അവയില്‍ നിന്ന് ആരോഗ്യകരമായി രക്ഷ നേടാനും മികച്ച ഭക്ഷണ രീതി അത്യാവശ്യമാണ്. എല്ലാവിധ ഭക്ഷണങ്ങളും നിശ്ചിതമായ അളവില്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, വിവിധ ധാന്യങ്ങള്‍, പ്രോടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ നിര്‍ബന്ധമായും നല്‍കണം.

കുട്ടികളുുടെ ഭക്ഷണക്രമം തയാറാക്കുന്ന വിധം

ഗുണത്തിലും അളവിലും രാവിലെ കഴിക്കുന്ന ഭക്ഷണമാണ് ഏതൊരാള്‍ക്കും ഏറ്റവും മികച്ചതായിരിക്കേണ്ടത്. കുട്ടികളുടെ കാര്യത്തിലും മറിച്ചല്ല. നല്ല പോഷകങ്ങള്‍ അടങ്ങിയ ആഹാര സാധനങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്ന കുട്ടികള്‍ ദിവസം മുഴുവന്‍ ഊര്‍ജസ്വലരായി കാണപ്പെടുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതേസമയം രാവിലെ പോഷകക്കുറവുള്ള ആഹാരം കഴിക്കുന്ന കുട്ടികള്‍ ദിവസം മുഴുവന്‍ ഊര്‍ജം കുറഞ്ഞ നിലയിലുമാണ് കണ്ടു വരുന്നത്.

പ്രഭാത ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റും സ്റ്റഫ് ചെയ്ത പനീര്‍ റാപ്, എഗ് സാന്‍ഡ് വിച് അല്ലെങ്കില്‍ വെജ് സാന്‍ഡ് വിച് പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പാലും ധാന്യങ്ങളും പഴങ്ങളും പരിപ്പും അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

തൈര്, ജ്യൂസുകള്‍, നല്ല പഴങ്ങള്‍ എന്നിവയും ദിവസം മുഴുവന്‍ ഊര്‍ജസ്വലത നിലനിര്‍ത്താന്‍ ആവശ്യമായ പോഷകങ്ങള്‍ നല്‍കും. രാത്രി ഉറങ്ങിയ ശേഷം 8- 10 മണിക്കൂര്‍ നേരം ഭക്ഷണം കഴിക്കാതിരുന്ന ശേഷം പ്രഭാത ഭക്ഷണമായി ഏറ്റവും നല്ല ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം.

ഉച്ച ഭക്ഷണം

ഉച്ച ഭക്ഷണത്തിലും അത്താഴത്തിലും പരിപ്പ്, അല്ലെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ വേവിച്ചത്, ഏതെങ്കിലും നോണ്‍ വെജ് ഭക്ഷണം, ചപ്പാത്തി അല്ലെങ്കില്‍ അരി ഭക്ഷണം, പച്ചക്കറികള്‍, സാലഡ്, തൈര് അല്ലെങ്കില്‍ റൈത്ത എന്നിവ ഉള്‍പെടുത്തണം. ഈ ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു

ഓയിലി ഭക്ഷണങ്ങള്‍ അധികം വേണ്ട

ചെറിയ കുട്ടികള്‍ കൂടുതല്‍ സമയം വീട്ടില്‍ തന്നെ ആയതിനാല്‍ ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടും. കുട്ടികളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചിലര്‍ എണ്ണപ്പലഹാരങ്ങള്‍, മധുരം കൂടുതലുള്ള സ്‌നാകുകള്‍ എന്നിവ നല്‍കാറുണ്ട്. ഇത് കുട്ടികളുടെ ദഹനത്തെ ബാധിക്കുമെന്ന് മാത്രമല്ല പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള കഴിവ് കുറയ്ക്കാനും കാരണമാകും. പ്രധാന ഭക്ഷണ സമയങ്ങള്‍ക്ക് പുറമേ ഇടനേരങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ പതിവായി നല്‍കുന്നത് അമിതഭാരത്തിനും മറ്റ് അസുഖങ്ങള്‍ക്കും വഴിയൊരുക്കും. ചോക്ലേറ്റുകള്‍, പല തരം മിഠയികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. ദാഹിക്കുമ്പോള്‍ മധുരം കൂടുതലടങ്ങിയ ജ്യൂസുകള്‍ക്ക് പകരം ശുദ്ധജലം തന്നെ കുടിക്കാന്‍ നല്‍കണം.

കൊഴുപ്പ് ആവശ്യം

കുട്ടികളുടെ ശരിയായ വളര്‍ചയ്ക്ക് കൊഴുപ്പ് അത്യാവശ്യമാണ്. തലച്ചോറും നാഡീവ്യവസ്ഥയും സാധാരണഗതിയില്‍ വികസിക്കാന്‍ ഇവ സഹായിക്കും. മാത്രമല്ല, ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ വളരെ വേഗത്തില്‍ ആഗിരണം ചെയ്യാനും അനുവദനീയമായ അളവിലുള്ള കൊഴുപ്പ് സഹായിക്കും. എന്നാല്‍ എണ്ണ, നെയ്യ്, ചീസ്, വെണ്ണ തുടങ്ങിയവ അമിത അളവില്‍ നല്‍കാനും പാടില്ല.

പഴങ്ങളും പച്ചക്കറികളും ധാരാളം നല്‍കണം

കുട്ടികള്‍ക്ക് ദിവസം രണ്ടു പഴങ്ങളും കൂടെ ധാരാളം പച്ചക്കറികളും നല്‍കണം. വേവിക്കാത്ത പച്ചക്കറികള്‍ സാലഡ് രൂപത്തിലും അല്ലാത്തവ ഭക്ഷണത്തോടൊപ്പം വേവിച്ചും നല്‍കണം. ബേകറി, ജങ്ക് ഫുഡ് ഇനങ്ങള്‍ വല്ലപ്പോഴും മാത്രം നല്‍കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അമിതവണ്ണം രോഗങ്ങളിലേയ്ക്ക് നയിക്കുന്നു

ചെറിയ പ്രായത്തില്‍ തന്നെ അമിത വണ്ണമുള്ള കുട്ടികള്‍ പ്രായം കൂടുന്നതോടെ വലിയ രോഗാവസ്ഥകളിലേക്ക് കടക്കുന്നു. ഇത്തരക്കാരെ ജീവിതശൈലീ രോഗങ്ങള്‍ അതിവേഗത്തില്‍ പിടികൂടുന്നതിനും സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ശരീരത്തിലെത്തുന്ന അധിക കലോറി കളയുന്നതിനായി കുട്ടികളെ ചെറു വ്യായാമങ്ങള്‍ ചെയ്യാനായി ശീലിപ്പിക്കേണ്ടതാണ്.

Keywords: Tips to Help Children Maintain a Healthy Weight, Kochi, News, Healthy Weight, Children, Food, Health Tips, Health, Doctors, Warning, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia