Exam Fear | പരീക്ഷാ പേടിയുണ്ടോ? വിഷമിക്കേണ്ട, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ട്!

 


കൊച്ചി: (KVARTHA) പരീക്ഷാ കാലമാകുമ്പോള്‍ പല കുട്ടികള്‍ക്കും പേടിയാണ്. അത് മറ്റൊന്നുമല്ല, പ്രതീക്ഷിച്ച മാര്‍ക് കിട്ടുമോ, തോല്‍ക്കുമോ, അച്ഛനും അമ്മയും മാര്‍ക് കുറഞ്ഞാല്‍ വഴക്ക് പറയുമോ ഇതൊക്കെ ചിന്തിച്ചാണ് പല കുട്ടികള്‍ക്കും പരിഭ്രമം വരാറുള്ളത്. എത്ര പഠിക്കുന്ന കുട്ടികളാണെങ്കിലും പരീക്ഷ അടുക്കുമ്പോഴും പേപര്‍ കിട്ടുമ്പോഴും പരിഭ്രമിക്കുക പതിവാണ്.
 
Exam Fear | പരീക്ഷാ പേടിയുണ്ടോ? വിഷമിക്കേണ്ട, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ട്!

പലപ്പോഴും കുട്ടികളുടെ മാതാപിതാക്കളുടെ സമ്മര്‍ദമാണ് ഇതിന് പിന്നില്‍. ക്ലാസില്‍ ഒന്നാമനാകണമെന്നായിരിക്കും ഇവര്‍ കുട്ടിയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നത്. പ്രോഗ്രസ് റിപോര്‍ട് കയ്യില്‍ കിട്ടുമ്പോള്‍ മാര്‍ക് കുറഞ്ഞാല്‍ അത് ഈഗോ പ്രശ്‌നമായാണ് ചില മാതാപിതാക്കള്‍ കാണുന്നത്. ഇതാണ് അവര്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.

എന്നാല്‍ പരീക്ഷയെ കുറിച്ചുള്ള പേടി വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വരെ തകര്‍ത്തേക്കാവുന്ന ഒന്നാണെന്ന് വിദഗ്ധര്‍ പറയുന്നു. ചിലപ്പോള്‍ ഈ പേടി അവരെ പല രീതിയിലും ബാധിക്കാം. പരീക്ഷാ പേടിയും മാര്‍ക് കുറവുമെല്ലാം പല കുട്ടികളുടെയും ആത്മഹത്യകള്‍ക്ക് വരെ കാരണമായിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പരീക്ഷ പേടിയെ മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും.

എന്താണ് പരീക്ഷാ പേടി?


പരീക്ഷയ്ക്ക് മുമ്പ് കുട്ടികളിലോ കൗമാരക്കാരിലോ കണ്ടുവരുന്ന ഭയം, അസ്വസ്ഥത, ഉത്കണ്ഠ എന്നിവയാണ് പരീക്ഷാ പേടി(Exam Anxiety) എന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഒരു വ്യക്തിയുടെ പഠനശേഷിയെയും ഓര്‍മശക്തിയെയും വരെ പ്രതികൂലമായി ബാധിച്ചേക്കാം എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതുമൂലം പല കുട്ടികള്‍ക്കും പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ പരീക്ഷയ്ക്ക് മുമ്പ് ഉത്കണ്ഠ ഉണ്ടാകുന്നത് സാധാരണമാണെന്ന് വിദ്യാര്‍ഥികള്‍ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കൂടാതെ പരീക്ഷ പേടിയെ കൈകാര്യം ചെയ്യാന്‍ ഈ കാര്യങ്ങളും ഒന്നു പരീക്ഷിക്കാം.

ടൈംടേബിള്‍ അനുസരിച്ച് തയാറെടുക്കുക

ഏതൊരു വിദ്യാര്‍ഥിക്കും ആദ്യം വേണ്ടത് പരീക്ഷയ്ക്ക് നന്നായി പഠിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമാണ്. ഒരു ടൈംടേബിള്‍ പ്രകാരം പഠനം ആരംഭിക്കാന്‍ ശ്രമിക്കുക. പരീക്ഷയ്ക്ക് നന്നായി തയാറെടുത്തിട്ടുണ്ടെങ്കില്‍ തന്നെ ഈ പേടി താനെ കുറയും. കൂടാതെ ചെറിയ ഇടവേളകള്‍ എടുത്തുവേണം പഠിക്കാന്‍. ഇത് കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുകയും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പഠിക്കാന്‍ സഹായിക്കുകയും ചെയ്യും.

പകല്‍ സമയത്ത് പഠിക്കാന്‍ ശ്രമിക്കുക

പരമാവധി പകല്‍ സമയത്ത് പഠിക്കാന്‍ ശ്രമിക്കുക. സമയം വൈകുന്തോറും ശ്രദ്ധ വ്യതിചലിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും കുട്ടികള്‍ ഉത്കണ്ഠാകുലരാകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

ദിവസവും വ്യായാമം ചെയ്യുക

പരീക്ഷയ്ക്ക് മുമ്പ് ഉത്കണ്ഠ കുറയ്ക്കാന്‍ ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ വെള്ളവും കുടിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആണ് ഇതിലൂടെ ശ്രദ്ധിക്കേണ്ടത്. ഇതുവഴി കുട്ടികളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും ഊര്‍ജസ്വലരാകാന്‍ സഹായിക്കുകയും ചെയ്യും.

നെഗറ്റീവ് ചിന്തകളെ മാറ്റിനിര്‍ത്തുക

എപ്പോഴും സ്വയം പോസിറ്റീവായിരിക്കാന്‍ ശ്രമിക്കുക. നെഗറ്റീവ് ചിന്തകളെ മാറ്റി നിര്‍ത്തി നല്ല മനോഭാവത്തോടുകൂടി പരീക്ഷകളെ അഭിമുഖീകരിക്കുക. ഇതിലൂടെ പരീക്ഷാ പേടിയെ മറികടക്കാന്‍ ഒരു പരിധിവരെ സാധിക്കും.

Keywords:  Tips to Reduce Test Anxiety, Kochi, News, Education, Exercise, Test Anxiety, Students, Exam Tips, Drinking Water, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia