Kottayam 2024 | കോട്ടയത്ത് തീപാറും പോരാട്ടം; ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ; പ്രചാരണത്തിൽ മുന്നിലെത്തിയ തോമസ് ചാഴികാടന് തടയിടാൻ യുഡിഎഫ്; ഫ്രാൻസിസ് ജോർജിന്റെ 12 വർഷത്തിനിടെയുള്ള മുന്നണി മാറ്റങ്ങൾ ചർച്ചയാക്കി ഇടതുപക്ഷം; ബിഡിജെഎസ് അധ്യക്ഷൻ മത്സരിക്കുമ്പോൾ വോട് ചോരാതിരിക്കാൻ ബിജെപി

 


കോട്ടയം: (KVARTHA) കേരള കോൺഗ്രസുകളുടെ മത്സരം കൊണ്ട് ശ്രദ്ധേയമായ കോട്ടയത്ത് ഇത്തവണ ഇരുപാർടികൾക്കും അഭിമാന പോരാട്ടം. കണ്‍വീനറെ തന്നെ രംഗത്തിറക്കി എന്‍ഡിഎയും പോര് കടുപ്പിച്ചിട്ടുണ്ട്. കോട്ടയം എന്ന കോട്ട പിടിച്ചെടുക്കാനും നിലനിര്‍ത്താനും മുന്നണികള്‍ വൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തന്നെയാണ് പയറ്റുന്നത്. സമ്പൂര്‍ണ സാക്ഷര ജില്ലയായ കോട്ടയത്തെ എല്ലാ വിഭാഗം ജനങ്ങളെയും കയ്യിലെടുത്താണ് പ്രചാരണം.
  
Kottayam 2024 | കോട്ടയത്ത് തീപാറും പോരാട്ടം; ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ; പ്രചാരണത്തിൽ മുന്നിലെത്തിയ തോമസ് ചാഴികാടന് തടയിടാൻ യുഡിഎഫ്; ഫ്രാൻസിസ് ജോർജിന്റെ 12 വർഷത്തിനിടെയുള്ള മുന്നണി മാറ്റങ്ങൾ ചർച്ചയാക്കി ഇടതുപക്ഷം; ബിഡിജെഎസ് അധ്യക്ഷൻ മത്സരിക്കുമ്പോൾ വോട് ചോരാതിരിക്കാൻ ബിജെപി

കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബഹുദൂരം മുന്നിലാണ്. 'എ പ്ലസ് എം പി' എന്ന വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം എംപി ഫണ്ട് വിനിയോഗത്തില്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചുള്ള റോഡുകളുടെ വികസനത്തിലും റെയില്‍വേ വികസനത്തിലും ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണത്തിലും വരെ കേരളത്തിലെ 20 എംപിമാരില്‍ ഒന്നാമനാണ്. അഞ്ച് വര്‍ഷം കൊണ്ട് 284 പദ്ധതികൾ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയതായും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോർജാണ്. കോട്ടയത്ത് ആദ്യമാണെങ്കിലും മുമ്പ് 10 വര്‍ഷം ഇടുക്കി എംപിയായിരുന്നു. 1996, 98, 99, 2004, 2009 വര്‍ഷങ്ങളില്‍ ജോസഫ് ഗ്രൂപിനുവേണ്ടി ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ മത്സരിച്ചു. 1999-ലും 2004 ലും വിജയിച്ചു 10 വർഷം എംപിയായിരുന്നു. കേരള കോണ്‍ഗ്രസുകള്‍ തമ്മിലാണ് പോരാട്ടം എന്നതിനാല്‍ കൊണ്ടും കൊടുത്തും തന്നെയാണ് പ്രചാരണം.

കഴിഞ്ഞ തവണ യുഡിഎഫില്‍ മത്സരിച്ച് ജയിച്ച ചാഴികാടന്‍ ഇത്തവണ ഇടതുക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്നാണ് യുഡിഎഫ് ഉയർത്തുന്ന പ്രധാന ആരോപണം. എന്നാൽ തങ്ങളെ പുറത്താക്കിയതാണെന്ന് തെളിയിക്കുന്ന അന്നത്തെ യുഡിഎഫ് കണ്‍വീനറുടെയും ചെയര്‍മാന്‍റെയും വാർത്താസമ്മേളനങ്ങളുടെ വീഡിയോ പുറത്തിറക്കിയാണ് ചാഴികാടൻ ആരോപണത്തിന് മറുപടി നൽകിയത്. കൂടാതെ 2009നു ശേഷം 12 വര്‍ഷത്തിനിടയില്‍ നാല് തവണ മുന്നണിയും നാല് തവണ പാര്‍ടിയും മാറിയ ഫ്രാന്‍സിസ് ജോര്‍ജ് ഇനി വിജയിച്ചാല്‍ തന്നെ ബിജെപിയില്‍ പോകില്ല എന്നതിന് എന്താണ് ഉറപ്പെന്നാണ് ഇടതുപക്ഷത്തിന്‍റെ മറുചോദ്യം.

2009 ല്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫില്‍ അധികാര സ്ഥാനങ്ങള്‍ വഹിച്ച ശേഷം 2016 -ല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വീണ്ടും എല്‍ഡിഎഫിലേയ്ക്ക് മടങ്ങിയിരുന്നു. യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരള കോണ്‍ഗ്രസിലെ ചില പ്രധാന നേതാക്കളെയും ഒപ്പം കൂട്ടി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ച് കൊണ്ടായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് വിട്ടത്. വീണ്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുമ്പായി പാര്‍ടി മാറി യുഡിഎഫിലെത്തുകയും ചെയ്തത് പ്രചാരണ രംഗത്ത് ആയുധമാക്കാനാണ് ഇടതുപക്ഷ നീക്കം.

മറുവശത്ത് എന്‍ഡിഎ സഖ്യത്തിന്‍റെ കരുത്ത് തെളിയിക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ശ്രമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന പിസി തോമസ് നേടിയ 1.70 ലക്ഷം വോട്ടുകൾ മറികടക്കുകയാണ് ലക്ഷ്യം. ബിഡിജെഎസ് അധ്യക്ഷന്‍ മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്നത് കൊണ്ടുതന്നെ വോട് ചോർച്ച തടയാനാണ് ബിജെപി ശ്രദ്ധ പതിപ്പിക്കുന്നത്. വോട് കുറഞ്ഞാൽ ബിജെപി കാലുമാറിയെന്ന ആരോപണം ഉയരാം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്ഥാനാർഥിയായാണ് തുഷാര്‍ പരിഗണിക്കപ്പെടുന്നത്.

2014 ലായിരുന്നു കോട്ടയം മണ്ഡലം പുനര്‍നിര്‍ണയം നടന്നത്. പഴയ കോട്ടയത്തിന്റെ ഭാഗമായിരുന്ന കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടയിലേക്ക് പോയി. പകരം എറണാകുളത്തെ പിറവം കോട്ടയത്തെത്തി. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പിറവം, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Tough fight in Kottayam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia