തിങ്കളും ചൊവ്വയും രാജ്യം സാക്ഷ്യം വഹിക്കുക വലിയ പണിമുടക്കിന്; ജനജീവിതം സ്തംഭിക്കുമെന്ന് കരുതുന്ന പ്രക്ഷേഭത്തിനിടെ ആശുപത്രി, വിമാനത്താവളം, എന്നിവിടങ്ങളിലേക്ക് പോകാനാകുമോ? വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പങ്കെടുക്കാനാകുമോ? ഏതൊക്കെ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം? ബാങ്ക്, സര്‍കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുമോ? എല്ലാം അറിയാം

 


തിരുവനന്തപുരം: (www.kvartha.com 27.03.2022) ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ തിങ്കളും ചൊവ്വയും (28, 29 തീയതികളില്‍) സംയുക്ത തൊഴിലാളി സംഘടനകള്‍ ദേശീയ പണിമുടക്ക് സംഘടിപ്പിക്കുകയാണ്. സിഐടി യു, ഐഎന്‍ടിയുസി, എഐടിയുസി, എച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ്, എസ്ടിയു തുടങ്ങി കേന്ദ്ര തൊഴിലാളി സംഘടനകളുടെ സംയുക്തവേദിയാണ് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്. ബിജെപിയെ അനകൂലിക്കുന്ന ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. പണിമുടക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തിലാകാനാണ് സാധ്യത. കാരണം എല്ലാ തൊഴിലാളി സംഘടനകളും ഇവിടെ ശക്തമാണ്.

ആശുപത്രി, ആംബുലന്‍സ് സര്‍വീസ്, പാല്‍, പത്രം, എയര്‍പോര്‍ട്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വിവാഹം, സംസ്‌കാര ചടങ്ങുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരകളുടെ യാത്ര തുടങ്ങി അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

തിങ്കളും ചൊവ്വയും രാജ്യം സാക്ഷ്യം വഹിക്കുക വലിയ പണിമുടക്കിന്; ജനജീവിതം സ്തംഭിക്കുമെന്ന് കരുതുന്ന പ്രക്ഷേഭത്തിനിടെ ആശുപത്രി, വിമാനത്താവളം, എന്നിവിടങ്ങളിലേക്ക് പോകാനാകുമോ? വിവാഹം, ശവസംസ്‌കാരം എന്നിവയ്ക്ക് പങ്കെടുക്കാനാകുമോ? ഏതൊക്കെ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം? ബാങ്ക്, സര്‍കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുമോ? എല്ലാം അറിയാം

സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് തൊഴിലാളി സംഘടനകള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പക്ഷെ, ഗതാഗതം തടയില്ല. മോടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമായതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരില്‍ ഭൂരിപക്ഷവും ജോലിക്ക് എത്തില്ല. ഗതാഗത സൗകര്യം വളരെ പരിമിതമായിരിക്കും. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കുന്നുണ്ടെങ്കിലും ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസപ്പെടാന്‍ സാധ്യതയില്ല. സ്വകാര്യ ബസ് സമരം പിന്‍വലിച്ചെങ്കിലും അവരും പണിമുടക്കിന് പിന്തുണ നല്‍കുമെന്നാണ് അറിയുന്നത്.

വിമാനത്താവളങ്ങളിലേക്ക് അടക്കം പോകുന്ന ദീര്‍ഘ ദൂര യാത്രക്കാര്‍ ഭക്ഷണം, വെള്ളം എന്നിവ കരുതണം. സമരം കാരണം കടകളും ഹോടലുകളും തുറക്കാന്‍ സാധ്യതയില്ലെന്ന് പല ഹോടലുടമകളും പറയുന്നു. വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ കടകമ്പോളങ്ങള്‍ തുറന്നേക്കില്ല. ഹോടലുകള്‍, വ്യാപാരികള്‍, സംരഭകര്‍, എന്നിവരെ പണിമുടക്കില്‍ നിന്നും ഒഴിവാക്കണമെന്ന് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സംഘടനകള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സമാന്തര സര്‍വീസുകളും പണിമുടക്ക് ദിവസം വാഹനം നിരത്തിലിറക്കില്ല. ഓടോറിക്ഷ, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. അതേസമയം റേഷന്‍കടകള്‍ ഞായറാഴ്ച തുറക്കും.

പണിമുടക്ക് ഏതൊക്കെ ദിവസം? എന്താണ് കാരണം?

48 മണിക്കൂര്‍ ദൈര്‍ഘ്യമാണ് പണിമുടക്കിനുള്ളത്. മാര്‍ച് 27 ഞായര്‍ അര്‍ധ രാത്രി 12 മണിക്ക് ആരംഭിച്ച് 29 ചൊവ്വ അര്‍ധ രാത്രി 12 മണി വരെ വരെയാണ് പണിമുടക്ക്. കേന്ദ്രസര്‍കാരിന്റെ തൊഴില്‍ കോഡ് റദ്ദാക്കുക, അവശ്യ പ്രതിരോധ സേവന നിയമം പിന്‍വലിക്കുക, സമ്പന്നര്‍ക്കുമേല്‍ സമ്പത്ത് നികുതി (വെല്‍ത് ടാക്‌സ്) ചുമത്തുക, പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുള്ള കേന്ദ്ര എക്സൈസ് നികുതി വെട്ടിക്കുറയ്ക്കുക, വിലക്കയറ്റം തടയുക, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷം സംയുക്ത കിസാന്‍ മോര്‍ച സമര്‍പിച്ച അവകാശപത്രിക അംഗീകരിക്കുക, സ്വകാര്യവല്‍ക്കരണവും സര്‍കാര്‍ ആസ്തി വിറ്റഴിക്കലും നിര്‍ത്തിവയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം മേഖലകളിലെ സര്‍കാര്‍ നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുക, ദേശീയ പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.

മിനിമം കൂലി അനുവദിക്കുക, സാമൂഹിക സുരക്ഷ നടപ്പാക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ കൂട്ടുക മഹാമാരിയും അടച്ചുപൂട്ടലുകളും കാരണം ജോലിയും വരുമാനവുമില്ലാതായ തൊഴിലാളികള്‍ക്ക് നേരിട്ട് പണം നല്‍കുക, ആവശ്യക്കാര്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വെക്കുന്നു.

ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകള്‍, ലൈഫ് ഇന്‍ഷ്വറന്‍സ് സംഘടനകള്‍, കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകള്‍, തുറമുഖ തൊഴിലാളി സംഘടനകള്‍, ബിഎസ്എന്‍എല്‍ തൊഴിലാളി സംഘടനകള്‍, അധ്യാപക സംഘടനകള്‍, കേന്ദ്ര, സംസ്ഥാന സര്‍കാര്‍ ജീവനക്കാരുടെ സംഘടനകള്‍, റെയില്‍വേ തൊഴിലാളി സംഘടനകള്‍ ഇവരെല്ലാം പണിമുടക്കിന്റെ ഭാഗമാകും.

രണ്ട് ദിവസത്തെ പണിമുടക്കാണെങ്കിലും തുടര്‍ചയായി നാല് ദിവസം ബാങ്ക് ഇടപാടുകളെ ബാധിക്കും. നാലാം ശനിയാഴ്ചയായതിനാല്‍ 26 ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 27 ഞായറാഴ്ചയാണ്. തിങ്കളും ചൊവ്വയും പണിമുടക്കായതിനാല്‍ ബാങ്ക് പ്രവൃത്തിക്കില്ല. 30, 31 തിയതികളില്‍ പ്രവൃത്തി ദിനമാണ്. വാര്‍ഷിക കണക്കെടുപ്പിനായി ഏപ്രില്‍ ഒന്നിന് ബാങ്ക് അവധിയായിരിക്കും. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ ഒട്ടേറെ ബാങ്കിങ് ഇടപാടുകള്‍ നടക്കുന്ന സമയമാണ് പണിമുടക്ക് എന്നതും ഏറെ ശ്രദ്ധേയമാണ്. തുടര്‍ചയായി നാല് ദിവസം ബാങ്കിങ് പ്രവൃത്തനം തടസം നേരിടുന്നതിനാല്‍ എടിഎമുകളിലെ പണമിടപാടിനെയും ബാധിക്കും.

ഓണ്‍ലൈന്‍ ബാങ്കിങ് പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ വിശദീകരിക്കുന്നു. പുതുതലമുറ ബാങ്കുകളില്‍ സമരം ശക്തമാകില്ലെങ്കിലും ഗതാഗത സൗകര്യക്കുറവും മറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതും അവരുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കും.

Keywords:  Thiruvananthapuram, News, Kerala, Strike, Hospital, Airport, Bank, Trade unions National strike begins on Monday, All you Know about.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia